കേരളത്തിൽ പെട്രോളിൽ എഥനോൾ കൂടുന്നു; വാഹനങ്ങളുടെ മൈലേജ് കുറയുമോ? ഇ20 പെട്രോൾ ‘വണ്ടിനെയും’ ആകർഷിക്കും?
Mail This Article
കഴിഞ്ഞ രണ്ടു മാസമായി കേരളത്തിലെ എല്ലാ ഇന്ധന പമ്പുകളിലും വിൽക്കുന്നത് 15% എഥനോൾ ചേർത്ത പെട്രോൾ ആണ്. അതായത് പൂർണമായും 15% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണു കേരളവും. ഇതിനോടകം ഇന്ത്യയിലെ ഏറക്കുറെ എല്ലാ സംസ്ഥാനങ്ങളും തന്നെ 15% എഥനോൾ ചേർത്ത പെട്രോൾ വിൽപനയിലേക്കു മാറിക്കഴിഞ്ഞു. രണ്ടായിരത്തോളം പമ്പുകളുള്ള കേരളത്തിൽ ഏകദേശം 600 പമ്പുകളിൽ ഇ20 പെട്രോളും വിൽക്കുന്നുണ്ട്. കേന്ദ്രസർക്കാർ നിർദേശത്തിന്റെ ഭാഗമായി, 2025 ഏപ്രിൽ ഒന്നോടെ കേരളത്തിൽ എല്ലായിടത്തും ഇ20 പെട്രോൾ വിൽപന ആരംഭിക്കും. ഇ20 പെട്രോൾ വിതരണം കേരളത്തിൽ ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ 40% പമ്പുകളിലാണ് ഇ20 പെട്രോൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏകദേശം 130 പമ്പുകളിൽ 20% എഥനോൾ ചേർത്ത പെട്രോൾ വിതരണം ചെയ്യുമ്പോൾ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഏകദേശം 200ലധികം പമ്പുകളിലും ഭാരത് പെട്രോളിയം കോർപറേഷൻ അത്രതന്നെ പമ്പുകളിലും ഇ20 പെട്രോൾ വിതരണം ചെയ്യുന്നുണ്ട്.