നാസ നൽകിയത് 35,000 കോടി; എന്നിട്ടും സുനിത വില്യംസ് ബഹിരാകാശത്ത് കുടുങ്ങി; ബോയിങ്ങിനെ ‘തകർക്കുമോ’ മസ്ക്?
Mail This Article
നാസയുടെ രണ്ട് ബഹിരാകാശ സഞ്ചാരികൾ, ഇന്ത്യൻ വംശജ സുനിത വില്യംസും നേവി പൈലറ്റായിരുന്ന ബച്ച് വിൽമോറും, ബഹിരാകാശത്ത് കുടുങ്ങിയിട്ട് നാളുകളായി. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനർ പേടകത്തിനു സംഭവിച്ച തകരാറാണ് ഇരുവരെയും ബഹിരാകാശത്തു കുടുക്കിയത്. ഇവരെ എങ്ങനെ ഭൂമിയിലെത്തിക്കും എന്ന ചർച്ചയിലാണ് നാസയും ബോയിങ്ങും. ഇരുവരും എന്ന് തിരികെയെത്തുമെന്നു പോലും പറയാൻ നാസയ്ക്കോ ബോയിങ്ങിനോ സാധിച്ചിട്ടില്ല. 24 മണിക്കൂറുമെന്ന കണക്കിലാണ് രക്ഷാ ചർച്ചകൾ പുരോഗമിക്കുന്നത്. സ്റ്റാർലൈനറിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കിൽ രണ്ട് യാത്രികരും മറ്റൊരു പേടകത്തിൽ നാട്ടിലേക്ക് തിരിക്കേണ്ടിവരുമെന്നാണ് നാസ അധികൃതർ ഓഗസ്റ്റ് 7ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ബോയിങ്ങിന്റെ എതിരാളിയായ സ്‌പേസ് എക്‌സിന്റെ പേടകത്തിൽ യാത്രികരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ യാത്രികരുടെ ബഹിരാകാശ നിലയത്തിലെ താമസം ആറു മാസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്നും നാസ അധികൃതർ പറയുന്നു. സുനിതയും ബച്ചും ബഹിരാകാശത്ത് തങ്ങുന്ന ഓരോ ദിവസവും ബോയിങ്ങിനു മേൽ പതിക്കുന്ന ഓരോ ഉൽക്കയ്ക്കു തുല്യമാണെന്നു പറയേണ്ടി വരും. അത്രയേറെയാണ് അവര്‍ക്കു മേലുള്ള മസ്കിന്റെ ഭീഷണി.