കിളച്ചുമറിച്ച് ഉപ്പുസത്യഗ്രഹം തകർക്കാന്‍ ശ്രമിച്ച പൊലീസ്: ആഭരണം ഗാന്ധിജിക്ക് നല്കിയ പെൺകുട്ടി: അപ്പുക്കുട്ട പൊതുവാളിന്റെ ‘രഹസ്യ’ സമരവും
Mail This Article
‘‘വരിക വരിക സഹജരേ, സഹന സമരസമയമായ് കരളുറച്ചു കൈകൾ കോർത്തു കാൽനടയ്ക്കു പോക നാം...’’ ഒരു പിടി ഉപ്പുകൊണ്ട് ബ്രിട്ടിഷ് സാമ്രാജ്യത്തെ വിറളിപിടിപ്പിച്ച ഉപ്പുസത്യഗ്രഹ സമരനാളുകളിലേക്ക് ഒഴുകിയെത്തുകയാണ് വി.പി.അപ്പുക്കുട്ട പൊതുവാളുടെ ഓർമകൾ. ഉപ്പുസത്യഗ്രഹത്തിനു വേദിയായ കാസർകോട്ടെ ഒളവറ ഉളിയത്തുകടവിൽ നിൽക്കുമ്പോൾ പ്രായംമറന്ന് ഈ സ്വാതന്ത്ര്യസമര സേനാനി ആവേശം കൊള്ളുന്നു. വിദ്യാർഥിയായിരുന്ന നാളിൽ സാക്ഷ്യംവഹിച്ച ചരിത്രമുഹൂർത്തത്തിലേക്ക് സഞ്ചരിക്കുമ്പോൾ ഒരിടത്തു പോലും പൊതുവാളിന്റെ ഓർമ പതറില്ല. അത്രമേൽ തീക്ഷ്ണമായിരുന്നു സ്വാതന്ത്ര്യദിന ഓർമകളെല്ലാം. രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അപ്പുക്കുട്ട പൊതുവാളിന്റെ മനസ്സിലും പോരാട്ടത്തിന്റെ ആ നാളുകളുണ്ട്. അതിൽ ഗാന്ധിജിയെ കണ്ട ഓർമകളുണ്ട്. സ്വാതന്ത്ര്യത്തിനായി ‘രഹസ്യപ്പോരാളി’യായ അനുഭവങ്ങളുമുണ്ട്. വർഷങ്ങൾക്കു പിന്നിലുള്ള ആ കാലത്തേയ്ക്ക് അദ്ദേഹത്തിന്റെ കൈപിടിച്ച് ഒരു യാത്ര, ഈ സ്വാതന്ത്ര്യദിനത്തിൽ...