ചാലിയാറിൽ നിലയ്ക്കാതെ ശരീര ഭാഗങ്ങൾ: എങ്ങനെ തിരിച്ചറിയും പ്രിയപ്പെട്ടവരെ? ഈ അടയാളക്കല്ലുകളിലുണ്ട് സത്യം
Mail This Article
ഒരേസമയം ഭയപ്പെടുത്തുന്നതും നെഞ്ചുലയ്ക്കുന്നതുമായിരുന്നു ആ കാഴ്ച. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും അടക്കിയ ഇടമായിരുന്നു അത്. പരന്നുകിടക്കുന്ന ചെമ്മൺ പരപ്പിൽ അടുത്തടുത്തായി തലയുയർത്തി നിൽക്കുന്ന കൽക്കുറ്റികൾ. അവയിൽ വെളുത്ത പെയിന്റടിച്ചിരിക്കുന്നു. ഒപ്പം കറുത്ത ചായത്തിൽ ചില ഇംഗ്ലിഷ് അക്ഷരങ്ങളും സംഖ്യകളും എഴുതിയിരിക്കുന്നു. C10, N156... അങ്ങനെയങ്ങനെ. ഇനി ആ അജ്ഞാത ഭാഷയാണ് മരിച്ചവരുടെ മേൽവിലാസം. മുണ്ടക്കൈയിൽനിന്നും ചൂരൽമലയിൽനിന്നുമെല്ലാം കാണാതായവരെ അന്വേഷിച്ച് ആരെങ്കിലും വന്നാൽ ആ അക്ഷരങ്ങളും സംഖ്യയും നോക്കിവേണം തിരിച്ചറിയാൻ! വയനാട് ഉരുൾപൊട്ടലിൽ ഇരുനൂറിലേറെ പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നൂറിലേറെ പേരുടെ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ദുരന്തസ്ഥലത്തു നിന്ന് കിലോമീറ്ററുകൾ അകലെ ചാലിയാറിലും പോത്തുകല്ലിലും ഒഴുകിയെത്തിയത് മൃതദേഹങ്ങളായിരുന്നില്ല, മൃതദേഹ ഭാഗങ്ങൾ മാത്രമായിരുന്നു. ആരെന്നോ എന്തെന്നോ അറിയാതെ, തേടിവരാൻ ഉറ്റവരില്ലാതെ ദുരന്തം ബാക്കിവച്ചവർ. എന്നാൽ എന്നെങ്കിലും ഇവരെ തേടി എത്തുന്നവരുണ്ടാകില്ലേ? അവരെങ്ങനെ തിരിച്ചറിയും തങ്ങളുടെ പ്രിയപ്പെട്ടവരെ?