ഇൻസ്റ്റഗ്രാമിൽ ഫോട്ടോയിട്ടു, പിന്നെ കണ്ടത് കൗമാരക്കാരിയുടെ നഗ്നവിഡിയോ: ഒപ്പം ഒളിക്യാമറ ദുരന്തം: ഇടപെട്ട് പ്രസിഡന്റും
Mail This Article
സീൻ –1. ക്ലാസിൽ ഇരിക്കുമ്പോഴാണ് ബോങ് ചായോട് (യഥാർഥ പേരല്ല) കൂട്ടുകാരികൾ ആ ഞെട്ടിപ്പിക്കുന്ന വിവരം പറഞ്ഞത്, അവളുടെ നഗ്നദൃശ്യങ്ങൾ ടെലഗ്രാമിലൂടെ പ്രചരിക്കുന്നു, ഒട്ടേറെ ഗ്രൂപ്പുകളിലൂടെ ദൃശ്യങ്ങൾ നിരവധി പേരിലേക്ക് എത്തിയെന്നും കൂട്ടുകാരികൾ പറഞ്ഞതോടെ അവൾ തളർന്നുപോയി. പിന്നാലെ ആ ദൃശ്യങ്ങൾ കൂടി കണ്ടതോടെ ലോകം അവസാനിച്ചിരുന്നെങ്കിലെന്നു തോന്നിയ നിമിഷം, അവളെ ആശുപത്രിയിലേക്ക് മാറ്റി. പഠിക്കാൻ മിടുക്കിയായിരുന്ന അവളെ ആരൊക്കെയോ ചേർന്ന് തകർക്കുകയായിരുന്നു. ദക്ഷിണ കൊറിയയിലെ മുൻനിര സർവകലാശാലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ‘സെക്സ് മാഫിയാ’ സംഘത്തിന്റെ ഇരയായി മാറുകയായിരുന്നു അവൾ. സീൻ –2. ഓഗസ്റ്റ് 31 ശനിയാഴ്ച. ഒരു അജ്ഞാത ടെലഗ്രാം അക്കൗണ്ടിൽ നിന്ന് ഹീജിന്റെ (യഥാർഥ പേരല്ല) ഫോണിലേക്ക് ഒരു സന്ദേശം വന്നു,– ‘നിങ്ങളുടെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും ചോർന്നു. നമുക്ക് ചർച്ച ചെയ്യാം.’ സന്ദേശത്തിന്റെ വിവരങ്ങൾ അറിയാനായി സർവകലാശാല വിദ്യാർഥിനി കൂടിയായ അവർ ചാറ്റ് റൂമിൽ പ്രവേശിച്ചപ്പോൾ ആ കാഴ്ച കണ്ട് ഞെട്ടി. വർഷങ്ങൾക്ക് മുൻപ് അവൾ സ്കൂളിൽ പഠിക്കുമ്പോൾ എടുത്ത ഒരു ഫോട്ടോ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ നിർമിച്ചിരിക്കുന്നു. ടെലഗ്രാമിൽ ആ ഫോട്ടോ കാട്ടുതീ പോലെയാണ് പ്രചരിക്കുന്നത്. ഡിജിറ്റൽ ലോകത്തെ നെറികേടിനെതിരെ അവൾക്കോ ബന്ധപ്പെട്ടവർക്കോ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ! ദക്ഷിണ കൊറിയയിൽ ഇത്തരത്തിലുള്ള നിരവധി വിദ്യാർഥികളുടെയും യുവതികളുടെയും നഗ്നദൃശ്യങ്ങൾ ടെലഗ്രാം പോലുള്ള മെസേജിങ് ആപ്പുകൾ വഴി പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ ഒടുവിൽ പ്രസിഡന്റിനു പോലും ഇടപെടേണ്ടി വന്നു. ഉന്നതതല അന്വേഷണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികളെ മാനസികമായി തളർത്തുന്ന ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലാരാണ്? എന്താണ് ദക്ഷിണ കൊറിയയിൽ സംഭവിക്കുന്നത്? എന്താണ് ഡീപ്ഫേക്ക് സെക്സ്? ഇതിൽ ടെലഗ്രാമിനുള്ള പങ്കെന്താണ്? ഇന്ത്യയും കരുതലോടെ ഇരിക്കേണ്ട സമയമായോ?