‘തുല്യം’ വയ്ക്കാനാകില്ല ഈ നേട്ടം: 75–ാം വയസ്സിൽ പ്ലസ് ടു ജയം! സാവിത്രിയമ്മ പറയുന്നു: ‘നിങ്ങള്‍ക്കും സാധിക്കും’; ഇതാ വഴി
Mail This Article
സാവിത്രിയമ്മ പഠിക്കുന്ന കാലത്ത് പ്ലസ് ടു ഇല്ല. അന്നുപക്ഷേ, ഇന്നത്തേതു പോലെ പത്താംതരം പരീക്ഷയ്ക്കു വലിയ വിലയുണ്ട്. എന്തുവില കൊടുക്കും പഠിച്ചു ജയിച്ചേ മതിയാകൂ എന്ന മട്ടിലായിരുന്നു എല്ലാവരും പഠിച്ചിരുന്നതും. ജയിച്ചാൽ ജോലിയൊക്കെ പുട്ടുപോലെ കിട്ടുമെന്നു കരുതിയിരുന്ന കാലം. സാവിത്രിയമ്മയും പഠിച്ചത് അത്തരമൊരു സ്വപ്നം മനസ്സിലേറ്റിയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായെത്തിയ ചില ആരോഗ്യപ്രശ്നങ്ങൾ. പത്താം തരത്തിൽ പഠിക്കുന്നതിനിടെ നാലു മാസത്തോളം ക്ലാസിനു പോലും പോകാൻ പറ്റിയില്ല. അതോടെ പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തു. പിന്നീട് പഠിക്കാനും സാധിച്ചില്ല. ‘അതെന്തേ സാധിച്ചില്ല’ എന്നു തിരിച്ചു ചോദിക്കാൻ വരട്ടെ. വർഷങ്ങൾക്കു മുൻപു നടന്ന കഥയാണിത്. സാവിത്രിയമ്മയ്ക്ക് ഇന്ന് 75 വയസ്സുണ്ട്. അക്കാലത്തെ സാഹചര്യങ്ങളിൽ പെൺകുട്ടികൾക്കു 10 വരെ പഠിക്കാൻ സാധിച്ചതുതന്നെ വലിയ കാര്യമാണെന്നു പറയേണ്ടി വരും. പക്ഷേ വർഷങ്ങൾക്കിപ്പുറം തന്റെ സ്വപ്നം അവർ നേടിയെടുത്തു. പത്തല്ല, പ്ലസ് ടു തന്നെ എഴുതിയെടുത്തു; മലപ്പുറം ജില്ലയിലെ ഏറ്റവും പ്രായം കൂടിയ തുല്യതാ പ്ലസ്ടു വിജയിയാണിന്ന് പുന്നപ്പാല പടവെട്ടി സാവിത്രിയമ്മ. സെപ്റ്റംബർ എട്ടിന് ലോകം സാക്ഷരതാദിനം ആചരിക്കുമ്പോൾ സാവിത്രിയമ്മയുടെ കഥ പുതുതലമുറയ്ക്കു പോലും ഒരു പാഠപുസ്തകമാവുകയാണ്. എങ്ങനെയാണ് ഈ സ്വപ്നനേട്ടത്തിലേക്ക് അവർ എത്തിയത്?