അന്ന് അമ്മ ഇറക്കിവിട്ടു: ‘നീ വീടിന് നാണക്കേട്’: ഇന്ന് ജയ്സൺ ദേശീയ ചാംപ്യൻ; കരുത്തായത് അവൾ മാത്രം!
Mail This Article
ചേർത്തു നിർത്താൻ ഒരാളോ, കൈപിടിച്ചു ചേർക്കാൻ ഒരു മനസ്സോ ഉണ്ടെങ്കിൽ ചിറകുവീശി പറന്നുയരുമായിരുന്ന ആയിരങ്ങളുണ്ട് നമ്മുടെ സമൂഹത്തിൽ. ഇപ്പോഴും കേരളമടക്കം ചേർത്തുനിർത്താൻ മടികാണിക്കുന്ന ആളുകളാണു ട്രാൻസ്ജെൻഡർ വ്യക്തികൾ. കൃത്യമായ ബോധവൽക്കരണമോ, ലക്ഷ്യബോധമോ അവർക്കു നൽകാൻ പലപ്പോഴും അവരുടെ കുടുംബത്തിനുപോലും കഴിയാറുമില്ല. പക്ഷേ എല്ലാ അവഗണനകളെയും അടിച്ചമർത്തലുകളെയുമൊക്കെ ഭേദിച്ച് തന്റെ ഇടം കൃത്യമായി അടയാളപ്പെടുത്തിയ ധാരാളം ട്രാൻസ് വ്യക്തികളുണ്ട് നമുക്കുചുറ്റും. അനുഭവിച്ച സങ്കടങ്ങളെല്ലാം മുന്നോട്ടുള്ള വഴിയിൽ കരുത്താക്കാൻ കൂടെക്കൂട്ടുന്നവർ. അത്തരത്തിലൊരാൾ പത്തനംതിട്ടയിലെ ചിറ്റാറിലുണ്ട്. കേരളത്തിലോ എന്തിന് ചിറ്റാറിലെ അയൽക്കാർക്കുപോലുമോ ഒരുപക്ഷേ ആ നേട്ടത്തിന്റെ തിളക്കമറിയില്ല. ആളിന്റെ പേര് ജയ്സൺ. നേടിയത് മിസ്റ്റർ ഇന്ത്യ ട്രാൻസ്മെൻ ബോഡി ബിൽഡർ ടൈറ്റിൽ വിജയം. അതെ, വർഷങ്ങൾ കൊണ്ടു വാർത്തെടുക്കുന്ന മസിലുകളുടെയും ശരീരഭംഗിയുടെയും മികവിൽ പുരുഷന്മാർ നേടുന്ന അതേ വിജയം. മാനദണ്ഡങ്ങളിലും മത്സരനിർണയത്തിലും അൽപം വ്യത്യാസങ്ങളുണ്ടെങ്കിലും ശരീരഭംഗിയുടെയും അളവുകളുടെയും കാര്യത്തിൽ കടുകിട വിട്ടുവീഴ്ചയില്ല, ട്രാൻസ്മെൻ വിഭാഗത്തിലും. 2024 മേയ്19ന് ഈ വിജയം നേടുന്നതുവരെ ജയ്സൺ കടന്നുവന്ന സങ്കടക്കടൽ പക്ഷേ അത്ര ചെറുതല്ല. ഇനി നീന്തിക്കയറാൻ മുന്നിലുള്ളതും ചുഴികളും വമ്പൻ തിരമാലകളുമേറെയുള്ള ജീവിതക്കടലാണ്. അതുംപക്ഷേ ജയ്സൺ മറികടക്കും. അതിനുള്ള നെഞ്ചുറപ്പോടെയാണ് ഇക്കാലമത്രയും അദ്ദേഹം ജീവിതത്തോടു പോരാടിയതും. ഇപ്പോൾ ഒപ്പം ഒരാൾ കൂട്ടിനുമുണ്ട്.