പൂക്കളം ഒരുക്കുന്ന പൊന്നോണപ്പാട്ടുകൾ – ഡോ. സജിത്ത് ഏവൂരേത്ത് എഴുതുന്നു
Mail This Article
നനഞ്ഞൊലിച്ച് കൊയ്തുകേറി കളം നിറച്ചുവയ്ക്കുന്ന കറ്റക്കെട്ടുകളാണ് കര്‍ക്കിടകത്തിന്റെ സമ്പാദ്യം. ദുരിതകാലമെന്ന് തോറ്റി, പൊട്ടിയെ പടിയടച്ച്, ശീവോതിയെ കൊട്ടിപ്പാടി അകത്തേറ്റുന്നു. കളിക്കാന്‍ കൂട്ടില്ലാത്ത കാലത്ത് ഊഞ്ഞാല്‍പ്പാട്ടും ഓണപ്പാട്ടും ഇല്ലാതിരുന്ന ഒറ്റപ്പെട്ട ബാല്യത്തില്‍ പാട്ടുകൂട്ടായ കഥയാണ് പറയുന്നത്. വള്ളിനിക്കറിട്ട് നടക്കുന്ന കാലത്താണ് ഓണത്തോട് എനിക്ക് വല്ലാത്ത പ്രണയം തോന്നുന്നത്. കൊയ്ത്തും മെതിയും എള്ളും കറ്റയുമൊക്കെയുള്ള കാലം. അന്നേ കൂട്ടും സെറ്റുമൊന്നുമില്ല. പാട്ടാണ് എപ്പോഴും കൂട്ടുകാരന്. അച്ഛന് ജോലി സ്ഥലത്തുനിന്നു കൊണ്ടുവന്ന പഴയ തോഷിബ റേഡിയോ മുറിപ്പുറത്തെ അരമതിലില്‍ പൊട്ടിയും ചീറ്റിയും ചിതറിയും ചിലമ്പിച്ചുമൊക്കെ പാടുന്ന പാട്ടുകളിലായിരുന്നു ജീവിതത്തിന്റെ വസന്തവും ശിശിരവും ഹേമന്ദവുമൊക്കെ കടന്നുപോയിരുന്നത്. അത്തം മുതലേ അയലത്തുള്ള കുട്ടികളൊക്കെ പൂക്കളിറുക്കുവാന്‍ വീട്ടുതൊടിയിലെത്തും. ഓരോ ദിവസവും അവര്‍ പൂക്കളത്തിന്റെ നിറങ്ങളിലും വളയങ്ങളിലും ഓരോ എണ്ണം കൂട്ടും. വാഴപ്പിണ്ടി ചെറുതായി മുറിച്ച് കളത്തിനു നടുവില്‍ കുഴിച്ചിട്ട്, അതില്‍ നിറയെ ചോര തുടിപ്പന്‍ ചെമ്പരത്തിപ്പൂക്കള്‍ കുത്തിനിര്‍ത്തും. അപ്പോള്‍ അവരുടെ മുഖങ്ങള്‍ കാണേണ്ടതു തന്നെ. പൂവിനെപ്പോലെ ചുവന്നു തുടുത്തിരിക്കും. അന്നും ഇന്നും പൂക്കളമിടുന്നതിനോട് എനിക്കു താല്പര്യമില്ല. മറ്റൊന്നും കൊണ്ടല്ല... പ്രകൃതി, ചെടികള്‍ക്കു നല്കിയ മനോഹരമായ അലങ്കാരങ്ങള്‍, മനുഷ്യന് അവനുവേണ്ടി പറിച്ചെടുത്ത്