പിഴയില്ലാതെ നാട്ടിലെത്താം; 24 മണിക്കൂറിൽ നടപടി; യുഎഇയിൽ തുടരാനും അവസരം; പൊതുമാപ്പിന് എങ്ങനെ അപേക്ഷിക്കാം?
Mail This Article
വീസ കാലാവധി കഴിഞ്ഞ ശേഷവും യുഎഇയിൽ തുടർന്നതിന്റെ പേരിൽ പിടിക്കപ്പെട്ട് ജയിലുകളിലോ നാടുകടത്തൽ കേന്ദ്രങ്ങളിലോ കഴിയുന്നവർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയത് ഇരുപതിനായിരത്തിലേറെ പേർ. യുഎഇ വിടാതെത്തന്നെ താമസം നിയമപരമാക്കുന്നതിനുള്ള സുവർണാവസരമാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിഷ് ഒരുക്കിയിരിക്കുന്നത്. യുഎഇയിൽതന്നെ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും പൊതുമാപ്പു നിയമം നൽകുന്നുണ്ട്. വീസ നിയമലംഘനത്തിന്റെ പേരിൽ മടക്കയാത്ര മുടങ്ങിയ പ്രവാസികൾക്ക് യുഎഇ അനുവദിച്ച പൊതുമാപ്പ് സെപ്റ്റംബർ ഒന്നിനാണു തുടങ്ങിയത്. ഒക്ടോബർ 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. അനധികൃത താമസവുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങൾക്കും ഇളവു നൽകുന്ന പൊതുമാപ്പ് കാലത്ത് നിയമലംഘകർക്ക് സുരക്ഷിതരായി സ്വന്തം രാജ്യത്തേക്കു മടങ്ങാനാകും. വീസ രേഖകൾ നിയമാനുസൃതമാക്കുകയോ പുതിയ വീസയിൽ യുഎഇയിലേക്കു മടങ്ങി വരികയോ ചെയ്യാം...