‘ഒരു കുട്ടിക്കും ഇങ്ങനൊരു ബാല്യം കൊടുക്കരുത്; അന്ന് അടിച്ചതോർത്ത് അമ്മയും ഞാനും ചിരിക്കും; ഒട എന്റെ ശ്വാസമാണ്’
Mail This Article
ജിൻഷ ഗംഗ എന്ന പേര് മലയാള സാഹിത്യ ലോകം കേൾക്കാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. എന്നാൽ ഇത്രയും ചുരുങ്ങിയകാലം കൊണ്ട് വായനക്കാർ അത്രമേൽ സ്നേഹത്തോടെ ആശ്ലേഷിച്ച മറ്റൊരാൾ ഈയടുത്തകാലത്ത് നമ്മുടെ എഴുത്തുവഴിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്. വേറിട്ട കഥകളുടെ മാത്രം കരുത്തിൽ മലയാളിയുടെ വായനാഭൂമികയിൽ തന്റേതായ ഇടം സൃഷ്ടിച്ചെടുത്ത എഴുത്തുകാരിയാണ് കണ്ണൂർ ജില്ലയിലെ മഴൂർ എന്ന ഗ്രാമത്തിൽ നിന്നെത്തുന്ന ജിൻഷ ഗംഗ. എം.കോം പഠനം കഴിഞ്ഞ് ഇപ്പോൾ തളിപ്പറമ്പ് ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപിക ആണ് ജിൻഷ. അമ്മ ഗീത, അച്ഛൻ ഗംഗാധരൻ എന്നിവരെക്കൂടാതെ അമ്മാമ മാധവിയും അനിയത്തി ഉണ്ണിമായയും ആണ് ജിൻഷയ്ക്കൊപ്പം വീട്ടിലുള്ളത്. 9 കഥകളാണ് ‘ഒട’ എന്ന ജിൻഷയുടെ പ്രഥമ കഥാസമാഹാരത്തിലുള്ളത്. ‘കഥ കടലിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ട് പിന്നാലെ ഓടാനാവാതെ തീരത്തു നിന്ന് ആർത്തുകരയുന്ന കുട്ടിയായി ഞാൻ മാറി. കടൽ പിന്നെയും ഇരമ്പി, തീരം വലുതായി, കാലം മാറി. പിന്നെയെപ്പഴോ, ജീവിതത്തിൽ മറ്റൊന്നും ഇല്ലാതായെന്ന തോന്നലുണ്ടായപ്പോൾ, തളർന്നു പോയേക്കാവുന്ന ആ കുട്ടിയുടെ മുന്നിലേക്ക് പണ്ട് കൊണ്ടുപോയ കഥകൾ ഓരോന്നായി കടൽ തിരികെത്തന്നു’. പുസ്തകത്തിന്റെ ആമുഖത്തിൽ ജിൻഷ എഴുതിയിട്ടുള്ള ഈ വരികളിൽ തന്നെ ആ ജീവിതവും കഥകളുമുണ്ട്. ‘ഏത് ജാതീലുള്ളവനും ഏത് മതത്തിലുള്ളവനും ആണിനും പെണ്ണിനും കറുത്തവനും വെളുത്തവനും ഒക്കെ ഒരുപോലെ സങ്കടങ്ങൾ പറയാനും തൊട്ട് തൊഴാനും ജീവനുള്ള ദൈവങ്ങൾ ഉണ്ടായി’ എന്ന തെയ്യം മുന്നോട്ടുവയ്ക്കുന്ന മാനവിക പ്രത്യയശാസ്ത്രത്തിന്റെ നേർരൂപമായ പണിക്കരുടെ ജീവിതം പല തലമുറകളിലൂടെ ‘ഒട’ എന്ന കഥയിൽ ജിൻഷ അവതരിപ്പിക്കുമ്പോൾ ഉത്തരമലബാറിലെ ഒരു കാവിൽ തെയ്യം കണ്ടിറങ്ങിയ നിറവിലായി മാറും വായനക്കാർ.