ആ ഇന്നോവയുടെ നീല ലൈറ്റ് പിന്തുടർന്ന് അവർ മേവാത്തിൽ എത്തി! പൊലീസുകാരൻ തലവന്റെ എടിഎം തിരുട്ടു ഗ്രാമം; മിഷൻ ഷിക്കാർപൂർ 2017
Mail This Article
‘‘നിങ്ങളെ അവർ കൊല്ലും, എന്നെയും കൊല്ലും ! ഉള്ള സമയം കളയാതെ രക്ഷപെടാൻ നോക്ക്, സത്യമാണ് ഞാൻ പറയുന്നത് ’’ തന്നെ വളഞ്ഞു പിടിച്ച പൊലീസുകാരോട് കരഞ്ഞു പറയുമ്പോൾ സുരേഷ് വിറയ്ക്കുന്നുണ്ടായിരുന്നു. 2017. കേരളത്തിൽ പല സ്ഥലങ്ങളിൽ നടന്ന എടിഎം കവർച്ച നടത്തിയ സംഘത്തിലെ അംഗവും ഡ്രൈവറും സുരേഷാണ്. ചെങ്ങന്നൂർ സ്വദേശി, ഡൽഹി നിവാസി. ആ സുരേഷിനെ ഡൽഹിക്കടുത്തുള്ള ഇഫ്കോ ചൗക്കിലെ വീട്ടില്‍ നിന്ന് കേരള പൊലീസിലെ പ്രത്യേക ദൗത്യ സംഘം പിടിച്ചു. അപ്പോഴാണ് സുരേഷ് ഈ മുന്നറിയിപ്പു നൽകിയത്. കവർച്ചക്കേസുകളിലെ പ്രതിയാണ് സുരേഷ്, പിടിച്ചത് പൊലീസുകാരും. സുരേഷിന്റേത് വിരട്ടലോ അതോ മലയാളിപ്പൊലീസിനുള്ള മുന്നറിയിപ്പോ?. ‘‘കൊന്നാലും നിന്നെ ഞങ്ങൾ വിടില്ല’’. ആലപ്പുഴ സ്ക്വാഡിലെ വിനിൽ തിരിച്ചടിച്ചു. ‘‘വിരട്ടണ്ട, ആ ഖാനല്ലേ നിങ്ങളുടെ മെയിൻ കക്ഷി. അവനെയും കൊണ്ടേ ഞങ്ങൾ പോകൂ’’. പൊലീസുകാർ പറഞ്ഞു. ഇതിനിടെ സുരേഷിന്റെ കാലും കയ്യും കൂട്ടിക്കെട്ടി. സുരേഷ് എതിർത്തില്ല, തിരിച്ച് ആക്രമിച്ചുമില്ല. പക്ഷേ വീണ്ടും പറഞ്ഞു. ‘‘നിങ്ങൾ എവിടെ ആണെന്ന് അവർ മനസ്സിലാക്കി. അവർ മേവാത്തിലുണ്ട്. മേവാത്തികളാണ്. എന്തും ചെയ്യും. നിങ്ങളെ കൊല്ലും, എന്നേം കൊല്ലും. പോ പോ...’’