യുട്യൂബ് വരുമാനം 6000 കോടി, ആരാധകർക്ക് ജെറ്റും ഫ്ലാറ്റും കാറും ക്യാഷും...; ഒടുവിൽ കുരുക്കായി ലൈംഗികപീഡന ‘ഗെയിം ഷോ’
Mail This Article
വിരൽത്തുമ്പിന്റെ നിയന്ത്രണത്തിൽ ഒട്ടേറെ വിഡിയോകൾ മിന്നി മായുന്ന ഇക്കാലത്ത് യുട്യൂബിൽ താരമായി നിൽക്കുക അത്ര എളുപ്പമല്ല. പക്ഷേ, വ്യത്യസ്തമായ വിഡിയോകളിലൂടെ യുട്യൂബിൽ ഏറ്റവും ജനകീയമായി മാറിയ ഒരു അക്കൗണ്ടുണ്ട് – ‘മിസ്റ്റർ ബീസ്റ്റ്’. അതെ, ലോകത്ത് ഏറ്റവുമധികം പേർ പിന്തുടരുന്ന യുട്യൂബ് അക്കൗണ്ട്. 31.7 കോടിയിലേറെ പേരാണ് ഈ അക്കൗണ്ട് പിന്തുടരുന്നത്. അതായത്, മിസ്റ്റർ ബീസ്റ്റ് എന്ന യുട്യൂബ് അക്കൗണ്ട് ഒരു രാജ്യവും അതിന്റെ സബ്സ്ക്രൈബർമാർ അവിടുത്തെ ജനങ്ങളുമാണെങ്കിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ രാജ്യമാകും അത്. ഇന്തൊനീഷ്യ, റഷ്യ, ജപ്പാൻ, ബ്രസീൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളേക്കാൾ ജനസംഖ്യയുള്ള രാജ്യം! യുട്യൂബിൽ നിന്ന് പ്രതിവർഷം 70 കോടിയിലേറെ ഡോളർ സമ്പാദിക്കുന്നതായാണ് മിസ്റ്റർ ബീസ്റ്റിന്റെ അവകാശവാദം. ഇന്ത്യൻ രൂപയിൽ 6000 കോടിയോളം വരും. യുഎസിലെ കാൻസസിൽനിന്നുള്ള ജയിംസ് ഡൊണാൾഡ്സൻ എന്ന യുവാവാണ് ഈ യുട്യൂബ് അക്കൗണ്ടിനു പിന്നിൽ പ്രവർത്തിക്കുന്നത്. പലർക്കും ലക്ഷക്കണക്കിനു രൂപ വാരിവിതറിക്കൊടുത്ത് അതിന്റെ വിഡിയോ എടുത്തും പ്രശസ്തനായിട്ടുണ്ട് ബീസ്റ്റ്. പക്ഷേ, അടുത്തിടെ ഈ ഇരുപത്തിയാറുകാരൻ വാർത്തകളിൽ നിറഞ്ഞത് മറ്റൊരു കാരണം കൊണ്ടാണ്.