ഇറാന്റെ നടുവൊടിക്കും ആക്രമണത്തിന് ഇസ്രയേൽ; എണ്ണ, സ്വർണവില കുതിക്കുന്നു; തിരിച്ചാക്രമിച്ചാൽ എല്ലാം താളംതെറ്റും
Mail This Article
ഇസ്രയേലിനെതിരായ ഇറാന്റെ അപ്രതീക്ഷിത വ്യോമാക്രമണം ലോക രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ലബനനിലെ ഹിസ്ബുല്ലയുമായും ഗാസയിൽ ഹമാസുമായും ഇസ്രയേൽ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇറാന്റെയും ആക്രമണം. മധ്യപൂര്‍വേഷ്യയും പശ്ചിമേഷ്യയും കൂടുതൽ സംഘർഷങ്ങളിലേക്ക് പോകുകയാണോ എന്ന ആശങ്കയും ശക്തമായിക്കഴിഞ്ഞു. ഇസ്രയേലിനെതിരെ ഇറാൻ സ്വീകരിച്ചിരിക്കുന്ന ആക്രമണാത്മക നിലപാട് ഇന്ധന വിപണിയെ എങ്ങനെ ബാധിക്കുമെന്നും ഏവരും ഉറ്റുനോക്കുന്നു. ആണവ പ്ലാന്റുകളിലും എണ്ണ ഖനന പ്രദേശങ്ങളിലും ആക്രമണം നടത്തി ഇറാനെ സാമ്പത്തികമായി തളർത്താനാണ് ഇസ്രയേൽ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ ഇറാൻ– ഇസ്രയേൽ സംഘർഷം ശക്തമായാൽ അത് രാഷ്ട്രീയമായും സാമ്പത്തികമായും വൻ പ്രതിസന്ധികൾക്കും വഴിവച്ചേക്കും. ലോകത്തിലെ വലിയ എണ്ണ ഉൽപാദകരിൽ ഒന്നായ ഇറാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന നീക്കങ്ങൾ രാജ്യാന്തരതലത്തിൽ വിപണികളെ പിടിച്ചുലയ്ക്കുമോ? ഇറാനെതിരെ യുഎസ് ഉൾപ്പെടെ ഉപരോധം ശക്തമാക്കിയാൽ വിപണിയിൽ എന്തു സംഭവിക്കും? ഇറാന്റെ എണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ എത്രത്തോളം വിഹിതമുണ്ട്? എണ്ണ വിപണിയിലെ പ്രതിസന്ധി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ എങ്ങനെ ബാധിക്കും?