മഹാബലിയെയും വാമനനെയും തൊഴുന്ന ‘ദിവ്യദേശം’; വഴിപാടായി കരിവളയും ചാന്തും; ഇത് ഭഗവാൻ കാൽ തൊട്ട മണ്ണ്
Mail This Article
പെയ്തൊഴിഞ്ഞ മഴയിൽ ഇടതൂർന്ന് നിൽക്കുന്ന മരങ്ങളിലെ ഇലച്ചാർത്തുകളിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ. പെയ്യാൻ വെമ്പുന്ന കാർമേഘക്കെട്ടുകൾ, ചുറ്റും മുഴങ്ങുന്ന അമ്പല മണികൾ, കാറ്റിലാകെ പടരുന്ന കർപ്പൂര ഗന്ധം, മെല്ലെയിളകുന്ന ദീപനാളങ്ങൾ. നടകളിൽ തൊട്ടു നമസ്ക്കരിച്ച് നാലമ്പലത്തിലേക്കൊഴുകുന്ന ഭക്തർ. കൈകൾ കൂപ്പി ഭക്തിയുടെ പരകോടിയിലെത്തി നിൽക്കുന്നവർക്ക് ഒരേയൊരു ലക്ഷ്യം മാത്രം. അനുഗ്രഹമരുളുന്ന തൃക്കാക്കര വാമനമൂർത്തിയുടെ ദർശനം. തൃക്കാക്കരയപ്പന്റെ സന്നിധിയിലേക്കാണ് ഈ യാത്ര. തിരുവോണത്തിന്റെ പുണ്യമായ തൃക്കാക്കരയിലാണ് മലയാളിയുടെ ഓണത്തിന്റെ അടിസ്ഥാന സങ്കൽപം. ലോകത്തിലെ തന്നെ അപൂർവ വാമനമൂര്‍ത്തി ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം. തമിഴ് വൈഷ്ണവ ഭക്തകവിയായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം. മഹാബലിയെയും വാമനനെയും ഒരുപോലെ ആരാധിക്കുന്ന ക്ഷേത്രമാണിത്. മഹാബലിയെ ചവിട്ടിത്താഴ്ത്താനായി കാലുയര്‍ത്തി നില്‍ക്കുന്ന വാമനമൂര്‍ത്തിയുടെ ത്രിവിക്രമ രൂപത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. മഹാബലി ആരാധന നടത്തിയിരുന്ന ക്ഷേത്രമായ തൃക്കാക്കര ക്ഷേത്രത്തിൽ വാമനൻ അവതരിച്ച് ലക്ഷ്യം പൂർത്തീകരിച്ചതോടെ വാമനനെ പ്രതിഷ്ഠിക്കുകയായിരുന്നത്രെ. അതേസമയം, സ്വയം ഭൂവായെന്നു വിശ്വസിക്കുന്ന മഹാദേവ പ്രതിഷ്ഠയും ഇവിടെയുണ്ട്. ഓണമാണ് ഇവിടുത്തെ പ്രധാന ഉത്സവം. അത്തം മുതല്‍ 10 ദിവസം നീളുന്നതാണ് ക്ഷേത്രത്തിലെ ഓണാഘോഷം.