‘മൃതദേഹ ഭാഗങ്ങളിൽ ചിലത് നഷ്ടപ്പെട്ടു, അതാണ് അവർ കറിയാക്കി കഴിച്ചത്’: ഇന്നും ചില രാത്രികളിൽ ഇലന്തൂരിലെ ‘നരബലി വീട്’ അവരുടെ താവളം!
Mail This Article
അന്ന്, 2022 ഒക്ടോബർ 11ലെ പകൽ, ഈ വീടിനു പരിസരത്താകെ തിങ്ങിനിറഞ്ഞത് പൊലീസും മാധ്യമപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടുന്ന ജനസഞ്ചയമാണെങ്കിൽ, രണ്ടു വർഷങ്ങൾക്കിപ്പുറം അതേ ഒക്ടോബർ 11ന് ഈ വീടുനുചുറ്റും നിറഞ്ഞു നിൽക്കുന്നത് ഒരാൾ പൊക്കത്തിനും മേലുള്ള കാടും പടർപ്പുമാണ്. വീടിന്റെ ഒരു വശത്തായി ഉയരത്തിലുള്ള ഒരു പുതിയ മതിലും മറ്റൊരു വശത്ത് നിലവിലുണ്ടായിരുന്ന മതിലിനു മുകളിൽ തകര ഷീറ്റുകൊണ്ടുള്ള മറയും മാത്രമാണ് കാര്യമായ വ്യത്യാസം. ഒരുകാലത്ത് ഈ നാട്ടിൽ എവിടെയുമുള്ള ആരും ‘കൈ’ സഹായത്തിനായി ഓടിയെത്തിയിരുന്ന ഈ വീടും പരിസരവും ഇന്ന് നാട്ടുകാരുടെ പേടിസ്വപ്നമാണ്. പറഞ്ഞുവന്നത് മറ്റൊന്നിനെയും പറ്റിയല്ല, ഇലന്തൂരിലെ നരബലി വീടിനെപ്പറ്റിയാണ്. ആഞ്ഞിലിമൂട്ടിൽ പാരമ്പര്യ വൈദ്യൻമാരുടെ കുടുംബം. പിൽക്കാലത്ത് ഭഗവൽ സിങ് എന്ന ഇന്നത്തെ തലമുറക്കാരൻ ആ വീടിന് കടകംപള്ളി എന്ന പേര് സ്വീകരിച്ചു. എന്നിരുന്നാലും പാരമ്പര്യത്തിന് മാറ്റമുണ്ടായിരുന്നില്ല. നാട്ടിൽ ആർക്കെങ്കിലും ഒടിവോ ചതവോ ഉണ്ടായാൽ ആദ്യം ഓടിയെത്തിയിരുന്നത് ഈ വീട്ടുമുറ്റത്തേക്ക് തന്നെയായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ ഭഗവൽ സിങ്ങിന് വൈദ്യം മാത്രമല്ല ഹൈക്കു കവിതകളും വഴങ്ങുമായിരുന്നു. പാർട്ടി പരിപാടികളിലും സജീവമായിരുന്നു. ആർക്കും പരാതിക്ക് ഇടനൽകാനില്ലാത്ത പ്രകൃതം. എന്നാൽ, നാട്ടുകാരുടെ മനസ്സുകളിൽ വളരെക്കാലങ്ങളായി ഉണ്ടായിരുന്ന ഈ ചിത്രങ്ങളെല്ലാം മറ്റിവരയ്ക്കപ്പെട്ടത് വളരെപ്പെട്ടെന്നാണ്.