ജപ്പാനിലുള്ളവർക്ക് ഇഷ്ടപ്പെട്ട ഒരു മീൻ വിഭവം ഉണ്ട്. ഫുഗു എന്നയിനം മത്സ്യത്തിൽനിന്നുണ്ടാക്കുന്നതാണത്. പഫർ ഷിഫ് ഇനത്തിൽപ്പെട്ടവയാണ് ഈ മത്സ്യം. ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയവയാണ് പഫർ മത്സ്യങ്ങൾ. ടെട്രോഡോടോക്സിൻ അഥവാ ടിടിഎക്സ് എന്നയിനം വിഷമാണ് ഇവയുടെ ശരീരത്തിലുള്ളത്. ഒരിനം ന്യൂറോടോക്സിനാണിത്. അതായത്, ഈ വിഷം ഉള്ളിൽച്ചെന്നാൽ ശരീരം മൊത്തം തളരുന്നതു മുതൽ മരണം വരെ സംഭവിക്കാം.

നാഡികളെയാണ് ഈ വിഷം ബാധിക്കുന്നത്. ഫുഗു മത്സ്യം കഴിച്ച് ജപ്പാനില്‍ പ്രതിവർഷം ശരാശരി ആറിൽതാഴെ പേരെങ്കിലും മരിക്കുന്നുണ്ടെന്നാണ് ടോക്കിയോ ബ്യൂറോ ഓഫ് സോഷ്യൽ വെൽഫെയറിന്റെ കണക്ക്. എന്നാല്‍ ഫുഗു മത്സ്യത്തിന്റെ ശരീരത്തിലെ വിഷം നീക്കം ചെയ്ത് വമ്പൻ ഹോട്ടലുകളിലും മറ്റും ഭക്ഷ്യവിഭവമായി ഉപയോഗിക്കാറുണ്ട്. ഒരു പ്ലേറ്റിന് ചിലപ്പോൾ 45,000 രൂപ വരെ കൊടുക്കേണ്ടി വരും! എന്നാലും ഇവയ്ക്ക് വൻ ഡിമാൻഡാണ്. കാരണം അതിന്റെ അമൂല്യസ്വഭാവം തന്നെ.

fugu-fish-mob
ഫുഗു ഫിഷിന്റെ വിഷം നിറഞ്ഞ ആന്തരികാവയവങ്ങൾ ഒഴിവാക്കാനായി അടുക്കളയിൽ വച്ചിരിക്കുന്നു. ടോക്കിയോയിൽനിന്നുള്ള ദൃശ്യം (Photo by YOSHIKAZU TSUNO / AFP)
fugu-fish-mob
ഫുഗു ഫിഷിന്റെ വിഷം നിറഞ്ഞ ആന്തരികാവയവങ്ങൾ ഒഴിവാക്കാനായി അടുക്കളയിൽ വച്ചിരിക്കുന്നു. ടോക്കിയോയിൽനിന്നുള്ള ദൃശ്യം (Photo by YOSHIKAZU TSUNO / AFP)

ഫുഗു മത്സ്യവിഭവം നിർമിക്കാനുള്ള ലൈസൻസ് ഒരു ഷെഫിന് ലഭിക്കണമെങ്കില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പാചക പരിശീലനമെങ്കിലും വേണ്ടി വരും. അങ്ങനെ ലൈസൻസ് ലഭിച്ചവർക്കേ ഈ വിഭവം തയാറാക്കാൻ അനുവാദമുള്ളൂ. അല്ലാതെ ഫുഗു മത്സ്യത്തെ പിടികൂടി ഭക്ഷിക്കുന്നവരാണ് മരിച്ചു പോകുന്നത്. ഇത്തരത്തിൽ, വിഷമാണെങ്കിലും ‘റിസ്ക്’ എടുക്കാൻ പലരും തയാറാകുന്നത് ആ വിഭവത്തിന്റെ അമൂല്യ രുചി കാരണമാണ്. ഒപ്പം അവ നിർമിക്കാൻ സ്വീകരിക്കുന്ന അപൂര്‍വ പ്രക്രിയകളും.

ഈ അപൂർവ സ്വഭാവവുമായി പല ഭക്ഷ്യവിഭവങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും തയാറാക്കപ്പെടുന്നുണ്ട്. ആ വിഭവങ്ങൾ തയാറാക്കാൻ വേണ്ട കാർഷിക വിഭവങ്ങൾ വളർത്തിയെടുക്കാനുമുണ്ട് ഏറെ കഷ്ടപ്പാട്. 200 ഗ്രാമിന് 25 ലക്ഷം രൂപ വരെ ചെലവാക്കേണ്ട വിഭവങ്ങളും അതില്‍പ്പെടും. മീനും മാംസവും മാത്രമല്ല മത്തങ്ങയും മാങ്ങയുമെല്ലാം ഇത്തരം അപൂർവ വിഭവങ്ങളുടെ ഗണത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ ആ കാർഷിക വിഭവങ്ങളിൽ ചിലത് ഇന്ത്യയിലുമുണ്ട്. അതിലൊന്ന് കേരളത്തിൽ അടുത്തിടെ വിളയിച്ചെടുത്തതുമാണ്. എന്നാലും ചിലതെല്ലാം ഇന്നും നമുക്ക് അപ്രാപ്യമാണ്.

almos-caviar-egg-portrait
അൽമാസ് ആൽബിനോ ബെലുഗ സ്റ്റർജന്റെ മുട്ടകൾ (Phot arranged)

∙ അൽമാസ് ബെലുഗ കാവിയ (Almas caviar)

വംശനാശഭീഷണി നേരിടുന്ന മത്സ്യമായ അൽമാസ് ആൽബിനോ ബെലുഗ സ്റ്റർജന്റെ മുട്ടകൾ ഉപയോഗിച്ചാണ് ഈ കാവിയ നിർമിച്ചിരിക്കുന്നത്. പലതരം സ്റ്റർജനുകളുണ്ട്. പക്ഷേ, കാസ്പിയൻ കടലിലെ തെക്കൻ ഭാഗത്തുനിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ മുട്ടകൾ മാത്രമാണ് ഈ വിഭവത്തിനായി ഉപയോഗിക്കുന്നത്. അപൂർവമായി മാത്രമാണ് ഇവ ലഭിക്കുക. അടുത്തിടെ മുകേഷ് അംബാനിയുടെ മകന്റെ കല്യാണ വിരുന്നിൽ വിളമ്പി ഈ വിഭവം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 100 ഗ്രാമിനു മാത്രം ഏകദേശം രണ്ടര മുതൽ മൂന്നു ലക്ഷം രൂപ വരെ വിലയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

∙ ഇറ്റാലിയൻ വൈറ്റ് ആൽബ ട്രഫിൾസ് (Italian white Alba truffles/ Tuber magnatum)

അപൂർവ ഇനം കിഴങ്ങാണിത്. കിഴങ്ങിന്റെ തീവ്രമായ ഗന്ധം മൂലവും ലഭിക്കാനുള്ള പ്രയാസവും കാരണമാണ് വിലയേറുന്നത്. 100 ഗ്രാമിന് ഏകദേശം ഒരു ലക്ഷം രൂപ വരും! വർഷത്തിൽ ഒരു ചെറിയ സീസണിൽ മാത്രമേ ഇവ വിളവെടുക്കുകയുള്ളൂ. വടക്കൻ ഇറ്റലി യിലെ പൈഡ് മോണ്ട് പ്രദേശത്തെ വനത്തിൽ മരങ്ങളുടെ വേരു പറ്റി മണ്ണിനടിയിൽ മാത്രം കാണപ്പെടുന്നതാണ് ഈ കിഴങ്ങ് (Tuber).

∙ വാഗ്യു ബീഫ് (Wagyu beef)

‌കിലോയ്ക്ക് ഏകദേശം 40,000 രൂപ വരും ഈ ബീഫിന്. വാഗ്യു ബീഫ് അതിന്റെ മൃദുത്വത്തിനും രുചിക്കും പേരുകേട്ടതാണ്. ജപ്പാനിൽ അതീവ പരിചരണം നൽകി വളർത്തുന്ന പ്രത്യേക ഇനം കന്നുകാലികളിൽ നിന്നാണ് ഇത് ഉൽപാദിപ്പിക്കുന്നത്, ,

wyugu-beef-mob
വാഗ്യു ബീഫ് (Photo by MARTIN BUREAU / AFP)
wyugu-beef-mob
വാഗ്യു ബീഫ് (Photo by MARTIN BUREAU / AFP)

∙ കുങ്കുമം (Saffron)

കുങ്കുമപ്പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണിത്. കുങ്കുമപ്പൂവിന്റെ പരാഗണസ്ഥലത്തെ മൂന്നു നാരുകളാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. അരക്കിലോ കുങ്കുമം ലഭിക്കാൻ 75,000 പൂക്കളെങ്കിലും വേണ്ടിവരും. ഈ നാര്‌ പാചക വിഭവങ്ങളിൽ സുഗന്ധം പകരാനും നിറം നൽകുന്നതിനായുമൊക്കെ ഉപയോഗിക്കുന്നു. വില കേട്ട് ഞെട്ടരുത്– ഉന്നത ഗുണനിലവാരമുള്ള 100 ഗ്രാം കുങ്കുമത്തിന് ഏകദേശം 18,000 രൂപ വരും! കശ്മീർ കുങ്കുമപ്പൂവുകൾക്ക് പ്രശസ്തമാണ്. അടുത്തിടെ കേരളത്തിലെ മറയൂർ മലനിരകളിലെ കാന്തല്ലൂർ പെരുമലയിൽ കുങ്കുമപ്പൂവ് ഉൽപാദിപ്പിച്ച് വിജയം കണ്ടിരുന്നു.

saffron
കുങ്കുമപ്പൂവ് (Photo from Archives)

∙ എൽവിഷ് തേൻ (Elvish Honey)

തുർക്കിയിലെ ആർട്ട്‌ വിൻ നഗരത്തിലെ 1800 അടി ആഴമുള്ള ഒരു ഗുഹയിൽനിന്ന് ഏറെ കഷ്ടപ്പെട്ട് വർഷത്തിലൊരിക്കലാണ് ഈ തേൻ ശേഖരിക്കുന്നത്. റോഡോ ഡെൻഡ്രോൺ (കാട്ടു പൂവരശ്) പൂക്കളിൽ പരാഗണം നടത്തുന്ന തേനീച്ചകളാണ് ഈ തേൻ ഉൽപാദിപ്പിക്കുന്നത്. ഏകദേശം ഒന്നേകാൽ കോടി പൂക്കളിലെ തേൻ വേണ്ടിവരും ഒരു കിലോഗ്രാം ആകാൻ. സവിശേഷമായ, മധുരം കുറഞ്ഞ രുചിയും പരിമിതമായ ലഭ്യതയും കാരണമാണ് ഉയർന്ന വില. ഒരു കിലോയ്ക്ക് എട്ടു ലക്ഷം രൂപയോളം നൽകേണ്ടി വരും.

∙ ഐബെറിക്കോ ഹാം (Iberico Ham)

അക്കോൺ (oak nut) കൊടുത്തു വളർത്തുന്ന പന്നികളിൽ നിന്നാണ് ഐബെറിക്കോ ഹാം നിർമ്മിക്കുന്നത്. മാംസത്തിന് മാർദവവും സവിശേഷ രുചിയുമാണ് ഇതിന്റെ പ്രത്യേകത. അതിനാൽത്തന്നെ വൻ വിലയുമാണ്.

∙ അറ്റ്ലാന്റിക്ക് ബ്ലൂഫിൻ ട്യൂണമത്സ്യം (Atlantic bluefin tuna)

ലോകത്തിലെ ഏറ്റവും വിലകൂടിയ മത്സ്യയിനമാണിത്. ജപ്പാനിലാണ് കൂടുതൽ ആവശ്യക്കാർ

∙ കോപ്പി ലുവാക്ക് (Kopi Luwak)

ഇന്തൊനീഷ്യയിൽ കാണപ്പെടുന്ന ഏഷ്യൻ പാം സിവെറ്റ് (ഒരിനം വെരുക്) ഭക്ഷിക്കുന്ന കാപ്പിക്കായ്കളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഒരിനം വിഭവമാണിത്. പാകമേറിയ കാപ്പിക്കായ്കൾ ഈ വെരുക് ഭക്ഷിക്കും. ദഹനരസവുമായി കലർന്ന് വിവിധ രാസപ്രവർത്തനങ്ങൾക്ക് വിധേയമായി ഈ കുരുക്കൾ വെരുകിന്റെ കാഷ്ഠത്തോടൊപ്പം പുറത്തുവരുന്നു. ഇവ ശേഖരിച്ച് കഴുകി ഉണക്കി പൊടിച്ച് ഉണ്ടാക്കുന്ന ഒരു കപ്പ് കാപ്പിക്ക് ഏകദേശം 1500 രൂപ മുതൽ 3000 രൂപവരെ വില ഈടാക്കും. ഇന്തൊനീഷ്യയ്ക്കു പുറത്ത് പോകുമ്പോൾ ഒരു കിലോഗ്രാം കാപ്പിക്കുരുവിന് ഏകദേശം 35,000 രൂപയോളം വിലവരും. ഈ കാപ്പിപ്പൊടിയുടെ വർധിച്ച ആവശ്യം കാരണം ഏഷ്യൻ പാം സിവെറ്റുകളെ പിടികൂടി ചെറുകൂടുകളിൽ അടച്ച് ക്രൂരമായ രീതിയിൽ ഈ പ്രക്രിയ നടത്തുന്നത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു.

kopi-luwak-mob
കോപ്പി ലുവാക്ക് (Photo by AFP / Jonathan NACKSTRAND)
kopi-luwak-mob
കോപ്പി ലുവാക്ക് (Photo by AFP / Jonathan NACKSTRAND)

∙ ബ്ലാക്ക് ഐവറി കോഫി (Black ivory coffee)

ആനയ്ക്ക് കാപ്പിക്കുരു കഴിക്കാൻ കൊടുക്കുന്നു. മുകളിൽ പറഞ്ഞതു പോലുള്ള രാസപ്രവർത്തനങ്ങൾ ആനയുടെ ആമാശയത്തിൽ നടക്കുന്നു പക്ഷേ കാപ്പിക്കുരുക്കളിൽ ഭൂരിഭാഗവും ദഹിച്ച് പോകുന്നു ഏകദേശം 30 കിലോഗ്രാം കൊടുക്കുമ്പോൾ ആനപ്പിണ്ടത്തിലൂടെ ദഹിക്കാതെ പുറത്ത് വരുന്നത് ഉദ്ദേശം ഒരു കിലോഗ്രാം മാത്രമാണ്. അതുകൊണ്ടുതന്നെ വെരുകിന്റെ ‘കാഷ്‌ഠകോഫി’യേക്കാൾ വില കൂടുതലാണ് ‘ആനപ്പിണ്ട കോഫി’ക്ക്. കാപ്പിക്കുരുക്കൾ വൃത്തിയായി കഴുകി ഉണക്കിയതിന് ശേഷമാണ് കാപ്പിപ്പൊടിയാക്കുന്നത്.

∙ ഡാ ഹോങ് പാവോ തേയില (Big Red Robe Tea)

ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വിലയേറിയ ഭക്ഷ്യവിഭവമെന്നു പറയേണ്ടി വരും ഈ തേയിലയെ. കിലോയ്ക്ക് 10 കോടിയോളം രൂപയാണ് വില. ഇതിന്റെ ഒരു ചെടി വാങ്ങി നട്ട് തേയില ഉൽപാദിപ്പിക്കാമെന്നു കരുതരുത്. അത്രയേറെ അപൂർവമാണ്. അതുകൊണ്ടാണ് ഇത്രയേറെ വിലയും. ചൈനയിലെ ഫ്യൂജിയാൻ പ്രവിശ്യയിലെ വൂയി പർവതത്തിലെ പാറക്കെട്ടുകളിലും അടിവാരത്തിലുമായി വളരുന്ന സവിശേഷ രുചിയുള്ള തേയിലച്ചെടിയാണിത്. വുയി റോക്ക് ഓലോങ് ടീ (Wuyi Rock Oolong tea) എന്നും പേരുണ്ട്. ചൈനീ,് നാടോടിക്കഥ പ്രകാരം, മിങ് രാജവംശത്തിലെ ഒരു ചക്രവർത്തിയുടെ അമ്മയുടെ അസുഖം മാറാൻ ഈ തേയില കാരണമായത്രേ!

da-hong-pao-tea
ഡാ ഹോങ് പാവോ (Photo Arranged)

ചക്രവർത്തി ധരിച്ചിരുന്ന ഒരു വലിയ ചെമ്പട്ട് (Big red robe) നൽകിയപ്പോഴാണ് ഒരു ജാറിൽ ഈ തേയില നൽകിയതെന്നും കഥകളുണ്ട്. അതിൽ നിന്നാണ് ഈ പേര് ലഭിച്ചതെന്നും. നിലവിൽ ഈയിനത്തിൽപ്പെട്ട ആറ് മാതൃസസ്യങ്ങളേ ചൈനയിലുള്ളൂ. ആയിരത്തിലധികം വർഷം പഴക്കമുണ്ട് ഇവയ്ക്ക്. ഈ ചെടികളെ സർക്കാർ വൻ തുകയ്ക്കാണ് ഇൻഷുർ ചെയ്തിരിക്കുന്നത്. ആരും പറിച്ചുകൊണ്ടു പോകാതിരിക്കാനായി വലിയ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

മാതൃ സസ്യങ്ങളിൽനിന്ന് ടിഷ്യു കൾച്ചർ വഴിയും മറ്റും വളർത്തിയെടുത്ത ചെടികളിൽ നിന്നാണ് ഇപ്പോൾ ഈ തേയില ഉൽപാദിപ്പിക്കുന്നത്. വർഷത്തിൽ ഒരുതവണ മാത്രമാണ് തേയില നുള്ളുക. 2005ൽ 20 ഗ്രാം തേയില ലേലം ചെയ്തത് 25 ലക്ഷം രൂപയ്ക്കാണ്. മാവോ സെദുങ്ങിന്റെ കാലത്ത് യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സൻ ചൈന സന്ദർശിച്ചപ്പോൾ ഈ തേയില 200 ഗ്രാം സമ്മാനമായി നൽകിയാണ് ആദരിച്ചത്. നിലവിൽ ചൈന ദേശീയ സമ്പത്തായി സംരക്ഷിക്കുകയാണ് ഈ ചെടികളെയും തേയിലയെയും.

∙ യുബാരി കിങ് മെലൺ (Yubari King Melon)

ജപ്പാനിലെ യുബാരി ഹൊക്കൈഡോയിൽ മാത്രം വളരുന്ന ഈയിനം മത്തങ്ങ ഒന്നിന് 10 ലക്ഷത്തോളം രൂപയുണ്ടാകും വില! വളർച്ചയുടെ ഓരോ ഘട്ടവും വിലയിരുത്തി, വിദഗ്ധരുടെ ഇടപെടലോടെ ഉൽപാദിപ്പിച്ചെടുക്കുന്നതാമ് ഈ ഫലം. അതിനാൽത്തന്നെ മികച്ച സുഗന്ധമാണ്, അത്യധികം മികച്ച രുചിയും. സ്വാഭാവികമായും വിലയും കൂടും.

yubari-king-melon
യുബാരി കിങ് മെലൺ (Photo courtesy: etsy.com)
yubari-king-melon
യുബാരി കിങ് മെലൺ (Photo courtesy: etsy.com)

∙ റൂബി റോമൻ മുന്തിരി (Ruby Roman Grapes)

ജപ്പാനിലെ ഇഷിക്കാവയിൽ വളരുന്നു. സാധാരണ മുന്തിരിയുടെ നാലിരട്ടി വലുപ്പമുണ്ട്. തികഞ്ഞ ഗോളാകൃതി, തീവ്രമായ മധുരം എന്നിവ കാരണം വലിയ വിലയാണ്. ഒരു കിലോയ്ക്ക് കുറഞ്ഞത് 5 ലക്ഷം രൂപ വരും.

miyazaki-mango
മിയാസാക്കി മാങ്ങ (Photo courtesy: seed2plant.in)

∙ ഡെൻസുക് തണ്ണിമത്തൻ (Densuke watermelon)

ഒരു കിലോയ്ക്ക് 2-4 ലക്ഷം രൂപ വരെയാണ് വില. ജപ്പാനിലെ ഹോക്കൈഡോ ദ്വീപിൽ മാത്രം വളരുന്ന ഒരു അപൂർവ ഇനമാണിത്. സവിശേഷമായ രുചിയാണ് പ്രത്യേകത.

∙ മിയാസാക്കി മാങ്ങ (Miyazaki mango)

ഒരു കിലോ മാങ്ങയ്ക്ക് രണ്ടര ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ വില വരും. ജപ്പാനിലെ ക്യുഷു പ്രവിശ്യയിലെ മിയാസാക്കി മേഖലയിലാണ് ഇവ ഉൽപാദിപ്പിക്കപ്പെടുന്നത്. തയ്യോ-നോ-തമാഗോ (Taiyo-no-Tamago) എന്നാണ് പ്രാദേശികമായി ഇതിനെ വിളിക്കുന്നത്. സൂര്യന്റെ മുട്ട (The Egg of the Sun) എന്നർഥം. ആന്റിഓക്സിഡന്റുകളുടെയും ബീറ്റ കരോട്ടിന്റെയും ഫോളിക് ആസിഡിന്റെയും സമൃദ്ധമായ കലവറയാണിത്.

(ലേഖകന്റെ ഇമെയിൽ: rareandpreciousgk@gmail.com)

English Summary:

October 16 - World Food Day Special | Most Expensive Food Items

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com