ഇ.ശ്രീധരന്റെ പ്രയത്നം, കൊങ്കണെന്ന അദ്ഭുതപാത: ലയിച്ചാൽ കേരളത്തിലേക്ക് ‘ഇരട്ടി’ ട്രെയിൻ, സമയവും പണവും ലാഭം; സ്വപ്നം കണ്ട് ബിജെപിയും
Mail This Article
മഹാരാഷ്ട്ര, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെ പടിഞ്ഞാറൻ മേഖലകളിലൂടെ കൂകിപ്പാഞ്ഞെത്തുന്ന കൊങ്കൺ റെയിൽവേ നിലവിൽ ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക സോണായാണ് പരിഗണിക്കുന്നത്. എന്നാൽ അധികം വൈകാതെതന്നെ കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനാണു നീക്കം. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെആർസിഎൽ – കൊങ്കൺ റെയിൽവേ) എന്ന കമ്പനിയിൽ ഓഹരി പങ്കാളിത്തമുള്ള കർണാടക, ഗോവ, കേരള സർക്കാരുകളുമായി പ്രാഥമിക ചർച്ച നടത്തിയെന്നും ലയനത്തിൽ ഈ സംസ്ഥാനങ്ങൾക്ക് ഏറെ താൽപര്യമുണ്ടെന്നും അടുത്തിടെ കേന്ദ്ര റെയിൽവേ സഹ മന്ത്രി വി. സോമണ്ണ പറയുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മഹാരാഷ്ട്ര സർക്കാർ ഈ വിഷയത്തിൽ തീരുമാനം എടുക്കുമെന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ നീക്കമാണോയെന്നും സംശയം ഉയർത്തുന്നു.
കൊങ്കൺ പാളങ്ങളിലൂടെ ഓടുന്ന ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടേതാണെങ്കിലും പാളങ്ങളുടെയും പാതയിലെ സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം കൊങ്കണ്‍ റെയിൽവേ കോർപറേഷനാണ്. ഇന്ത്യയുടെ റെയിൽവേ നിർമാണ സാങ്കേതിക വിദ്യയില്‍ മഹാദ്ഭുതം എന്നാണ് കൊങ്കൺ റെയിൽവേയെ വിശേഷിപ്പിക്കുന്നത്.
∙ കെആർസിഎൽ ഓഹരി പങ്കാളിത്തം
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനാണ് കൂടുതൽ ഓഹരികൾ – 51 ശതമാനം. മഹാരാഷ്ട്ര സർക്കാരിന് 22 ശതമാനവും കർണാടക സർക്കാരിന് 15 ശതമാനവും കേരളം, ഗോവ സംസ്ഥാനങ്ങൾക്ക് ആറ് ശതമാനം വീതവും കെആർസിഎല്ലിൽ ഓഹരി പങ്കാളിത്തമുണ്ട്. അതുകൊണ്ടുതന്നെയാണ് ലയനത്തിന് ഈ സംസ്ഥാനങ്ങളുടെയും അനുമതി വേണ്ടത്. അതേസമയം, കൊങ്കൺ റെയിൽവേയും ഇന്ത്യൻ റെയിൽവേയുമായി ലയിപ്പിക്കാനുള്ള നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് ഈ മേഖലയിലെ ജനങ്ങൾ കാണുന്നത്.
∙ യാത്രക്കാർക്ക് മികച്ച സേവനങ്ങൾ
കൊങ്കൺ റെയിൽവേ ഒരു വലിയ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നതിനാൽ, ഈ ലയനം വഴി സർവീസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേയുടെ വൻതോതിലുള്ള അടിസ്ഥാനസൗകര്യങ്ങൾ, ഫണ്ട്, മാനേജ്‌മെന്റ് സഹായം എന്നിവ ലഭ്യമാക്കുന്നത് കൊങ്കൺ റെയിൽവേ ശൃംഖലയ്ക്ക് അനുയോജ്യമായ വികസനവഴികൾ തുറക്കും. പാത ഇരട്ടിപ്പിക്കലിന് കൂടുതൽ വേഗം കൈവരും. കുറച്ചു ദൂരം ഡബിൾ ലൈനാണ്. ബാക്കി പാളങ്ങൾ കൂടി ഇരട്ടിപ്പിച്ചാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കു കൂടുതൽ ട്രെയിനുകൾ ഓടിക്കാം, സമയവും ലാഭിക്കാം.
∙ പ്രവർത്തനം കാര്യക്ഷമമാകും
കൊങ്കൺ റെയിൽവേയുടെ വികസനത്തിന് പലതവണ പ്രാദേശിക ഘടകങ്ങൾ തടസ്സങ്ങൾ സൃഷ്ടിക്കാറുണ്ടായിരുന്നു. എന്നാൽ ഈ ലയനം കാര്യക്ഷമത കൈവരിക്കാൻ സഹായിക്കും, പ്രാദേശിക തർക്കങ്ങളും സാങ്കേതിക തടസ്സങ്ങളും കുറയും, പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും.
ഫണ്ടുകളുടെ ലഭ്യത
കൊങ്കൺ ശൃംഖലയിൽ നിരവധി വികസന പദ്ധതികൾ പുതുതായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകുന്നതോടെ കൂടുതൽ കേന്ദ്ര ഫണ്ടുകൾ ഈ പ്രദേശത്തേക്കു ലഭ്യമാക്കും. സ്റ്റേഷനുകളുടെ വികസനം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടും. കൊങ്കൺ വഴി ട്രെയിനിൽ സഞ്ചരിച്ചിട്ടുള്ളവർക്ക് അറിയാം ആ മേഖലയിലെ സ്റ്റേഷനുകളുടെ സ്ഥിതി. കേന്ദ്ര റെയിൽവേ ബജറ്റിൽ ഈ പാതയിലുള്ള സ്റ്റേഷനുകളുടെ നവീകരണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഫണ്ട് അനുവദിക്കാറില്ല.
∙ നിരക്കുകൾ ഏകീകരിക്കും
കൊങ്കൺ റെയിൽവേയിൽ യാത്ര ചെയ്യുന്നവർക്ക് അറിയാം, മറ്റു സോണുകളിലെ ട്രെയിനുകളേക്കാൾ കൂടുതൽ നിരക്കാണ് ഈടാക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഭാഗമായാൽ യാത്രാ നിരക്ക്, ചരക്കു നീക്ക നിരക്ക് തുടങ്ങിയവ ഏകീകരിക്കപ്പെടും.
∙ സാമൂഹിക വികസനം
ലയനത്തിലൂടെ ആ മേഖലയിലെ ഗതാഗതത്തിനും വ്യാപാരത്തിനും ഏറെ സാധ്യതകളുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരമേഖലയിലൂടെയാണ് പാത കടന്നു പോകുന്നത്. ടൂറിസം, വ്യാപാരം എന്നിവയിൽ നേട്ടമുണ്ടാക്കാം.
∙ ലയനകാര്യത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞത്
യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പു വരുത്താൻ ലയനം അനിവാര്യമാണെന്നാണ് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ പറഞ്ഞത്. പുണെ–ഹുബ്ബള്ളി വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കർണാടകം, കേരളം, ഗോവ സംസ്ഥാനങ്ങളുമായി ചർച്ച നടത്തി. മഹാരാഷ്ട്ര സർക്കാരുമായാണ് ചർച്ച ബാക്കിയുള്ളത്. അവരെക്കൂടി ബോധ്യപ്പെടുത്തി ലയനം യാഥാർഥ്യമാക്കണം. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ചർച്ചകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
∙ രാഷ്ട്രീയത്തിൽ കൊങ്കൺ റെയിൽവേ
ബാൽ താക്കറെയുടെ കാലത്ത് കൊങ്കൺ മേഖലയിൽ ശിവസേനയ്ക്കായിരുന്നു കൂടുതൽ സ്വാധീനം. നിലവിൽ ശിവസേന കക്ഷികൾക്കും ബിജെപിക്കും ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് കൊങ്കൺ. യുപിഎ സർക്കാരിന്റെ കാലത്ത് കൊങ്കൺ റെയിൽവേ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന ലയന നീക്കം തങ്ങളുടെ ശക്തി കൂടുതലാക്കുമെന്നാണ് ബിജെപി പ്രതീക്ഷ. കൊങ്കൺ മേഖലയിലെ ചില ജില്ലകളിൽ എൻസിപി കക്ഷികൾക്കും സ്വാധീനമുണ്ട്,
അടുത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ‘കൊങ്കൺ റെയിൽവേ ലയനം’ പ്രകനപത്രികയിൽ ചേർത്ത് ബിജെപി കക്ഷികൾ ആയുധമാക്കാനും സാധ്യതയുണ്ട്. കൊങ്കൺ മേഖലയിൽ ഗതാഗതം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏറെ പിന്നിലാണ്. ടൂറിസം സാധ്യത അധികമുള്ള ഈ മേഖലയിൽ റെയിൽവേയുടെ വികസനവും അതിപ്രധാനമാണ്. കൊങ്കൺ റെയിൽവേയിൽ ജോലി ചെയ്യുന്നവർക്കും ഈ ലയനത്തോടാണ് താൽപര്യം.
∙ ലയനത്തിനു ശേഷം എന്താകും ?
കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിച്ചാൽ സൗത്ത് വെസ്റ്റേൺ സോണിലേക്കും സെൻട്രൽ സോണിലേക്കും ചേർക്കാനാണ് ഒരു സാധ്യത. മംഗളൂരു ഉൾപ്പെടെയുള്ള സൗത്ത് സോണിലേക്കു ലയിപ്പിച്ചേക്കാം. അല്ലെങ്കില്‍ കൊങ്കൺ റെയിൽവേയുടെ ഭൂരിഭാഗം ചേർത്ത് കൊങ്കണിന്റെ പേരിൽ തന്നെ മറ്റൊരു സോൺ സൃഷ്ടിക്കാം. അവശേഷിക്കുന്ന ഭാഗങ്ങൾ മറ്റു സോണുകളിൽ ചേർക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അടുത്ത ബജറ്റിനു മുൻപായി ലയന നീക്കം ഉറപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നാണ് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
∙ പ്രത്യേകതകളുടെ കൊങ്കൺ പാളം
1989ൽ വി.പി. സിങ് സർക്കാരിന്റെ റെയിൽവേ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസാണ് കൊങ്കൺ മേഖലയിലെ റെയിൽവേ പാത യാഥാർഥ്യമാക്കാൻ കാരണക്കാരൻ. ഇന്ത്യയുടെ മെട്രോമാൻ എന്ന് അറിയപ്പെടുന്ന ഇ. ശ്രീധരന്റെ നേതൃത്വത്തിൽ കഠിന പ്രയത്നത്തിലൂടെ ഏകദേശം 10 വർഷമെടുത്താണ് കൊങ്കൺ റെയിൽപാത നിർമിച്ചത്. മഹാരാഷ്ട്രയിലെ റോഹയിൽ നിന്ന് കർണാടകയിലെ മംഗളൂരു വരെയുള്ള 760 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഈ പാത. ഏഷ്യയിലെ ഏറ്റവും നീളമുള്ള റെയിൽവേ തുരങ്കവും ഈ പാതയിലാണ്– 6.5 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ഉക്ഷി–ഭോകേ സ്റ്റേഷനുകൾക്ക് ഇടയിലാണ്. ഏകദേശം 85 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഭാഗം 91 തുരങ്കങ്ങളുടെ നീളമാണ്. പല തുരങ്കളുടെയും നീളം 2 കിലോമീറ്ററിൽ അധികമാണ്.
ചെറുതും വലുതുമായ 146 നദികൾ കടന്നാണ് ഈ പാത പോകുന്നത്. ഏകദേശം 2000 പാലങ്ങളും ഈ പാതയിലുണ്ട്. കൊങ്കൺ റെയിൽവേയിലെ തുരങ്ക നിർമാണം ഏറെ ഭാരിച്ച ഉത്തവാദിത്തമായിരുന്നതായി ശ്രീധരൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പാത കേരളത്തില്‍ കൂടി കടന്നു പോകുന്നില്ലെങ്കിലും സംസ്ഥാനത്തിന് ഏറെ പ്രയോജനകരമാണ്. മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് വളരെ ഏളുപ്പത്തിൽ കേരളത്തിൽ എത്തിച്ചേരാൻ ഈ പാത സഹായിക്കുന്നു.
രാജ്യത്തിന്റെ ഒട്ടേറെ നിർണായക പദ്ധതികളിലും കൊങ്കൺ റെയിൽവേ കോർപറേഷൻ ഭാഗമാണ്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള 10 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ പാതയുടെ നിർമാണം ഏറ്റെടുത്തിരിക്കുന്നത് കെആർസിഎല്ലാണ്. കശ്മീരിലെ റെയിൽവേ പാതകളുടെയും റോഡുകളുടെയും തുരങ്കങ്ങൾ നിർമിക്കുന്നതും കെസിആർഎൽ തന്നെ. ലയനം പൂർത്തിയായാൽ കെആർസിഎല്ലിന്റെ നിർമാണ മേഖലയിലെ പ്രവർത്തനം ഏതളവിൽ തുടരുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. റെയിൽവേ പാളങ്ങളും സ്റ്റേഷനുകളും ഇന്ത്യൻ റെയിൽവേ ഏറ്റെടുത്ത് മറ്റു നിർമാണ പ്രവർത്തനങ്ങൾ കെസിആർഎൽ എന്ന പേരിൽ തുടരാനാണ് സാധ്യത.