പണവും പ്രതാപവും അധികാരവും ഉള്ളംകയ്യിലുണ്ടെങ്കിലും ഭീതിയോടെയല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത ആ ചെകുത്താൻ വാഴ്ചയുടെ കാലത്തേക്ക് തിരിച്ചുപോകുകയാണോ ഹിന്ദി സിനിമയും മുംബൈയിലെ അതിസമ്പന്നരും? വർഷങ്ങൾക്ക് മുൻപ്, അധോലോക തേർവാഴ്ചയുടെ കാലത്ത് ദാവൂദിനെയും ഛോട്ടാ രാജനെയും അബുസലേമിനെയുമൊക്കെ പേടിച്ച് കഴിഞ്ഞിരുന്ന ഹിന്ദി സിനിമാ താരങ്ങളും സമ്പന്നരുമെല്ലാം പേടിയില്ലാതെ ജീവിക്കാൻ തുടങ്ങിയിട്ട് കാലമധികമായിട്ടില്ല. ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സാന്നിധ്യം കുറഞ്ഞുവന്നതും ഛോട്ടാ രാജനും അബുസലേമുമെല്ലാം ജയിലിലായതുമാണ് ആ ധൈര്യത്തിന് പിന്നിൽ. ഇവർക്കായി കാഞ്ചി വലിച്ചിരുന്ന ഗാങ്സ്റ്റർമാർ പലരും മുംബൈ പൊലീസിന്റെ തോക്കിനിരയാവുകയും ചെയ്തതോടെ അധോലോക ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും മുംബൈയിൽ ഏതാണ്ട് ഇല്ലാതായിരുന്നു.

എന്നാൽ, ആ വിടവ് മുതലെടുക്കാനുള്ള ഉറച്ച ലക്ഷ്യവുമായി ഒരു സംഘം മുംബൈയിൽ എത്തിയിരിക്കുന്നു. ഇതുവരെ വെറും ക്വട്ടേഷൻ സംഘമെന്ന വിശേഷണം മാത്രമുണ്ടായിരുന്ന അവർ സൽമാൻ ഖാന്റെയും ഷാരൂഖ് ഖാന്റെയും ഏറ്റവുമടുത്ത സുഹൃത്തും ശക്തനായ രാഷ്ട്രീയ നേതാവുമായ ‘ബാബാ സിദ്ദിഖി’യെ തന്നെ വെടിവച്ച് കൊന്ന് വരവ് അറിയിച്ചിരിക്കുന്നു! മുംബൈയെ വീണ്ടും വിറപ്പിച്ച ആ സംഘത്തിന്റെ തലവന്റെ പേരാണ് ലോറൻസ് ബിഷ്ണോയ്. ലഹരി മരുന്ന് കടത്തിയ കേസിൽ ഗുജറാത്തിലെ ജയിലിൽ തടവിൽ കഴിയുമ്പോൾ പോലും ഇന്ത്യയിലും വിദേശത്തും കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന ഈ 31 വയസ്സുകാരൻ ശരിക്കും ആരാണ്? 

Lawrence Bishnoi
ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയെ ഡൽഹിയിലെ പട്യാല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ സുരക്ഷ ശക്തമാക്കി പൊലീസ്. (AP Photo/Dinesh Joshi)

പഞ്ചാബിലെ ഫിറോസ്പുരിൽ 1993 ഫെബ്രുവരി 12ന് ജനിച്ച ലോറൻസ് ബിഷ്ണോയുടെ പിതാവ് ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. പന്ത്രണ്ടാം ക്ലാസ് വരെ സാധാരണ വിദ്യാർഥി മാത്രമായിരുന്ന ഇയാൾ നിയമ പഠനത്തിനായി ചണ്ഡിഗഡിലെ ഡിഎവി കോളജിൽ എത്തിയതാണ് വഴിത്തിരിവായത്. അവിടെ ക്യാംപസ് രാഷ്ട്രീയത്തിൽ സജീവമായ ബിഷ്ണോയ് പതിയെപ്പതിയെ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിപ്പെടുകയായിരുന്നു.

ലഹരി മരുന്ന് കടത്തും വെടിവയ്പ്പും ഭീഷണിപ്പെടുത്തി പണം തട്ടലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കടന്ന് അത് സിദ്ദു മൂസവാലയെപ്പോലൊരു അറിയപ്പെടുന്ന ഗായകന്റെയും ബാബാ സിദ്ദിഖിയെപ്പോലൊരു ശക്തനായ രാഷ്ട്രീയക്കാരന്റെയും ജീവനെടുക്കുന്നതിൽ എത്തി നിൽക്കുന്നു. 

ബാബ സിദ്ദിഖി (Photo: X/ @BabaSiddique)
ബാബ സിദ്ദിഖി (Photo: X/ @BabaSiddique)

∙ ക്രൂരതയുടെ തുടക്കം 

കാമുകിയുടെ മരണമാണ് ലോറൻസിനെ ക്രൂരനാക്കി മാറ്റിയതെന്നൊരു വാദം പലരും ഉന്നയിക്കുന്നുണ്ട്. അത് എത്രത്തോളം ശരിയാണെന്നതിൽ സംശയവുമുണ്ട്. പത്താം ക്ലാസ് മുതൽ നിയമ പഠനകാലം വരെ സഹപാഠിയായ കാജൽ എന്ന പെൺകുട്ടിയായിരുന്നു ലോറൻസിന്റെ കാമുകി. കോളജ് രാഷ്ട്രീയത്തിൽ സജീവമായ ലോറൻസ് സ്വാഭാവികമായും അണികൾക്കൊപ്പം ധാരാളം ശത്രുക്കളെയും സമ്പാദിച്ചു. സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിലെ മത്സരം ശത്രുക്കളുടെ എണ്ണം കൂട്ടുകയും ലോറൻസ് പരാജയപ്പെടുകയും ചെയ്തു. അതിനിടെ കോളജിലുണ്ടായ ഒരു തീപിടിത്തത്തിൽ കാമുകി കാജൽ പൊള്ളലേറ്റ് മരിച്ചു. അതൊരു അപകട മരണമായിരുന്നെങ്കിലും തന്നോടുള്ള വിരോധം തീർക്കാൻ എതിരാളികൾ കാജലിനെ കൊലപ്പെടുത്തിയതാണെന്ന് ലോറൻസ് ഉറച്ചു വിശ്വസിച്ചു. അവിടെ നിന്നാണ് ക്രിമിനൽ പ്രവർത്തനങ്ങളുടെ തുടക്കമെന്നാണ് ഒരു വാദം. എന്നാൽ ചെറുപ്പം മുതൽ ക്രിമിനലുകളോടും കുറ്റകൃത്യങ്ങളോടും ആവേശം കാണിച്ചിരുന്നയാളാണ് ലോറൻസെന്നും പറയപ്പെടുന്നു.

Lawrence Bishnoi
ഗുണ്ടാസംഘം നേതാവ് ലോറൻസ് ബിഷ്‌ണോയിയെ 2022 സെപ്‌റ്റംബർ 12ന് ഭട്ടിൻഡയിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കുന്നു. (Photo:PTI)

സ്റ്റുഡന്റ് ഓർഗനൈസേഷൻ ഓഫ് പഞ്ചാബ് യൂണിവേഴ്സിറ്റി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ച അയാൾ ക്രമേണ അതൊരു ക്രിമിനൽ ഗാങ്ങാക്കി മാറ്റിയെടുത്തു. ഇക്കാലത്താണ് മറ്റൊരു ഗാങ് നേതാവും ഇപ്പോൾ ഇന്ത്യ കൊടുംകുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്ത സതീന്ദർ സിങ് എന്ന ഗോൾഡി ബ്രാർ ഒപ്പം ചേരുന്നത്. 2010 മുതൽ 2012 വരെയുള്ള കാലത്ത് നിരവധി കേസുകളാണ് ചണ്ഡിഗഡ് പൊലീസ് ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തത്. ഇടക്കാലത്ത് ജയിലിലായെങ്കിലും പുറത്തിറങ്ങി പൂർവാധികം ശക്തിയിൽ ക്രിമിനൽ പ്രവർത്തനങ്ങൾ തുടർന്നു. 

∙ കൊലപാതകങ്ങളുടെ ആരംഭം

2013ൽ മക്ത്സറിലെ ഗവ. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥിയേയും ലുധിയാന മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റൊരു സ്ഥാനാർഥിയെയും ലോറൻസ് വെടിവച്ചുകൊന്നു. അനധികൃത മദ്യക്കടത്ത് ആരംഭിച്ച് ആ സംഘത്തിലേക്ക് കൊലയാളികളെയും ഷൂട്ടർമാരെയും റിക്രൂട്ട് ചെയ്തു. കൂടാതെ ഹരിയാന രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോക്കൽ ഗാങ്ങുകളുമായി സഹകരണം ആരംഭിച്ചു. 2014ൽ രാജസ്ഥാൻ പൊലീസുമായി ഉണ്ടായ വെടിവയ്പ്പിനെത്തുടർന്ന് ലോറൻസ് പിടിയിലായെങ്കിലും കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് നേപ്പാളിലേക്ക് കടന്നു. പക്ഷേ മാസങ്ങൾക്ക് ശേഷം വീണ്ടും പിടിയിലായി. അന്ന് മുതൽ ഇന്ന് വരെ ലോറൻസ് ബിഷ്ണോയ് ജയിലിലാണ്. 

Policemen escort
2022 ജൂൺ 28ന് അമൃത്‌സറിൽ റാണാ കണ്ടോവാലിയയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേസിൽ ലോറൻസ് ബിഷ്‌ണോയിയെ കൊണ്ടുവന്നപ്പോൾ കോടതിക്ക് പുറത്ത് കാവൽ നിൽക്കുന്ന പൊലീസ്. (Photo by Narinder NANU / AFP)

എന്നാൽ, ജയിലിലായ ശേഷമാണ് അയാൾ നിഷ്ഠുരമായ പല കൊലപാതകങ്ങളും ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ചില ജയിൽ ഉദ്യോഗസ്ഥരുടെ പിന്തുണയോടും മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചും ജയിലിൽ നിന്ന് ലോറൻസ് സംഘാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നു. രാജ്യമൊട്ടാകെ എഴുന്നൂറോളം ഷാർപ് ഷൂട്ടർമാരുടെ ശൃംഖലയും അവരെ ഒളിവിലിരുന്ന് ഏകോപിപ്പിക്കുന്ന ഗോൾഡി ബ്രാറും ലോറൻസിന്റെ സഹോദരൻ അൻമോൾ ബിഷ്ണോയുമാണ് സംഘത്തിന്റെ കരുത്ത്. 

പത്ത് വർഷം കൊണ്ട് ചെറിയൊരു ക്വട്ടേഷൻ സംഘത്തിൽ നിന്ന് കാനഡയിൽ വരെ കൊലപാതകം നടത്താനും ബോളിവുഡിന്റെ സൂപ്പർതാരം സൽമാൻ ഖാനെപ്പോലും ഭയത്തിലാഴ്ത്താനും കഴിയുന്ന തരത്തിൽ ബിഷ്ണോയ് സംഘം വളർന്നിരിക്കുന്നു. രണ്ടര വർഷത്തിനിടെ രാജ്യത്തെ തന്നെ ഞെട്ടിച്ച നാല് കൊലപാതകങ്ങളാണ് സംഘം നടത്തിയത്. 

∙ ഭീതിപടർത്തിയ കൊലപാതകങ്ങൾ 

പഞ്ചാബി റാപ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാല 2022 മേയ് 29ന് ആണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ലോറൻസിന്റെ വലംകൈയായ ഗോൾഡി ബ്രാർ കാനഡയിലിരുന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊല്ലപ്പെട്ട ദിവസം വൈകിട്ട് 5.10ന് തന്റെ മഹീന്ദ്ര ഥാറിൽ മാൻസയിൽ നിന്ന് ബർണാലയിലേക്ക് പോകുകയായിരുന്നു മൂസവാല. 5.30ന് രണ്ട് കാറുകളിൽ എത്തിയ സംഘം മൂസവാലയുടെ വാഹനത്തെ വഴിയിൽ തടഞ്ഞ് വെടിയുതിർക്കുകയായിരുന്നു. 30 റൗണ്ട് വെടിയുതിർത്ത അക്രമികൾ കടന്നുകളഞ്ഞു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. 

: Vikram Brar,
ലോറൻസ് ബിഷ്‌ണോയിയുടെ പ്രധാന കൂട്ടാളിയും പഞ്ചാബി ഗായകൻ സിദ്ധു മൂസവാലയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നയാളുമായ വിക്രം ബ്രാറിനെ 2023 ഓഗസ്റ്റ് 1ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോകുന്നു. (Photo:PTI)

ഉത്തരവാദിത്തമേറ്റെടുത്ത ലോറൻസ് ബിഷ്ണോയ് സംഘം, മൂസവാല തങ്ങളുടെ ശത്രുക്കളെ സഹായിച്ചുവെന്നും ആരോപിച്ചു. എന്നാൽ, പണം ആവശ്യപ്പെട്ട് പലപ്പോഴായി ഭീഷണിയുണ്ടായിരുന്നുവെന്ന് മൂസവാലയുടെ പിതാവ് പിന്നീട് പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതകത്തിൽ പങ്കെടുത്തു എന്ന് സംശയിക്കുന്ന രണ്ട് പേരെ പിന്നീട് പഞ്ചാബ് പൊലീസ് വെടിവച്ചു കൊന്നു. മറ്റ് രണ്ടുപേരെ പിടികൂടുകയും ചെയ്തു. പഞ്ചാബിലെ മുൻ ഗാങ്സ്റ്ററും ഖലിസ്ഥാൻ ഭീകരനുമായ സുഖ്ദൂൾ സിങ്ങിനെ 2023 സെപ്റ്റംബർ 21ന് കാനഡയിൽ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് ലോറൻസ് ബിഷ്ണോയും ഗോൾഡി ബ്രാറും അവകാശപ്പെട്ടിരുന്നു. ഇതേ വിഷയം ഇപ്പോൾ കാനഡയും ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്നുണ്ട്. ലോറൻസിന്റെ സംഘത്തെ ഉപയോഗിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് കൊലപാതകം നടപ്പാക്കിയതെന്നാണ് കാനഡയുടെ ആരോപണം. എന്നാൽ, ഇന്ത്യ ഈ വാദം പൂർണമായും തള്ളിയിട്ടുണ്ട്. 

Lawrence Bishnoi
ലോറൻസ് ബിഷ്ണോയിയെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയപ്പോൾ. (Photo:PTI)

ഇതേ വർഷംതന്നെ ഡിസംബർ 5ന് രാജസ്ഥാനിലെ ജയ്പുരിൽ വച്ച് കർണിസേന പ്രസിഡന്റ് സുഖ്ദേവ് സിങ് ഗൊഗാമേദിയെ വെടിവച്ച് കൊന്നതും ലോറൻസ് ബിഷ്ണോയ് സംഘം തന്നെ. ഗൊഗാമേദിയെ കാണാൻ വീട്ടിലെത്തിയ മൂന്നംഗ സംഘം സംസാരിച്ചിരിക്കെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന മൂന്നാമതൊരാൾ അവരെ തടയാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അയാളെയും വെടിവച്ച് കൊന്നിട്ടാണ് അക്രമികൾ സ്ഥലം വിട്ടത്. ജയ്പുർ സ്വദേശിയായ ഈ മൂന്നാമനാണ് ഗൊഗാമേദിയെ നിരീക്ഷിച്ച് വിവരങ്ങൾ കൈമാറിയിരുന്നതെന്നാണ് പിന്നീട് പൊലീസ് വ്യക്തമാക്കിയത്. 

mob-crime-2
Representative image: (Photo: mizar_21984/istockphoto)
mob-crime-2
Representative image: (Photo: mizar_21984/istockphoto)

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരാവദിത്തമേറ്റെടുത്തു. തങ്ങളുടെ എതിരാളികൾക്ക് വളരാൻ സഹായം നൽകിയതിനാണ് ഗൊഗാമേദിയെ കൊലപ്പെടുത്തിയതെന്നായിരുന്നു വാദം. ഈ കൊലപാതകത്തിന് ശേഷം 10 മാസത്തെ ഇടവേള കഴിഞ്ഞാണ് ബാബാ സിദ്ദിഖിയെ സംഘം കൊലപ്പെടുതിയത്. നേരിട്ട് ബിഷ്ണോയ് സംഘവുമായി പ്രശ്നമൊന്നുമില്ലാത്ത ബാബാ സിദ്ദിഖിയെ കൊലപ്പെടുത്താൻ അവർ കണ്ടെത്തിയ കാരണമാണ് ഞെട്ടിക്കുന്നത്. അദ്ദേഹം ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന്റെ അടുത്ത സുഹൃത്താണത്രേ! 

∙ സൽമാൻ VS ബിഷ്ണോയ് 

ബിഷ്ണോയ് എന്നത് ഹിന്ദു മതത്തിലെ ഒരു വിഭാഗമാണ്. വൈഷ്ണവ ആരാധന പിന്തുടരുന്ന ഇവർ രാജസ്ഥാനിലും സമീപ സംസ്ഥാനങ്ങളിലുമാണ് കൂടുതലുള്ളത്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നയാളാണ് ലോറൻസ് ബിഷ്ണോയ്. ബിഷ്ണോയ് വിഭാഗം വിശുദ്ധമായി കരുതുന്ന കൃഷ്ണമൃഗത്തെ 1998ൽ ഒരു സിനിമാ ചിത്രീകരണത്തിനിടെ രാജസ്ഥാനിൽ വച്ച് സൽമാൻഖാൻ വേട്ടയാടി കൊന്നത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ കേസിൽ സൽമാന് ജയിലിൽ വരെ കിടക്കേണ്ടി വന്നു. എന്നാൽ കൃഷ്ണമൃഗത്തെ കൊന്ന കേസിൽ സൽമാൻ ഖാൻ പരസ്യമായി മാപ്പ് പറയണമെന്നതാണ് ലോറൻസ് ബിഷ്ണോയിയുടെ ആവശ്യം. മാപ്പ് പറയാത്ത പക്ഷം അതിനുള്ള പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് പലതവണ ലോറൻസ് ഭീഷണി മുഴക്കി. ജയിലിൽ നിന്ന് നൽകിയ ഒരു അഭിമുഖത്തിൽ പോലും ഇത് ആവർത്തിക്കുകയും ചെയ്തു. 

Salman Khan
സൽമാൻ ഖാൻ. (Photo by SUJIT JAISWAL / AFP)

2018ൽ സൽമാൻ ഖാന്റെ വീടിനു നേരെ ലോറൻസിന്റെ സംഘം വെടിവയ്പ് നടത്തിയിരുന്നു. തുടർന്ന് വേട്ടയാടൽ കേസിൽ ജോധ്പുരിലെ കോടതിയിൽ ഹാജരാകാനെത്തിയ സൽമാനെ അവിടെ വച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. മാപ്പ് പറഞ്ഞില്ലെങ്കിൽ സൽമാൻ ഖാന്റെ ഗതി സിദ്ദു മൂസവാലയുടേതിന് തുല്യമായിരിക്കുമെന്ന് അദ്ദേഹം കൊല്ലപ്പെട്ട് ഒരുമാസത്തിന് ശേഷം സൽമാനും പിതാവ് സലിം ഖാനും ഭീഷണിക്കത്ത് ലഭിച്ചു. 2023 നവംബറിൽ സൽമാന്റെ അടുത്ത സുഹൃത്തും നടനും ഗായകനുമായ ഗിപ്പി ഗ്രേവാളിന്റെ വീടിന് നേരെ ബിഷ്ണോയ് സംഘം വെടിവയ്പ് നടത്തി. ഇതിനെല്ലാം ഒടുവിലാണ് സൽമാന്റെ അടുത്ത സുഹൃത്തായ ബാബാ സിദ്ദിഖിയെ തന്നെ കൊലപ്പെടുത്തിയത്. വാർത്തകൾ പ്രകാരം സംഭവത്തിൽ സൽമാൻ ഖാൻ അടിമുടി ഉലഞ്ഞിരിക്കുകയാണ്. 

∙ പേടിപ്പെടുത്തുന്ന മുംബൈ ഭൂതകാലം 

ഒരിടവേളയ്ക്ക് ശേഷം ബോളിവുഡും വ്യവസായികളും അധോലോകത്തെ പേടിച്ചു തുടങ്ങിയതിന് കാരണം സൽമാൻ ഖാന് തൊട്ടടുത്തെത്തിയ ബിഷ്ണോയ് കൊലയാളി സംഘമാണെങ്കിൽ മുൻപ് ആ റോൾ ചെയ്തിരുന്നത് ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും അബു സലേമുമൊക്കെയായിരുന്നു. വ്യവസായികളെയും നിർമാതാക്കളെ ഭീഷണിപ്പെടുത്തി പണം വാങ്ങുക, സിനിമകൾക്ക് ഫിനാൻസ് ചെയ്യുക, ഭീഷണിപ്പെടുത്തി താരങ്ങളുടെ ഡേറ്റ് സംഘടിപ്പിക്കുക തുടങ്ങി എണ്ണമറ്റ കുറ്റകൃത്യങ്ങൾ മുംബൈയിൽ അരങ്ങേറി. ‌ഇതിൽ സിനിമാ ലോകവും വ്യവസായ ലോകവും ഒരുപോലെ നടുങ്ങിയത് സംഗീത വ്യവസായ രംഗത്തെ അതികായനും പ്രശസ്തമായ ടി സീരിസ് കമ്പനിയുടെ ഉടമയുമായ ഗുൽഷൻ കുമാറിന്റെ കൊലപാതകത്തിലാണ്. 

mob-crime-1
Representative image: (Photo: PeopleImages/istockphoto)
mob-crime-1
Representative image: (Photo: PeopleImages/istockphoto)

1997 ഓഗസ്റ്റ് 12ന് തന്റെ 46ാം വയസ്സിലാണ് ഗുൽഷൻ കുമാർ അന്ധേരി വെസ്റ്റിൽ വെടിയേറ്റു വീണത്. മാസം 5 ലക്ഷം രൂപ വീതം നൽകണമെന്ന അബുസലേമിന്റെ ഭീഷണിക്ക് അദ്ദേഹം വഴങ്ങിയില്ല. ഭീഷണി ആവർത്തിച്ചതോടെ വേണമെങ്കിൽ 5 ലക്ഷം രൂപ എല്ലാമാസവും അമ്പലത്തിന്റെ ഭണ്ഡാരത്തിലിടുമെന്നും മാഫിയകൾക്ക് തരില്ലെന്നും ഗുൽഷൻ വ്യക്തമാക്കി. ഇതിൽ പ്രകോപിതനായ അബുസലേം നിയോഗിച്ച റൗഫ്, അബ്ദുൽ റാഷിദ്എന്നീ ക്രിമിനലുകളാണ് രാവിലെ 10.40ന് ക്ഷേത്രത്തിൽ നിന്ന് പ്രാർഥിച്ച് പുറത്തിറങ്ങി വരുംവഴി അദ്ദേഹത്തെ വെടിവച്ച് കൊന്നത്. വെടിയേറ്റ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഗുൽഷൻ കുമാറിനെ പിന്തുടർന്ന് തുടരെ തുടരെ വെടിയുതിർത്തു ക്രൂരമായിട്ടാണ് അക്രമികൾ കൊല ചെയ്തത്. 

ഏതാണ്ട് 20 മിനിറ്റോളം തിരക്കേറിയ റ‍ോ‍‍ഡിൽ പട്ടാപ്പകൽ സംഭവം നടന്നിട്ടും ഒരാൾ പോലും സഹായിക്കാനോ പൊലീസിനെ അറിയിക്കാനോ കഴിയാതെ ഭയന്ന് മരവിച്ചു നിൽക്കുകയായിരുന്നു. മുംബൈ അധോലോകത്തിന്റെ ക്രൂരതയ്ക്കിരയായ ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്ത ഏറ്റവും പ്രധാനപ്പെട്ടയാൾ ഒരുപക്ഷേ ഗുൽഷൻ കുമാറായിരിക്കും. ആ ഓർമകളുടെ ഉണങ്ങിയ മുറിപ്പാടുകളിലേക്ക് തന്നെയാണ് ലോറൻസ് ബിഷ്ണോയും കൂട്ടരും ഇപ്പോൾ വെടിയുതിർത്തിരിക്കുന്നത്.

English Summary:

Lawrence Bishnoi: The New Face of Mumbai's Underworld Reigniting Bollywood Fear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com