‘എന്റെ ഭാര്യയും കുട്ടിയും ഹമാസ്’; ചെരിപ്പിടാതെ ജയിലിലെ സ്വന്തം ‘മണ്ണിൽ’; രക്ഷിക്കാൻ ഇറാനും വന്നില്ല; ഇനി തലപ്പത്ത് ‘ഹോട്ടൽ ഗയ്സ്’?
Mail This Article
ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റ് ഭീകരതയുടെ നാളുകൾക്കു ശേഷം ജൂതരുടെ ജീവിതത്തിലുണ്ടായ ഏറ്റവും വിനാശകാരിയായ ദിനം. 2023 ഒക്ടോബർ ഏഴിനെ ഇസ്രയേൽ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. വിഷവാതകം ശ്വസിപ്പിച്ചും പട്ടിണിക്കിട്ടും പലവിധ പരീക്ഷണങ്ങൾ നടത്തിയും ഇഞ്ചിഞ്ചായിട്ടായിരുന്നു ഹോളോകോസ്റ്റ് മരണങ്ങൾ. എന്നാൽ ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് അതിക്രമിച്ചു കയറിയ ഹമാസ് സംഘം കൊലപ്പെടുത്തിയത് 1200ലേറെ പേരെയായിരുന്നു. അന്ന് ബന്ദികളാക്കപ്പെട്ട ഇരുന്നൂറ്റി അൻപതോളം പേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നുമില്ല. ഹമാസ് ആക്രമണത്തിനു തൊട്ടുപിന്നാലെ ഗാസ മുനമ്പിലേക്ക് മിസൈൽ വർഷം തീർക്കുകയായിരുന്നു ഇസ്രയേൽ. കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 42,000 കടന്നു. അനേകായിരങ്ങൾ അംഗവൈകല്യത്തിനുമിരയായി. അതിനിടെ ഹമാസിന് പിന്തുണ നൽകുന്ന ലബനനിലെ ഹിസ്ബുല്ല സംഘത്തിനെ ലക്ഷ്യമിട്ടും ഇസ്രയേൽ ആക്രമണം നടത്തി. ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനു പേർ പലായനം ചെയ്തു. എല്ലാറ്റിനും കാരണമായത് 2023 ഒക്ടോബർ 7ലെ ആ ആക്രമണമായിരുന്നു. അത് പദ്ധതിയിട്ടതാകട്ടെ ഹമാസ് തലവൻ യഹ്യ സിൻവറും.