ദുരന്തം വൈകില്ല, 2025ൽത്തന്നെ തുടക്കമിടും; ഗൾഫ് സ്ട്രീമിൽ എന്താണ് സംഭവിക്കുന്നത്? അറ്റ്ലാന്റിക്കിലെ ആ സംവിധാനം തകരുന്നു
Mail This Article
കാലാവസ്ഥയിലെ ഓരോ മാറ്റവും ജനജീവിതം കൂടുതൽ ദുഃസ്സഹമാക്കുമെന്നാണ് പുതിയ പഠനങ്ങളും സംഭവവികാസങ്ങളും പറയുന്നത്. സമാധാനത്തോടെ ജീവിതം നയിച്ചിരുന്നവരെല്ലാം ഏതെങ്കിലും രീതിയിൽ കാലാവസ്ഥയുടെ ഭീതിജനകമായ മാറ്റങ്ങൾക്ക് ഇരയായേക്കുമെന്നാണ് മുന്നറിയിപ്പ്. മുൻപൊരിക്കലും പ്രതിസന്ധി നേരിട്ടില്ലാത്തവർ പോലും പേമാരിക്കും പ്രളയത്തിനും ഉരുൾപൊട്ടലിനും ചുഴലിക്കാറ്റിനും ഇരയാകുന്നു. നിമിഷങ്ങൾക്കുള്ളിലാണ് കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുന്നത്. രാജ്യാന്തരതലത്തിലെ കാലാവസ്ഥയിലെ വൻ മാറ്റങ്ങൾ ഭൂമിയിലെ ജീവന്റെ നിലനിൽപിനു തന്നെ ഭീഷണിയായേക്കാം എന്നാണ് പുതിയ ഗവേഷണ റിപ്പോർട്ടുകൾ പറയുന്നത്. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുന്നതാണ് ഗൾഫ് സ്ട്രീം ഉൾപ്പെടുന്ന അറ്റ്ലാന്റിക് സമുദ്ര പ്രവാഹങ്ങൾ. എന്നാൽ ഇതിലെ ഒരു നിർണായക സംവിധാനം 2030കളുടെ അവസാനത്തോടെ തകരുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇത് സംഭവിച്ചാൽ ലോകത്തെ മൊത്തം കാലാവസ്ഥയും പരിസ്ഥിതിയും മാറിമറിയും. മാത്രവുമല്ല, അതിന്റെ പ്രതിഫലനം നൂറ്റാണ്ടോളം തുടരുകയും ചെയ്യും. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ലോകത്തിലെ പ്രശസ്തരായ 41 പരിസ്ഥിതി ഗവേഷരുടെ കൂട്ടായ്മയാണ് നൽകിയിരിക്കുന്നത്.