ഈ തൊഴിലുകളിൽ നിങ്ങൾ മിടുക്കരാണോ? ജോലിയില്ലെങ്കിലും ശമ്പളം! സർക്കാരും 3 ‘ഡി’യും സഹായിക്കും, കുടിയേറാം ജർമനിയിലേക്ക്
Mail This Article
ബെർലിനിൽ നാത്‌സികളുടെ പ്രൊപഗാൻഡ ഹാളിൽ യോഗം നടക്കുകയാണ്! ഹിറ്റ്ലറുടെ ഭരണകാലത്ത് നാത്‌സി ആശയങ്ങൾ പ്രചരിപ്പിക്കാനാണ് പ്രൊപഗാൻഡ മന്ത്രാലയം രൂപീകരിച്ചത്. പ്രധാനപ്പെട്ട യോഗങ്ങൾ ചേർന്നിരുന്ന ആ ഹാൾ അതേപടി നില നിർത്തിയിരിക്കുകയാണ്. ഇപ്പോൾ അവിടെ തൊഴിൽ– സാമൂഹിക ക്ഷേമ മന്ത്രാലയമാണ് പ്രവർത്തിക്കുന്നത്. ജർമൻ ഫെഡറൽ സർക്കാരിന്റെ തൊഴിൽ സാമൂഹികകാര്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജനറല്‍ ഫാബിയൻ ലാൻഗൻബ്രൂച്ചിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ കുടിയേറ്റ പദ്ധതി വിശദീകരിക്കുന്നു. ജർമൻ രീതി അനുസരിച്ച് സാൻഡ്‌വിച്ചും ജ്യൂസും പങ്കെടുക്കുന്നവർക്കായി മേശപ്പുറത്തും വശത്തുള്ള മേശയിലും ഒരുക്കിയിരിക്കുന്നു. യോഗത്തിനിടയിൽ ചായ നൽകുന്ന രീതി ഇല്ല. പ്രതിനിധികൾക്ക് എടുത്തു കഴിക്കാം. യോഗം കഴിഞ്ഞു. പരസ്പരം കുശലാന്വേഷണങ്ങൾക്കു ശേഷം എല്ലാവരും പിരിയുന്നു. ഒടുവിലാണ് ആ കാഴ്ച കാണുന്നത്. യോഗത്തിലെ പ്രധാന ഉദ്യോഗസ്ഥ തന്നെ അവശേഷിച്ച സാൻഡ്‌വിച്ച് ട്രേ എടുത്തുകൊണ്ടു പോകുന്നു. സ്വന്തം വീട്ടിൽ അതിഥികളെ സൽക്കരിച്ചു മടങ്ങുന്ന വീട്ടുകാരിയുടെ സന്തോഷത്തോടെ എന്നു കരുതാം. യോഗം എത്ര ഉന്നത തലം ആണെങ്കിലും അറ്റൻഡർമാരോ മറ്റു സഹായികളോ അവിടെ ഉണ്ടാകാറില്ല. തങ്ങളുടെ ജോലിയോടുള്ള ജർമൻകാരുടെ സമീപനം ഈ സംഭവത്തിൽനിന്നുതന്നെ വ്യക്തം. ജോലിയോടുള്ള ഈ സമീപനം പോലെ ജോലി തേടി വരുന്നവരോടും ജർമനിയുടെ സമീപനം വ്യത്യസ്തമാണ്. ഒരു ഭാഗത്ത് വിവിധ രാജ്യങ്ങളിൽനിന്ന് ഉദ്യോഗാർഥികൾ ജോലി തേടുമ്പോൾ മറുഭാഗത്ത് ഉദ്യോഗാർഥികളെ ജർമനിയും തേടുകയാണ്. ജോലി തേടുന്നവരെ കണ്ടെത്താനും ആവശ്യമായ പരീശീലനം നൽകാനും ജർമനിയിലേക്കുള്ള അവരുടെ യാത്ര സുഗമമാക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ജർമനി ഒരുക്കുന്നു. ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി ജർമൻ ചാൻസലർ ഒലോഫ് ഷോൾസ് ഒക്ടോബറിൽ ഡൽഹിയിൽ എത്തിയിരിക്കുന്നു. സാമ്പത്തിക രംഗത്തെ സഹകരണം മുതൽ വീസ നടപടികൾ വരെ ചർച്ചയിൽ ഉയരും. തൊഴിനന്വേഷകർക്കായി ജർമനി ഒരുക്കുന്ന സൗകര്യങ്ങൾ എന്തൊക്കെയാണ്? വായിക്കാം വിശദമായി.