തോക്കിൻ മുനയിലും സിറിയയെ കബളിപ്പിച്ച ചാരൻ; 6 മണിക്കൂർ കഴുമരത്തിലാടിയ മൃതദേഹം; ആ വാച്ചിനായി മൊസാദ് കാത്തത് 5 പതിറ്റാണ്ട്
Mail This Article
ജീവനത്തിനും അതിജീവനത്തിനും വേണ്ടിയുള്ള ഇസ്രയേലിന്‍റെ പോരാട്ടത്തിലെ മുഖ്യകണ്ണിയാണ് മൊസാദ്. ലബനനിലെ ബനനിൽ 12 പേർ കൊല്ലപ്പെട്ട പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ലോകം ഞെട്ടലോടെ ഇന്‍റനെറ്റിൽ തിരഞ്ഞ ഇസ്രയേൽ ചാര സംഘടനയുടെ തുടക്കം പോലും രാജ്യത്തിന്‍റെ നിലനിൽപ്പിന് വേണ്ടിയായിരുന്നു. കേരളത്തേക്കാൾ ചെറിയ ഭൂപ്രദേശമാണ് ഇസ്രയേലിന്റേത്. ഒരു കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള ഇന്നത്തെ ഇസ്രയേലിന് ലോക വ്യാപകമായി അദൃശ്യരായി പ്രവർത്തിക്കുന്ന ചാരന്മാരുടെ വലിയ ശൃംഖലയുണ്ട്. 1948ൽ ആധുനിക ഇസ്രയേൽ രൂപീകരിച്ചപ്പോൾ അയൽ രാജ്യങ്ങൾ ജൂത രാഷ്ട്രത്തെ ശത്രുപക്ഷത്ത് നിർത്തി. പല രാജ്യങ്ങളിൽ നിന്നും ഒരേ സമയം ആക്രമണം വന്ന കാലത്ത് തിരിച്ചടിക്കാനും പ്രതിരോധിക്കാനും ശത്രുവിന്‍റെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് ഒരു മുഴം മുൻപേ പ്രവർത്തിക്കാനുമാണ് മൊസാദ് രൂപീകരിച്ചത്. മൊസാദ് രൂപീകരണ കാലം മുതൽ സംഘടനയെ മുന്നോട്ട് നയിക്കുന്നത് അദൃശ്യമായി ചുമതലകൾ നിർവഹിച്ച് മാഞ്ഞുപോകുന്ന ചാരന്മാരാണ്. പക്ഷേ അങ്ങനെയുള്ള ചില ചാരന്മാരെ കാലം മറനീക്കി പുറത്ത് കൊണ്ടു വന്നിട്ടുണ്ട്. സിറിയയിൽ പ്രതിരോധ മന്ത്രിയാകുന്നതിന് സാധ്യതയുണ്ടായിരുന്നതായി ജീവചരിത്രകാരന്മാർ പറയുന്ന എലി കോഹനും അത്തരത്തിൽ ഒരാളാണ്. പതിറ്റാണ്ടുകൾക്ക് ഇപ്പുറത്തും എലി കോഹന്‍റെ പേര് മക്കൾക്ക് നൽകുന്ന ജനത ഇസ്രയേലിൽ പിറവിയെടുത്തതിന് പിന്നിൽ അതിസാഹസികമായ ഒരു ജീവിത കഥയുണ്ട്. അത് ഇസ്രയേലിന്‍റെ മാത്രമല്ല എലി കോഹന്‍റെയും ജീവനത്തിന്‍റെയും അതിജീവനത്തിന്‍റെയും പോരാട്ട കഥയാണ്.