‘ഞാൻ ആത്മഹത്യകളുടെ ഗായകനായോ?’; ആദ്യം കാമുകി, പിന്നാലെ ജീവനൊടുക്കി ഇരുന്നൂറോളം പേർ; ലോകം ഞെട്ടിയ ‘മരണഗാനം’
Mail This Article
ആത്മഹത്യാ ഗാനം എന്ന പേരിൽ പ്രസിദ്ധിയാർജ്ജിക്കുക...! ഹംഗേറിയൻ കവി ലാസ്ലോ ജാവോർ രചിച്ച്, ഹംഗേറിയൻ സംഗീതസംവിധായകനും പിയാനിസ്റ്റുമായ റെസോ സെറെസ് ഈണം നൽകിയ ഗ്ലൂമി സൺഡേ എന്ന ഗാനത്തിന്റെ വിധി അതായിരുന്നു. 1933ൽ പുറത്തിറങ്ങിയ ഈ ഗാനം ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. 1936ൽ സാം എം ലൂയിസ് എഴുതിയ ഗാനത്തിന്റെ ഇംഗ്ലിഷ് പതിപ്പ് ഹാൽ കെംപും ഡെസ്മണ്ട് കാർട്ടർ എഴുതിയ ഇംഗ്ലിഷ് പതിപ്പ് പോൾ റോബ്സണുമാണ് റെക്കോർഡു ചെയ്‌തു പുറത്തിറക്കിയത്. ഗാനത്തിന്റെ പുതിയ പതിപ്പ് 1941ൽ ബില്ലി ഹോളിഡേ ഇറക്കിയതോടെ ഗാനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. മഹാമാന്ദ്യത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചിരുന്ന ഹംഗറിയടക്കമുള്ള രാജ്യങ്ങളിൽ ജനപ്രീതി നേടിയെടുക്കാൻ ഗ്ലൂമി സൺഡേയ്ക്ക് സാധിച്ചു. ദുഃഖഭരിതമായ വരികളും മനോഹരമായ ഈണവും കാരണം ലോകമെമ്പാടും പ്രശസ്തമായ ഗാനത്തിന്റെ കഷ്ടകാലം തുടങ്ങുന്നത്, ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ആത്മഹത്യകൾക്ക് ഈ ഗാനവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്.