‘കിഴങ്ങൻ’ അല്ലെന്ന് എഴുത്തിലൂടെ തെളിയിച്ച നേതാവ്; പ്രതിസന്ധികളിൽ നിന്ന് അമ്മത്തണൽ ഇല്ലാതെ ജ്വലിച്ച ‘തീപ്പൊരി’; ഇനി വൈറ്റ് ഹൗസിലെ ‘ഉപരാജ’
Mail This Article
വിലാപകാവ്യം - തന്റെ യൗവനം വരെയുള്ള ജീവിതസ്മരണകളുടെ പുസ്തകത്തിന് ഇങ്ങനെയൊരു വിശേഷണം നല്കിയ ഒരാളുണ്ട്; യുഎസ് വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തുന്ന ജെ.ഡി.വാന്‍സ്. ‘ഹില്‍ബിലി എലിജി’ (Hillbilly Elegy) എന്നു പേരിട്ട ആ പുസ്തകത്തിന്റെ സബ് ടൈറ്റില്‍ ഇങ്ങനെയാണ് ‘പ്രതിസന്ധിയിലകപ്പെട്ട ഒരു കുടുംബത്തിന്റെയും സംസ്കാരത്തിന്റെയും ഓര്‍മക്കുറിപ്പ്’ (A Memoir of a Family and Culture in Crisis). യുഎസിന്റെ വടക്കുകിഴക്കന്‍ പ്രദേശത്തെ അപ്പലാച്ചിയന്‍ പര്‍വതനിരകള്‍ ഉള്‍പ്പെടുന്ന ഒഹായോ സംസ്ഥാനത്തെ ദരിദ്ര കുടുംബങ്ങളിലൊന്നിന്റെ കഥ പറഞ്ഞ് വാന്‍സ് അമേരിക്കയിലെ മധ്യവര്‍ഗത്തിനും താഴെയുള്ളവര്‍ നേരിടുന്ന പ്രതിസന്ധിയുടെ ചിത്രം തന്നെയാണ് ഇതില്‍ വരച്ചു ചേര്‍ത്തത്. 2016ല്‍ ഇറങ്ങിയ പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ നേരത്തേ തന്നെ വിറ്റഴിഞ്ഞിരുന്നു. എന്നാല്‍ അടുത്തകാലത്ത് പുസ്തകത്തിന് കാര്യമായ വിൽപന ഇല്ലാതിരുന്നപ്പോഴാണ് ജെ.ഡി.വാന്‍സ് റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടത്. പിന്നീട് കണ്ടത് അമ്പരപ്പിക്കുന്ന വിൽപനയാണ്. പ്രഖ്യാപനം വന്നതിനു പിന്നാലെ 24 മണിക്കൂര്‍ സമയം കൊണ്ട് ഒന്നര ലക്ഷം കോപ്പികള്‍ വിറ്റെന്ന് പുസ്തകത്തിന്റെ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് പറയുന്നു. ജൂലൈ അവസാനിക്കും മുന്‍പ് ദശലക്ഷക്കണക്കിന് പുസ്തകങ്ങളാണ് വിറ്റുപോയത്. അതിനു ശേഷമുള്ള കാലത്തെ കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇതേ പേരില്‍ 2020ല്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ചിത്രവും വമ്പന്‍ ഹിറ്റാണ്.