കാട്ടിൽ ഉദ്യോഗസ്ഥർക്കു നേരെ നീണ്ട ഇരട്ടക്കുഴൽ തോക്ക്; 16–ാം വയസ്സിൽ സ്വന്തം കൊള്ളസംഘം, ചന്ദനവേട്ട; പിന്നെ സംഭവിച്ചത്...
Mail This Article
1990കളിലെ ഒരു രാത്രി. കുമളി പ്രദേശത്ത് ദിവസങ്ങളായി ശക്തമായ മഴയായിരുന്നു. തേക്കടി വനമേഖലയിൽ ഉൾക്കാട്ടിൽ വലിയ തോതിൽ ചന്ദനമരം മുറിക്കുന്നതായി വിവരം ലഭിച്ചിട്ടാണ് പതിനഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടാകം കടന്നു വനത്തിലേക്കു കയറിയത്. വനത്തിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചിട്ടും കൊള്ളക്കാരെ കണ്ടെത്താനായില്ല. തിരികെ നടക്കാൻ തുടങ്ങുമ്പോൾ മരം വീഴുന്ന ശബ്ദം കേട്ടു. അവിടേക്കു നടന്ന ഉദ്യോഗസ്ഥർക്കു നേർക്കെത്തിയത് ഒരു ഇരട്ടക്കുഴൽ തോക്ക്. മുന്നിൽ നിൽക്കുന്നത് പതിനാറുകാരൻ കുഞ്ഞുമോൻ. നിക്കറും കയ്യില്ലാത്ത ബനിയനുമാണ് വേഷം. കാലിൽ ചെരുപ്പില്ല. പിന്നാലെ തോക്കുമായി കുറച്ചധികം പേർ. അന്നാദ്യമായല്ല ഫോറസ്റ്റ് ഉദ്യോഗസ്ഥർ കുഞ്ഞുമോന്റെ മുന്നിൽ പതറുന്നത്. 12–ാം വയസ്സിൽ ആദ്യമായി വനത്തിലേക്കു കയറിയപ്പോൾ മുതൽ അവർക്കു തലവേദനയായിരുന്നു കുഞ്ഞുമോൻ. അന്നു താണ്ടിയ വനപാതകളിലൂടെ ഇന്നു വനം വകുപ്പിന്റെ കുപ്പായമണിഞ്ഞ് വിദേശികളുമായി ട്രെക്കിങ് നടത്തുകയാണ് കുഞ്ഞുമോൻ. നെതർലൻഡ്സിൽ നിന്നുള്ള സഞ്ചാരികളുമായി നടക്കുന്നതിനിടെ തന്റെ ഫോണിലെ ഒരു ചിത്രം അവരെ കാട്ടി. ക്രിക്കറ്റേഴ്സ് ഫോർ വൈൽഡ് കൺസർവേഷന്റെ മികച്ച വനപരിപാലകനുള്ള അവാർഡ് സ്വീകരിക്കുന്ന ചിത്രം. ‘മുൻ ക്രിക്കറ്റർ ജി.വിശ്വനാഥാണ് കൂടെ’ – കുഞ്ഞുമോൻ വിശദീകരിച്ചു. അഭിനന്ദനങ്ങൾക്കിടെ വിദേശികളുടെ സംശയം – ‘എന്തു കൊണ്ടാണ് അവാർഡ് ലഭിച്ചത് ?’ കുഞ്ഞുമോൻ മറുപടി പറഞ്ഞു : ഐ ഹാഡ് എ പാസ്റ്റ് (എനിക്കൊരു ഭൂതകാലമുണ്ടായിരുന്നു)