രത്തൻ ടാറ്റയോട് 15 കോടി 'കൈക്കൂലി' ചോദിച്ച് തകർത്ത സ്വപ്നം; വിസ്താരയെ വിഴുങ്ങി എയർ ഇന്ത്യ; യാത്രക്കാർക്ക് ഗുണം ചെയ്യുമോ ലയനം?
Mail This Article
എല്ലാവരെക്കൊണ്ടും നല്ലതു മാത്രം പറയിപ്പിച്ച ഒരു ‘തങ്കപ്പെട്ട ബ്രാൻഡ്’, അതായിരുന്നു വിസ്താര. നല്ലതു പറയിപ്പിക്കുക ഇത്ര വലിയ കാര്യമാണോയെന്നു തോന്നാം, പക്ഷേ വ്യോമയാനരംഗത്ത് ഇത് വമ്പൻ സംഗതി തന്നെയാണ്. അത്രയ്ക്കുണ്ട് പല വിമാനക്കമ്പനികളെക്കുറിച്ചും ജനങ്ങളുടെ മനസ്സിലുള്ള ‘നെഗറ്റീവ്’ ചിന്താഗതി. സർക്കാരിൽ നിന്ന് ഏറ്റെടുത്ത് നാളുകൾ കഴിഞ്ഞിട്ടു പോലും എയർ ഇന്ത്യയെക്കുറിച്ചുള്ള ‘നെഗറ്റിവിറ്റി’ സാക്ഷാൽ ടാറ്റ ഗ്രൂപ്പിന് പോലും മായ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഓർക്കണം. എയർ ഇന്ത്യയിലേക്ക് വിസ്താര ലയിക്കുന്നുവെന്ന് കേട്ടപ്പോൾ മുതൽ ആളുകൾ ചോദിച്ചത് ഒരേയൊരു ചോദ്യമാണ്–‘വിസ്താരയുടെ എക്സ്പീരിയൻസ് എയർ ഇന്ത്യയാകുമ്പോൾ കിട്ടുമോ?’. ആ ചോദ്യം ഒടുവിൽ ടാറ്റ ഗ്രൂപ്പ് കേട്ടു. വിസ്താര വിമാനങ്ങളിലെ യാത്രാനുഭവം അതേപടി നിലനിർത്തുമെന്ന് ഉറപ്പുനൽകേണ്ടി വന്നു. ഒപ്പം ഒരു വാഗ്ദാനവും–എയർ ഇന്ത്യയെ വിസ്താരയുടെ തലത്തിലേക്ക് ഉയർത്തും! ഈ വാഗ്ദാനം യാത്രക്കാർ അപ്പാടെ വിഴുങ്ങിയിട്ടില്ലെന്നതു സത്യമാണ്. പക്ഷേ, 10 വർഷം പഴക്കവും 70 വിമാനങ്ങളും മാത്രമുള്ള ഒരു കമ്പനിയുടെ നിലവാരത്തിലേക്ക് 140 വിമാനങ്ങളും 90 വർഷത്തിന്റെ ചരിത്രവുമുള്ള ഒരു കമ്പനി മാറുമെന്ന് പറയേണ്ടി വന്നെങ്കിൽ, അത് വിസ്താരയുടെ വിജയമാണ്. മറ്റൊരു ബ്രാൻഡിനും അവകാശപ്പെടാനാവാത്ത മികവിന്റെ ചരിത്രമാണ് വിസ്താരയ്ക്കുള്ളത്. ബ്രാൻഡ് നിറം മുതൽ പ്രീമിയം ഇക്കോണമി ക്ലാസ് വരെ ഇതിൽ എടുത്തുപറയേണ്ടതാണ്. ഇന്ത്യയിൽ പ്രീമിയം ഇക്കോണമിയെന്ന സങ്കൽപ്പം തന്നെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് വിസ്താരയ്ക്കാണ്. ഇന്ത്യൻ വ്യോമയാന രംഗത്തിന് ഒരു പ്രീമിയം ലുക്ക് ആൻഡ് ഫീൽ നൽകിയാണ് വിസ്താര കടന്നുപോകുന്നത്.