തലയോട്ടിയിൽ ഫ്ലൂയിഡ് മാറ്റം, കണ്ണുകൾ കുഴിഞ്ഞു, കാഴ്ചയും നഷ്ടപ്പെടാം; നാസ നുണ പറയുകയാണോ? അപകട നിലയത്തിൽ സുനിത വില്യംസ്?
Mail This Article
കേവലം ഒരാഴ്ചത്തെ സന്ദർശനത്തിനു പോയതാണ് ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുഷ് വില്‍മോറും. ബഹിരാകാശ നിലയത്തിൽ ഒരാഴ്ച തങ്ങാൻ 2024 ജൂൺ 5നാണ് ഇരുവരും യാത്രതിരിച്ചത്. എന്നാൽ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന്, ഒരാഴ്ചത്തെ ദൗത്യം മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഭൂമിയിലേക്ക് തിരിക്കാൻ 2025 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. അതിനിടെ നിലയത്തിന്റെ കമാൻഡർ സ്ഥാനവും സുനിത ഏറ്റെടുത്തു. നിലയത്തിലെ ദീപാവലി ആഘോഷത്തിന്റെ ഉൾപ്പെടെ ചിത്രങ്ങളും പുറത്തുവന്നു. എന്നാൽ അടുത്തിടെ പുറത്തുവന്ന ചിത്രങ്ങൾ ശ്രദ്ധിച്ച പലർക്കും ഒരു സംശയം. ‘ഇതെന്താ സുനിത വില്യംസ് ഇങ്ങനെ! ആകെ ക്ഷീണിച്ച് വശംകെട്ടിരിക്കുന്നു..!’ ബഹിരാകാശ നിലയത്തിൽ നിലവിലുള്ള യാത്രികരിലൊരാളുടെ ആരോഗ്യത്തെക്കുറിച്ച് ചിലർ ആശങ്ക അറിയിക്കുകയും ചെയ്തു. അതോടെ സമൂഹ മാധ്യമങ്ങളിലും ചർച്ച ശക്തമായി. സുനിതയ്ക്ക് കുഴപ്പമൊന്നുമില്ലെന്നു നാസ തന്നെ വാർത്താക്കുറിപ്പ് ഇറക്കിയിട്ടും ആശങ്കയുടെ കാർമേഘങ്ങൾ കുറയുന്നില്ല. ബഹിരാകാശ യാത്രകളും പര്യവേക്ഷണവും മനുഷ്യരാശിയെ എന്നും ആകർഷിച്ചിട്ടുള്ളതാണ്. എന്നാൽ ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറത്തേക്കുള്ള ദീർഘദൂര യാത്രകൾ വൻ വെല്ലുവിളികളുടേത് കൂടിയാണ്, പ്രത്യേകിച്ച് മനുഷ്യന്റെ ആരോഗ്യകാര്യത്തിൽ. മൈക്രോ ഗ്രാവിറ്റി, റേഡിയേഷൻ എക്സ്പോഷർ, ഐസലേഷൻ തുടങ്ങിയ നിരവധി ഘടകങ്ങളിൽ നിന്നാണ് ഈ വെല്ലുവിളികൾ ഉണ്ടാകുന്നത്. ഇതോടൊപ്പം തന്നെ കുട്ടിയിടി ഭീഷണികളും. നാസ പോലുള്ള ബഹിരാകാശ ഏജൻസികളും സ്‌പേസ്എക്‌സ് പോലുള്ള സ്വകാര്യ കമ്പനികളും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കുമുള്ള ദീർഘദൂര ദൗത്യങ്ങൾക്കായി തയാറെടുക്കുമ്പോൾ ബഹിരാകാശയാത്രികരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കേണ്ടതുണ്ട്. എന്താണ് സുനിതയുടെ ആരോഗ്യപ്രശ്നങ്ങൾ? ബഹിരാകാശത്ത് എത്തുന്ന മനുഷ്യ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? ശാരീരികമായി എന്തൊക്കെ മാറ്റങ്ങൾ വരാം? ബഹിരാകാശത്തെ റേഡിയേഷൻ യാത്രികരെ എങ്ങനെയാണ് ബാധിക്കുക? പരിശോധിക്കാം.