ദിവസവും പുതിയ കാമുകി, ഇണ പോയാൽ വീണ്ടും വീണ്ടും വിവാഹം; സെക്സ് മാത്രമല്ല കാരണം; അവിഹിതമെന്നു കുറ്റപ്പെടുത്താനും വരട്ടെ!
Mail This Article
‘‘ഒറ്റയ്ക്കു ജീവിച്ചാലെന്താ കുഴപ്പം? കൂട്ടിനൊരാളില്ലെങ്കിൽ എന്ത് സംഭവിക്കാനാണ്?’’ ശരിയാണ്, ഇണയില്ലാതെ ജീവിക്കാൻ പലർക്കും സാധിക്കും. പങ്കാളിയെ നഷ്ടപ്പെട്ടാൽ ആ ദുഃഖത്തിൽ ജീവിതകാലം മുഴുവൻ വെന്തുനീറി കഴിയുന്നവരുണ്ട്. കൂടെയാരും വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ ഒറ്റയ്ക്കു ജീവിക്കുന്നവരുമുണ്ട്. പക്ഷേ ഇതിലൊന്നും ഉൾപ്പെടാത്ത മറ്റൊരു വിഭാഗം കൂടി സമൂഹത്തിലുണ്ടെന്നു മനസ്സിലാക്കേണ്ടിരിക്കുന്നു. ശാരീരികമായ ആരോഗ്യമുണ്ടെങ്കിലും മാനസികാരോഗ്യം തകരാറിലായവർ. മറ്റൊരാളിൽ ആശ്രയിക്കാതെ, മറ്റൊരാൾ കൂടെയില്ലാതെ ദിനചര്യകൾ പോലും ചെയ്യാൻ പറ്റാത്ത ചിലർ. അതുകൊണ്ടുതന്നെ ഒരു പങ്കാളിയെ പിരിഞ്ഞാൽ വൈകാതെ അവർ രണ്ടാമതൊരാളെ സ്വീകരിച്ചേക്കാം. ആ ബന്ധവും നഷ്ടപ്പെട്ടാൽ വേറൊരാളെ. തുടരെത്തുടരെ വിവാഹം കഴിക്കുകയോ ലിവിങ് റിലേഷൻഷിപ്പിലാവുകയോ ചെയ്യുന്നവരെ തെറ്റുകാരായി മുദ്രകുത്തി പരിഷ്കൃത സമൂഹവും കല്ലെറിയുന്നു. ‘ഇവർക്കിതൊക്കെ എങ്ങനെ സാധിക്കുന്നു’, ‘നാണമില്ലല്ലോ’, ‘ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കെടേ’... എന്നിങ്ങനെ അധിക്ഷേപവാക്കുകൾ അവർക്കുമേൽ വർഷിക്കുന്നു. ഒരു സമൂഹത്തിന്റെയൊന്നാകെ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങി അവർ പുതിയ ബന്ധങ്ങൾക്കു തുടക്കമിടുന്നുണ്ടെങ്കിൽ ഒറ്റയ്ക്കൊരു ജീവിതം ചിന്തിക്കാൻ പോലും പറ്റാത്തവരായിരിക്കും അവർ. ശാരീരിക ആവശ്യങ്ങൾ മാത്രം ലക്ഷ്യം വച്ചുകൊണ്ടായിരിക്കില്ല അവർ പുതിയ ഇണകളെ സ്വീകരിക്കുന്നത്. ഇമോഷനൽ ഡിപെൻഡൻസി എന്നത് ഒരു മാനസികാവസ്ഥയാണെന്ന് സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നിയമപരമായി ഒരു പങ്കാളിയുള്ളപ്പോൾ മറ്റൊരാളെ സ്വീകരിക്കാൻ നമ്മുടെ രാജ്യത്തെ നിയമം അനുമതി നൽകുന്നില്ല എന്നത് യാഥാർഥ്യമാണ്. എന്നാൽ, ചില പ്രത്യേക മതവിഭാഗങ്ങൾ ബഹുഭാര്യാത്വവും അംഗീകരിക്കുന്നുമുണ്ട്. ഇതിനിടെയാണ് തുടരെത്തുടരെ പങ്കാളികളെ മാറ്റുന്നവർ. അതിൽ ചില സെലിബ്രിറ്റികൾ കൂടി ഉൾപ്പെടുമ്പോൾ വൻ വാർത്താ പ്രാധാന്യം നേടുന്നു, സമൂഹത്തിന്റെ ആക്രമണവും ശക്തമാകുന്നു. എന്നാൽ തുടരെത്തുടരെ മറ്റൊരു പങ്കാളിയെ ആശ്രയിക്കുന്നവർക്കു നേരെ വാളെടുക്കും മുൻപ് അവരുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കുന്നതിലേക്കു സമൂഹം വളരേണ്ട സമയമായില്ലേ! കുറ്റപ്പെടുത്തും മുൻപ് ഈ വിഷയത്തെക്കുറിച്ച് മലയാളികൾ പല കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അത്തരമൊരു ചർച്ചയ്ക്ക് തുടക്കമിടുകയാണിവിടെ. ഈ വിഷയത്തിൽ സൈക്കോളജിസ്റ്റ് ഡോ. പ്രജീഷ് പാലാന്തറ (ട്രസ്റ്റ് സെന്റര്‍ ഫോര്‍ മൈന്‍ഡ്ഫുള്‍ ലിവിങ്, കോഴിക്കോട് ആൻഡ് എറണാകുളം), അഡ്വ. മൻസൂർ.ബി.എച്ച് (അഭിഭാഷകൻ, കേരള ഹൈക്കോടതി) എന്നിവർ സംസാരിക്കുന്നു.