ഭൂമിയിൽനിന്നു കാണുന്നതല്ല ബഹിരാകാശത്തെ മരണവും ചുഴലിക്കാറ്റും; ബുക്കർ നിറവിൽ ‘ഓർബിറ്റൽ’ വായനാനുഭവം
Mail This Article
ഏറെ ആകാംക്ഷയോടെയും കൗതുകത്തോടെയുമാണ് സമാന്ത ഹാർവിയുടെ ‘ഓർബിറ്റൽ’ വായിച്ചത്. അതിനു കാരണമുണ്ട്. ഐഎസ്ആർഒയിൽ എൻജിനീയറായി ജോലി ചെയ്തതിന്റെ അനുഭവബലത്തിൽ, ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് ‘ലെയ്ക്ക’ എന്ന നോവലും ‘ വോയേജർ’ എന്ന കഥയും ഞാനെഴുതിയിരുന്നു. ഭൂമിയെ ചുറ്റുന്ന ബഹിരാകാശ പേടകത്തിലെ ആറു യാത്രികരുടെ ഏകാന്തത നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് നോവൽ വികസിക്കുന്നത്. അമേരിക്ക, റഷ്യ, ജപ്പാൻ, ബ്രിട്ടൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്ന് മൂന്നു വ്യത്യസ്ത മിഷനുകളിലായി എത്തിയ ആ സഞ്ചാരികളുടെ ബഹിരാകാശ ജീവിതത്തിന്റെ 434–ാം ദിവസമാണ് അന്ന്. ഇതിനകം 108 മില്യൺ മൈലുകൾ അവർ സഞ്ചരിച്ചു കഴിഞ്ഞു. നോവലിലെ കഥാകാലം കേവലം 24 മണിക്കൂർ മാത്രം. ദിവസം 16 തവണ ഭൂമിയെ ചുറ്റുന്നതിനാൽ 16 ഉദയാസ്തമയങ്ങൾക്ക് അവർ പ്രതിദിനം സാക്ഷികളാകുന്നു. അതിനാൽ, 16 ഓർബിറ്റുകളായാണ് നോവലിലെ അധ്യായങ്ങൾ സമാന്ത തിരിച്ചിരിക്കുന്നതും അസാമാന്യ ക്രാഫ്റ്റോടെ കഥ പറയുന്നതും. ഒരേ ദിവസം 16 ഉദയാസ്തമയങ്ങൾ കാണേണ്ടിവരുന്നതിനാൽ