മുപ്പതാം വയസ്സിൽ മസ്കിന്റെ ‘എതിരാളി’ കമ്പനിയുടെ സിഇഒ; ‘നീലാകാശ’ത്തിന്റെ പേരുള്ള മകൾ; ട്വിറ്ററിന്റെ ‘ചോര’ വളരുന്നു 300 ശതമാനവും കടന്ന്
Mail This Article
ട്വിറ്ററിന്റെ (ഇപ്പോൾ എക്സ്) ലോഗോയിലുണ്ടായിരുന്ന നീലക്കിളിയെ ഓർമയില്ലേ? ആ നീലക്കിളിക്ക് പാറിനടക്കാനൊരു നീലാകാശം കൂടിയുണ്ടായിരുന്നു–‘ബ്ലൂസ്കൈ’! ട്വിറ്റർ ആത്യന്തികമായി എന്തായി മാറുമെന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ‘ബ്ലൂസ്കൈ’. സോഷ്യൽ മീഡിയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കെൽപ്പുണ്ടായിരുന്ന കണ്ടുപിടിത്തം. പക്ഷേ, 2022ൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ നീലക്കിളിയുടെയും നീലാകാശത്തിന്റെ ജാതകം അപ്പാടെ മാറിമറിഞ്ഞു. ഒറ്റവാചകത്തിൽ പറഞ്ഞാൽ, കിളിയും ആകാശവും വേർപെട്ടു. അടുത്തഘട്ടത്തിൽ കിളി തന്നെ ഇല്ലാതായി, പകരം X (എക്സ്) വന്നു. ട്വിറ്ററിന്റെ ചരിത്രം ഒരു ഖണ്ഡികയിൽ ഇതാണ്. ട്വിറ്ററിന്റെ പരീക്ഷണലാബിലാണ് ബ്ലൂസ്കൈ (bsky.app) എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ജനനം. രണ്ടിന്റെയും ശരീരത്തിലോടിയത് ഒരേ ‘നീലച്ചോര’! ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് ആയതോടെ, എക്സ് വിട്ട് ലക്ഷങ്ങളാണ് ബ്ലൂസ്കൈ എന്ന മൈക്രോബ്ലോഗിങ് സൈറ്റിലേക്ക് ചേക്കേറുന്നത്. യഥാർഥത്തിൽ, ട്വിറ്ററിനു ബദലായോ എതിരാളിയായോ മാറേണ്ടയിരുന്ന ഒരു പ്ലാറ്റ്ഫോമല്ല ബ്ലൂസ്കൈ. ട്വിറ്റർ തന്നെ വെള്ളവും വളവും നൽകി വളർത്തിക്കൊണ്ടുവന്ന പ്രസ്ഥാനം. ട്വിറ്ററിനുണ്ടായിരുന്ന കേന്ദ്രീകൃത സ്വഭാവം മാറ്റി വികേന്ദ്രീകൃത പ്ലാറ്റ്ഫോം ആക്കുന്നതിനുള്ള ചുവടുവയ്പ്പായിരുന്ന അത്. എന്നാലിന്ന് അതേ ട്വിറ്ററിന് (എക്സ്) വെല്ലുവിളിയുയർത്താൻ പാകത്തിൽ ‘ബ്ലൂസ്കൈ’യുടെ ആകാശം വളർന്നു.