പഠനത്തിനൊപ്പം പണം, 80 മണിക്കൂർ ജോലി; എങ്ങനെ നേടിയെടുക്കാം? സാധാരണക്കാർക്കും ജർമനിയിലെത്താം; മോദിയും കൈകൊടുത്തു
Mail This Article
‘‘ഈ ലിഫ്റ്റിൽ കുടുങ്ങുമോ?’’ ‘‘ഇല്ല! കുടുങ്ങില്ല. ഈ ലിഫ്റ്റ് നിൽക്കില്ല, നിലയ്ക്കുകയുമില്ല. അതിനാൽ ലിഫ്റ്റിൽ കുടുങ്ങുമെന്ന പേടിയും വേണ്ട. ഇനി നിന്നു പോയാലും ഉള്ളിൽ കുടുങ്ങുമെന്ന് പേടിക്കണ്ട. കാരണം ലിഫ്റ്റിന് വാതിലും ഇല്ല. ലിഫ്റ്റ് നിന്നാൽ ഏതെങ്കിലും നിലയിൽ ഇറങ്ങാം.’’ ജർമൻ വിദേശ കാര്യ മന്ത്രാലയത്തിലെ ഈ അദ്ഭുത ലിഫ്റ്റ് ആദ്യം കാണുന്നവർ ഒന്നു സംശയിക്കും. ലിഫ്റ്റിൽ കയറണോ വേണ്ടയോ എന്ന് ആലോചിക്കും. സത്യത്തിൽ ഇതൊരു വെറും ലിഫ്റ്റ് അല്ല, ലിഫ്റ്റ് മുത്തച്ഛനാണ്. ജർമനിയിലെ ആദ്യ കാല ലിഫ്റ്റുകളിലൊന്ന്. വിദേശ മന്ത്രാലയത്തിൽ തന്നെ വാഴുന്നതിനും കാരണമുണ്ട്. അന്നു മുതൽ മുത്തച്ഛൻ ലിഫ്റ്റ് ഇപ്പോഴും ഓടുകയാണ് നിത്യഹരിത നായകനായി. ആദ്യം കാണുന്നവർക്ക് കുറച്ചു സമയം നോക്കി നിന്നാൽ മാത്രമേ ഇതൊരു ലിഫ്റ്റാണെന്നു തിരിച്ചറിയാൻ കഴിയൂ. സൂക്ഷിച്ചു നോക്കുമ്പോൾ ഇതു വെറുമൊരു ലിഫ്റ്റ് അല്ലെന്നും മനസ്സിലാകും. കാലങ്ങളായി ജർമൻ സാങ്കേതിക വിദ്യയുടെ സാക്ഷിയാണ് ഈ ലിഫ്റ്റ്. ശ്രദ്ധിച്ചു നോക്കിയാൽ അറിയാം. ഇത് ഒറ്റ ലിഫ്റ്റ് അല്ല. ‘ഡബിളാണ്’. രണ്ടു ലിഫ്റ്റുകൾ ചേർന്ന ജർമൻ ലിഫ്റ്റ് എൻജിനീയറിങ്. വിവിധ നിലകളെ ബന്ധിപ്പിച്ച് അടുത്തടുത്ത രണ്ടു ലിഫ്റ്റുകൾ സദാ സമയവും ഓടിക്കൊണ്ടിരിക്കുന്നു. ഇടത്തേ ലിഫ്റ്റ് താഴേക്ക് പോകുമ്പോൾ വലത്തേ ലിഫ്റ്റ് മുകളിലേക്കു പോകുന്നു. രണ്ടു ലിഫ്റ്റുകളെയും ബന്ധിപ്പിച്ച് പൊളിച്ചു നീക്കിയ ബർലിൻ മതിൽ പോലെ ഒരു ഭിത്തിയുണ്ട്.