193 രാജ്യങ്ങൾ; ചെലവായത് 4 കോടി; പ്രചോദനം ഇന്ത്യ തന്ന ‘കൾച്ചറൽ ഷോക്ക്’; ‘അന്ന് ചുടുചോര കുടിച്ചത് മറക്കില്ല’
Mail This Article
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽനിന്ന് അഞ്ചു ദിവസം കുതിരപ്പുറത്ത് സഞ്ചരിച്ചു മാത്രം എത്താവുന്ന തജിക്കിസ്ഥാൻ അതിർത്തിയിലെ വഖാൻ, രണ്ടു ദിവസം വഞ്ചിയിൽ സഞ്ചരിച്ചു മാത്രം എത്താവുന്ന ആമസോൺ വനാന്തരങ്ങളിലെ ആദിമനിവാസികളായ മാറ്റ്‌സെസുകാരുടെ ഗ്രാമം, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനി ബസാ രാജ്യത്തെ വനിതകൾ നിയന്ത്രിക്കുന്ന സമൂഹമായ ബിജെഗോസ്, ഇംഗ്ലണ്ടിനു സമീപം കടലിലെ പ്ലാറ്റ്ഫോമിൽ സ്ഥാപിതമായ കുഞ്ഞൻ രാജ്യം സീലാൻഡ്, പ്രവേശനത്തിന് ഏറെ ബുദ്ധിമുട്ടുള്ള ഉത്തരകൊറിയ, മൈനസ് 50 ഡിഗ്രി വരെ താപനില താഴുന്ന റഷ്യയിലെ സൈബീരിയ പ്രവിശ്യയിലെ യമാൽ. ലോകത്തെ മുഴുവൻ രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള അമേരിക്കൻ വനിത ജീന മൊറെല്ലോയുടെ യാത്രാനുഭവങ്ങളിലെ അപൂർവതയാലും വൈവിധ്യത്താലും ശ്രദ്ധേയമായ ചില സ്ഥലങ്ങളാണിവ. ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) അംഗങ്ങളായ ലോകത്തെ മുഴുവൻ രാജ്യങ്ങളും (193) അമേരിക്കയിൽ ജനിച്ചു പോർച്ചുഗലിൽ താമസിക്കുന്ന ജീന മൊറെല്ലോ സന്ദർശിച്ചിട്ടുണ്ട്. യാത്രകളിൽ 90 ശതമാനത്തിലേറെയും സോളോ ട്രിപ്പുകളാണ്. കോവിഡിനു മുൻപു വരെ തിരക്കേറിയ ഏവിയേഷൻ കൺസൽറ്റന്റ് ആയി പ്രവർത്തിക്കുകയായിരുന്ന ജീന ഇപ്പോൾ ഫ്രീലാൻസ് ആയാണ് ജോലി ചെയ്യുന്നത്