വരയും കുറിയുമിട്ടാൽ മുഖത്തെഴുത്താകില്ല; വേണം പുള്ളും ആനക്കാലും പുലിവാലും; തെയ്യക്കാലത്തെ തിരുമുഖത്തിന്റെ വരവഴക്കം
Mail This Article
കോലത്തുനാട്ടിലെയും തുളുനാട്ടിലെയും കളിയാട്ടക്കാവുകളിൽനിന്ന് ദേശവും കടലും കടന്ന് ഗൾഫ് നാടുകൾ വരെ തെയ്യമെത്തിയ കാലമാണിത്. വിശ്വാസവും അനുഷ്ഠാനങ്ങളും അതേപടി പാലിച്ചു നടത്തുന്ന കളിയാട്ടങ്ങളും ഉത്സവ ഘോഷയാത്രകളിലും രാഷ്ട്രീയ ജാഥകളിലും തെയ്യമെന്ന പേരിൽ കോലങ്ങളെ അണിയിച്ചൊരുക്കി ഇറക്കുന്നതും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ യഥേഷ്ടം കാണാം. അത്തച്ചമയത്തിലും തിരുവനന്തപുരത്തെ ഓണാഘോഷങ്ങളിലും തെയ്യം കലാസമിതികളുടെ ചുവടുകൾ വയ്ക്കുന്ന കോലങ്ങളെ കണ്ടിട്ടുണ്ട്. മുഖത്തു കിട്ടാവുന്ന ചായങ്ങളെല്ലാം വാരിപ്പൂശി തോന്നുംപടിയിറങ്ങുന്ന ഈ കോലങ്ങളെ തെയ്യങ്ങളുടെ കൂട്ടത്തിൽ ചേർക്കാൻ പോലും തോന്നാറില്ലെന്നതാണു സത്യം. ഒറ്റനോട്ടത്തിൽ മുഖത്തേക്കു നോക്കുമ്പോൾ തന്നെ അടുത്തറിയാവുന്ന തെയ്യങ്ങളിൽനിന്നു മാറ്റിനിര്‍ത്താൻ സാധിക്കുന്ന ഒരായിരം പിഴവുകൾ അവയിൽ കാണാം. തെയ്യമിറങ്ങാന്‍ നേരത്ത് മുഖത്ത് നിറങ്ങളുപയോഗിച്ച് വരച്ചിടുന്ന വെറും ചിത്രങ്ങളല്ല സത്യത്തിൽ മുഖത്തെഴുത്തുകൾ. ചായില്യവും മനയോലയും മഞ്ഞളും ചേർന്ന മായിക പ്രപഞ്ചം തന്നെ തീർക്കാൻ ശേഷിയുള്ള കരുത്തുണ്ട് അവയ്ക്ക്. മണിക്കൂറുകളോളം എടുത്ത് എഴുതിത്തീർക്കേണ്ടത്രയും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതാണ് തെയ്യങ്ങളുടെ മുഖത്തെഴുത്തുകൾ. വടക്കേ മലബാറിലെ കാവുകളിൽ തെയ്യങ്ങൾ ഉറഞ്ഞാടുത്ത മാസങ്ങളാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. മുഖത്തെഴുത്തുകളെക്കുറിച്ചു പറയാൻ ഇതിലും മികച്ചൊരു സമയമില്ല. ചിരട്ടയിൽ ചാലിച്ച ചായങ്ങൾ പച്ച ഈർക്കിൽ ചീകിയെടുത്ത നേർത്ത മുനകളിൽ പകർന്ന് കോലധാരിയുടെ മുഖത്ത് എഴുതിത്തീർക്കാൻ അസാമാന്യമായ മികവു തന്നെ വേണം. തെയ്യക്കാവുകളിലൂടെ വർഷങ്ങളോളം കയറിയിറങ്ങിയാണ് കലാകാരൻമാർ അതു പഠിച്ചെടുക്കുന്നത്. സത്യത്തില്‍ തെയ്യം എന്നത് കോലധാരിയുടേതു മാത്രമല്ല, മുഖത്തെഴുത്തുകാരുടേയും അണിയലം നിർമാതാക്കളുടേയും വാദ്യക്കാരുടേയും കൂടിയാണ്. പൂർണമായും എണ്ണിത്തിട്ടപ്പെടുത്താൻ ഇന്നും കഴിയാത്തത്രയും തെയ്യക്കോലങ്ങളുണ്ട്. അവരുടെ മുഖത്ത് വിരിയുന്ന ചില പ്രധാന മുഖത്തെഴുത്തുകളെക്കുറിച്ച് അടുത്തറിയാം.