എ.ആർ. റഹ്മാന്റെ ഡിവോഴ്സിലെ ‘ഗ്രേ കണക്ഷൻ’; മലയാളികളിലും അത് സംഭവിക്കുന്നു; വിസ്മയ മാത്രമല്ല കാരണം
Mail This Article
‘വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ബന്ധം വേർപ്പെടുത്തിയ...’ തന്റേതല്ലാത്ത കാരണത്താൽ എന്നു തുടങ്ങുന്ന മാട്രിമോണിയൽ പുനർവിവാഹ പരസ്യങ്ങളിൽ ഇത്തരം വാചകങ്ങൾ പലപ്പോഴും കാണാറുണ്ട്. വിവാഹം കഴിച്ചാൽ എതാനും നാളുകൾക്കകം മാത്രമാണ് വേർപിരിയലുകളെന്ന് ഇതുകണ്ട് കരുതരുത്. നല്ലപ്രായത്തിൽ വിവാഹം കഴിച്ചവർ പോലും വയസ്സാംകാലത്ത് വിവാഹമോചനം (ഡിവോഴ്സ്) തേടി ഇറങ്ങുന്ന കാലമാണിത്. 29 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ പരസ്യമായി വേർപിരിയൽ പ്രഖ്യാപിച്ച സംഗീതജ്ഞൻ എ.ആർ. റഹ്മാൻ–സൈറാബാനുവിന്റെയും മാത്രം കാര്യമല്ലിത്. സെലിബ്രിറ്റി ദമ്പതികളുടെ വിവാഹമോചനം മാധ്യമങ്ങളിലൂടെ ചർച്ചയാവുമ്പോൾ എത്രയോ സാധാരണക്കാർ കുടുംബകോടതികളിൽ നിന്നിറങ്ങി രണ്ടുവഴിക്ക് മടങ്ങുന്നു. വിവാഹിതരായി ഇരുപതും മുപ്പതും വര്‍ഷം ഒന്നിച്ചു കഴിഞ്ഞ ശേഷം അൻപതും അറുപതും വയസ്സെത്തുമ്പോൾ എന്തിനാവും ആളുകൾ വേർപിരിയുന്നത്? നമ്മുടെ നാട്ടിൽ ഇപ്പോൾ തുടക്കമിട്ടിരിക്കുന്ന ഈ വേർപിരിയലുകൾ പാശ്ചാത്യനാടുകളിൽ പതിവായി മാറിയിട്ട് കാലമേറെയായി. ഇതേത്തുടർന്ന് ഒട്ടേറെ പഠനങ്ങളും അവിടെ നടന്നു. ജീവിതസായന്തനകാലത്തെ വേർപിരിയലിന് പാശ്ചാത്യർ ഒരു പേരിട്ടിട്ടുണ്ട്– ഗ്രേ ഡിവോഴ്സ്. തലമുടി നരയ്ക്കുന്ന കാലത്ത് തലയ്ക്കുള്ളിൽ തോന്നുന്ന ചിന്തയെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. നീണ്ട നാളത്തെ വൈവാഹിക ജീവിതത്തിന് ശേഷം കോടതി മുറികളിൽ സെലിബ്രിറ്റികൾ ‘ബൈ’ പറയുന്ന അതേസമയത്തു തന്നെയാണ് ഇന്ത്യയിലും ഗ്രേ ഡിവോഴ്സ് ചർച്ചയ്ക്കെടുക്കുന്നത്. എന്നാൽ സാധാരണക്കാരായ ആളുകളും ഇതുപോലെ ഡിവോഴ്സിനായി കോടതിയിൽ പോകുന്നുണ്ടോ? എന്താവും അതിനുള്ള പ്രധാന കാരണങ്ങൾ? കുടുംബ കോടതികളിൽ കേസുകള്‍ വാദിക്കുന്ന അഭിഭാഷകർ, ഫാമിലി കൗൺസിലർമാർ തുടങ്ങിയവർക്ക് ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത്?