സാമ്പത്തികഭദ്രത നഷ്ടപ്പെട്ട് കേരളം; ഇപ്പോൾ ചെയ്യേണ്ടത് ചെയ്താൽ കേന്ദ്രവിഹിതം കൂട്ടാം; 16–ാം ധനകാര്യകമ്മിഷനിൽ പ്രതീക്ഷ വയ്ക്കാമോ?
Mail This Article
ഡോ.അരവിന്ദ് പനഗരിയ അധ്യക്ഷനായുള്ള 16–ാം ധനകാര്യ കമ്മിഷൻ 2026 മുതൽ 2030 വരെയുള്ള അഞ്ചു വർഷക്കാലം കേന്ദ്രത്തിന്റെ നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും എങ്ങനെ വീതിച്ചെടുക്കണമെന്നും സംസ്ഥാനങ്ങൾക്കിടയിൽ എങ്ങനെ വീതിക്കണമെന്നും തീരുമാനിക്കാൻ പോകുകയാണ്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം ആസൂത്രണ കമ്മിഷൻ വഴിയും പൊതുമേഖലാ സംരംഭങ്ങളുടെ നിക്ഷേപം വഴിയും കുറെയൊക്കെ നികത്തുന്നതിനു മാർഗങ്ങളുണ്ടായിരുന്നു മുൻപ്.അതിനാൽ സാമ്പത്തിക പരിഷ്കരണത്തിനു മുൻപ് ധനകാര്യ കമ്മിഷന്റെ ശുപാർശകൾ അത്ര നിർണായകമായിരുന്നില്ല. എന്നാൽ, സാമ്പത്തിക പരിഷ്കരണത്തിനു ശേഷം ഇന്ത്യയിൽ പൊതുമേഖലാ നിക്ഷേപങ്ങൾ ശുഷ്കിക്കാൻ തുടങ്ങി. 2014ൽ ആസൂത്രണ കമ്മിഷൻ പിരിച്ചുവിട്ടതോടെ ആ സഹായവും നിലച്ചു. ഇതോടെ ഇന്ത്യയിലെ ധനപരമായ ഫെഡറലിസത്തിന്റെ ഏക ആശ്രയം ധനകാര്യകമ്മിഷൻ മാത്രമായി. അതുകൊണ്ടുതന്നെ അതിന്റെ ഉത്തരവാദിത്തവും സ്വാധീനവും വളരെ വർധിച്ചു. ഇന്ത്യൻ ഫെഡറലിസത്തിന്റെ ശക്തമായ പ്രതീകമായിട്ടു വേണം ധനകാര്യകമ്മിഷനെ കാണാൻ. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ശക്തമാകുമ്പോഴേ ഫെഡറൽ സംവിധാനം ശക്തമാകൂ. അതിനാൽ തികച്ചും നിഷ്പക്ഷനായ ഒരു അംപയറുടെ റോളാണ് ധനകാര്യകമ്മിഷന് ഇന്ത്യയിലുള്ളത്. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയില്ലെങ്കിലും ആരെയും നിരാശപ്പെടുത്താതിരിക്കാൻ ധനകാര്യകമ്മിഷനു കഴിയണം.