ഒന്നു കണ്ണുവച്ചാൽ എല്ലാം മനഃപാഠം; ‘ചിട്ടി റോബോയെ’ വെല്ലും ഈ കൊല്ലംകാരൻ; സമയവും കാലവും വരെ കൈപ്പിടിയിൽ!
Mail This Article
നാലോ അഞ്ചോ മീറ്റർ അകലത്തിൽ വച്ചിരിക്കുന്ന പത്രത്താളിലെ മുഴുവൻ വാർത്തയും കണ്ണടയുടെ പോലും സഹായമില്ലാതെ വായിച്ചെടുക്കാൻ നിങ്ങൾക്ക് സാധിക്കുമോ? 10 മീറ്ററിന് അപ്പുറമുള്ള ചുവരിൽ തൂക്കിയിരിക്കുന്ന കലണ്ടറിലെ നാളും മലയാളം തീയതിയും നിങ്ങൾക്ക് നിഴൽ പോലെ എങ്കിലും കാണാൻ സാധിക്കുമോ? ഇല്ല അല്ലേ? എന്നാൽ കുണ്ടറ സ്വദേശി ആർ. അജിക്ക് ഇതെല്ലാം സാധ്യമാണ്. കലണ്ടറിലെ നാളും തീയതിയും വായിക്കുകമാത്രമല്ല, ആയിരക്കണക്കിന് വർഷങ്ങൾക്ക് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ വരെയുള്ള ഏത് വർഷത്തെയും കലണ്ടറുകൾ മനസ്സിൽ കാണാനും തീയതിയും ദിവസങ്ങളും ഞൊടിയിടയിൽ ഓർത്ത് പറയാനും അജിക്ക് നിഷ്പ്രയാസം സാധിക്കും. അതും ഗൂഗിളിനെപ്പോലും വെല്ലുന്ന വേഗത്തിൽ. കലണ്ടറിൽ മാത്രം ഒതുങ്ങില്ല അജിയുടെ മായാജാലം. ക്രമം തെറ്റിച്ച് എഴുതുന്ന അക്ഷരങ്ങളും അക്കങ്ങളും ഞൊടിയിടയിൽ മനസ്സിൽ പതിപ്പിച്ച് ഏത് ക്രമത്തിൽ പറയാനും അജിക്ക് കഴിയും. അത് അജിയുടെ ഇഷ്ടത്തിനല്ല, ചോദ്യകർത്താവിന്റെ ഇഷ്ടത്തെയും നിബന്ധനകളെയും അടിസ്ഥാനമാക്കി. 16 അക്ക സംഖ്യകൾപോലും നിമിഷ നേരംകൊണ്ട് ഗുണിക്കാനും ഹരിക്കാനും കൂട്ടാനും കുറയ്ക്കാനും അജിക്ക് കാൽക്കുലേറ്ററിന്റെയോ കംപ്യൂട്ടറിന്റെയോ ആവശ്യമില്ല. കണ്ണടച്ചുതുറക്കും മുൻപ് ഉത്തരം റെഡിയാണ്. അതും നേരേ വേണമെങ്കിൽ അങ്ങനെ തലതിരിഞ്ഞു വേണമെങ്കിൽ അങ്ങനെ. അജിയെപ്പറ്റിയും അജിയുടെ കഴിവുകളെപ്പറ്റിയും കൂടുതൽ വിവരങ്ങൾ കണ്ടറിയാം, വിഡിയോയിലൂടെ...