കോവില്ലൂരും കൊടൈക്കനാലും കാട്ടുന്ന ഡോൾഫിൻ പോയിന്റ്; ഇവിടെ മാത്രം വിരിയുന്ന ‘ചുവന്ന’ പൂവ്; കണ്ടിട്ടുണ്ടോ ഈ ‘പഴത്തോട്ടം’?
Mail This Article
ക്രീപ്പറും ടസ്സോക്ക് പുല്ലുകളും തിങ്ങിനിറഞ്ഞ പതുപതുത്ത പുൽമേട്ടിലെ രസികൻ തണുപ്പ്! അന്നത്തെ അപരാഹ്നത്തിലെ ട്രക്കിങ്ങും കഴിഞ്ഞ് ലോഗ് ഹൗസിലെ ബാൽക്കണിയിലെ ചാരുകസേരയിലിരുന്നു കട്ടൻകാപ്പിയും കുടിച്ച് മൂവന്തിനേരത്ത് പുൽനാമ്പുകളിൽ വീഴുന്ന അന്തിചുവപ്പും ആസ്വദിച്ച് കാലു നിവർത്തിയിരിക്കാം. ഇത്തരം പുൽമേടുകളിൽ മാത്രം കൂടുകൂട്ടുന്ന മലവരമ്പൻ പക്ഷികൾ ചേക്കേറാൻ പറക്കുന്നതു കാണാം. അവയുടെ കൂടു തേടിയലയാം. ചിത്രങ്ങൾ പകർത്താം. ഇഷ്ടമുള്ള ഗാനം മൂളാം. മലഞ്ചെരുവുകളിലെ നേർമയുള്ള ശുദ്ധമായ വായു ശ്വസിക്കാം. രാത്രിയിൽ, കെയർ ടെയ്ക്കർമാരായ ശരണും ഷെറിനും വിളമ്പുന്ന ചൂടുള്ള കോഴിക്കറിയും ചപ്പാത്തിയും കഴിച്ച്, ചൂട് കടുംകാപ്പിയും ആവോളം കുടിച്ച് അവർ പറയുന്ന കാനനകഥകൾ കേൾക്കാം. വൃത്തിയുള്ള വെള്ളവിരികൾക്ക് മീതേ ബ്ലാങ്കറ്റ് പുതച്ച് സ്വപ്നങ്ങൾ കാണാം. ഈ പുതുവർഷത്തിൽ ഈ അനുഭവത്തിനായി പഴത്തോട്ടത്ത് വനം വകുപ്പ് ഒരുക്കിയിട്ടുള്ള ‘പഴത്തോട്ടം ഇക്കോ സ്റ്റേയ്സി’ൽ പോയാലോ. മുന്നാറിൽ നിന്ന് മാട്ടുപ്പെട്ടി, ടോപ്സ്റ്റേഷൻ, വട്ടവട വഴി അൻപത് കിലോമീറ്റർ സഞ്ചരിച്ച് നമ്മുക്ക് ഇക്കോ സ്റ്റേയ്സിൽ എത്താം.