അതറിയാതെ അഖില ചോദിച്ചു, ‘നിങ്ങൾക്കെന്നെ കെട്ടിക്കൂടേ?’; ‘ഒഴിവാക്കിയതാണെന്ന് ആ രാത്രി കരുതി’; സൈനികനും ‘ആർമി ഗേളി’നും ഇനി ഒറ്റ സ്വപ്നം
Mail This Article
‘‘പ്രണയമേ നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ അതുമതീ ഉടൽ മൂടിയ മണ്ണിൽ നി- ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ’’ നിരാശയുടെ പടുകുഴിയിൽ വീഴുമ്പോഴും പ്രതീക്ഷയുടെ പുതുനാമ്പു മുളപൊട്ടാൻ ഒരിറ്റു പ്രണയം മതിയെന്ന കവിവചനം പോലെയാണ് അഖിലിന്റെ ജീവിതം. വിധി വീൽചെയറിലാക്കിയ ഈ സൈനികന്റെ പാദങ്ങൾക്ക് വീണ്ടും ചലിക്കാൻ അഖിലയുടെ തീക്ഷ്ണ പ്രണയം മതി. ഒരിക്കൽ പോലും കാണാതെയാണ് കൊല്ലം സ്വദേശി അഖില കോഴിക്കോട് സ്വദേശിയായ സൈനികൻ അഖിൽ എസ്. ശിവയെ ജീവനു തുല്യം സ്നേഹിച്ചത്. രാജ്യസേവനം മോഹിച്ച് സേനയിലെത്തി ഒരുവർഷം കഴിഞ്ഞപ്പോൾ അഖിലിനു മുൻപിൽ വിധി വില്ലനായി. പഞ്ചാബിലെ പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഖിലിന്റെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടു. ഒരുനേരം പോലും വീട്ടില്‍ അടങ്ങിയിരിക്കാതെ പ്രസരിപ്പോടെ കൂട്ടുകാർക്കൊപ്പം പാറിനടന്നിരുന്ന അഖിലിന്റെ ജീവിതം വീൽചെയറിലേക്ക് ഒതുങ്ങിയത് കുടുംബത്തിനു താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. തികച്ചും അവിചാരിതമായാണ് സമൂഹമാധ്യമത്തിലൂടെ അഖിൽ അഖിലയെ പരിചയപ്പെടുന്നത്. സംസാരത്തിനിടെ എപ്പോഴോ അഖിലയുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ അപ്പോഴും അഖിലിന്റെ ജീവിതയാഥാർഥ്യം എന്താണെന്ന് അഖിലയ്ക്ക് അറിയില്ലായിരുന്നു. വിധി വില്ലനായ തന്റെ ജീവിതത്തിൽ അഖിലയുടെ പ്രണയം നൽകുന്ന പ്രതീക്ഷയും സ്വപ്നങ്ങളും പങ്കുവയ്ക്കുകയാണ് അഖിൽ.