‘മൈക്ക് ശരിയാക്കിത്തരാൻ പോലും അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്നു’: കൺകോണുകളിലേക്ക് പകർന്ന ‘നാദാനന്ദം’; സാക്കിർ... ആ താളത്തിന് എങ്ങനെ മരിക്കാൻ കഴിയും?
Mail This Article
തബലയിൽ അല്ലാരാഖാ, മകൻ സാക്കിർ ഹുസൈൻ, സാരംഗിയിൽ ബിസ്മില്ലാ ഖാൻ, സന്തൂറിൽ ശിവ്കുമാർ ശർമ, സരോദിൽ അംജദ് അലി ഖാൻ, പുല്ലാങ്കുഴലിൽ ഹരിപ്രസാദ് ചൗരസ്യ, മൃദംഗത്തിൽ ഉമയാൾപുരം ശിവരാമൻ, ചെണ്ടയിൽ മട്ടന്നൂർ ശങ്കരൻകുട്ടി, ഘടത്തിൽ വിക്കു വിനായകറാം, ഡ്രംസിൽ ശിവമണി... ഇന്ത്യയെന്ന ഭൂപടത്തിനപ്പുറം നമ്മുടെ നാദലയങ്ങൾ ഉയർന്നുകേൾപിച്ച ഈ സംഘത്തിൽനിന്ന് പെട്ടെന്നൊരു രാത്രി സാക്കിർ ഭായ് ഇറങ്ങിപ്പോകുമ്പോൾ ഒരു താളവട്ടംതന്നെ നിശ്ചലമാകുന്നു. സാക്കിറിനെയും മറ്റൊരു മകൻ ഫസൽ ഖുറേഷിയെയും ഒപ്പമിരുത്തി അല്ലാരാഖാ തബലയെ കൂട്ടിയിണക്കുന്നതിന്റെ നാദഭംഗി അതുല്യമായിരുന്നു. പിതാവിൽനിന്നു പാരമ്പര്യതാളത്തിനപ്പുറത്തേക്കും സഹോദരനിൽനിന്ന് അതിന്റെ പിൻവഴിക്കപ്പുറത്തേക്കും സഞ്ചരിച്ച സാക്കിർ അതിവേഗം സ്വയം താളഗോപുരമായത് സംഗീതാസ്വാദകർ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ കണ്ടനുഭവിച്ച അതുല്യാനുഭവമാണ്. പഖാവജിനെ മുറിച്ചുവച്ചതുപോലുള്ള തബലയിൽ, ഇരുതലയുടെ സാധ്യതയോ പരിമിതിയോ ബാധിക്കാത്തവിധം സാക്കിർ സാധിച്ചെടുത്ത താളപ്പെരുക്കം കാതുകളിൽ മാത്രമല്ല കണ്ണുകളിലും നിലയ്ക്കാത്ത നാദാനന്ദമാണ്. കയ്യിൽ തെളിയുന്നത് ആ കണ്ണുകളിൽ നമുക്കു വായിക്കാമായിരുന്നു. തന്റെ വിരലറ്റത്തുനിന്ന് ആസ്വാദകർ ഓരോരുത്തരുടെയും കൺകോണുകളിലേക്കാണു സാക്കിർ വിരലോടിച്ചത്. തബലയിൽ മുറുകുന്നതൊക്കെയും, ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകംപോലെ അദ്ദേഹത്തിന്റെ മിഴികളിൽ വിസ്മയമായി നിറഞ്ഞിരുന്നു.