ഉലച്ചത് റസിയയുടെ മരണം; നടി ആഗ്രഹിച്ചിട്ടും ആ പ്രോഗ്രാം നടന്നില്ല; അങ്ങനെയൊരു സാക്കിറിനെ ഒരിക്കലും കണ്ടിട്ടുമില്ല...
Mail This Article
‘ഹൃദയം നുറുങ്ങുകയാണെനിക്ക്’ എൽ.സുബ്രഹ്മണ്യത്തിന്റെ വാക്കുകളാണ്. അരനൂറ്റാണ്ടോളം ഒപ്പം നടന്ന ഒരാൾ ഇതാ ശൂന്യത സൃഷ്ടിച്ചു മടങ്ങുന്നു. ഈ മാസം 22നു ചെന്നൈയിൽ എന്നോടൊപ്പം ലക്ഷ്മിനാരായണ സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്താമെന്നു സമ്മതിച്ചിരുന്നു, എന്റെ പ്രിയപ്പെട്ട സാക്കിർ ഹുസൈൻ. അദ്ദേഹത്തിനു ലക്ഷ്മിനാരായണ രാജ്യാന്തര സംഗീത പുരസ്കാരം സമർപ്പിക്കണമെന്നും ഞങ്ങൾ കരുതിയിരുന്നു. എത്രയോ വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ആ സമാഗമം കാത്തിരിക്കുകയായിരുന്നു ഞങ്ങളെല്ലാവരും. എന്നാൽ, നവംബറിൽ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനായെന്ന വാർത്തയെത്തി. അതോടെ ഡിസംബറിലെ വരവു നടക്കില്ലെന്നുറപ്പായി. ഇതാ ഇപ്പോൾ കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമെത്തുന്നു. സാക്കിർ ഹുസൈൻ വെറുമൊരു സംഗീതജ്ഞനായിരുന്നില്ല. ബഹുമുഖപ്രതിഭ, സ്നേഹസമ്പന്നൻ, ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരിക്കുമ്പോൾതന്നെ കർണാടക സംഗീതത്തെയും പാശ്ചാത്യ സംഗീതത്തെയുമെല്ലാം ഒരേപോലെ ആശ്ലേഷിച്ചയാൾ. തബലവാദകരിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം എന്നും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ആ ഹെയർ സ്റ്റൈലും അംഗവിക്ഷേപങ്ങളും തലയാട്ടലുമെല്ലാം അതേപടി അനുകരിക്കുന്ന നൂറുകണക്കിനു പേരുണ്ടു ലോകത്ത്. ഒരു കലാകാരന് അതിലും വലിയ എന്തു സ്വീകാര്യതയാണു ലഭിക്കേണ്ടത്?