‘എൽദോസ് വരുന്നതു ഞങ്ങൾ കണ്ടിരുന്നു'; കത്തുന്ന വിളക്കുകൾ ഊരിമാറ്റി ഉദ്യോഗസ്ഥർ; ഇതോടെ നഷ്ടമായി ആ വിശ്വാസവും!
Mail This Article
നാലോ അഞ്ചോ വാഴയും കുരുമുളക് ചെടി കയറ്റിയ 2 മാവും ഏതാനും കാപ്പി, കൊക്കോ ചെടികളുമാണ് ആ മുറ്റത്തും പറമ്പിലുമായി ഉണ്ടായിരുന്നത്. സിമന്റ് ഇഷ്ടിക കൊണ്ട് കെട്ടിയ തേയ്ക്കാത്ത രണ്ടു മുറി വീടിനുള്ളിൽ മുഴങ്ങുന്നത് നിലയ്ക്കാത്ത നിലവിളികളും പരിവേദനങ്ങളും. കോതമംഗലത്ത് വനാതിര്‍ത്തിയോട് ചേർന്നുള്ള ഉരുളന്‍തണ്ണിയിലെ വലിയ ക്ണാച്ചേരിയിലേക്കുള്ള റോഡ് പൂർണമായും വനത്തിലുള്ളിലൂടെയാണ്. അവിടെയുള്ള അറുപതോളം കുടുംബങ്ങളുടെ ആശ്രയം. ഉരുളൻതണ്ണി ക്യാംപിങ് ആന്‍ഡ് പട്രോളിങ് സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം പോലുമില്ല എൽദോസ് വർഗീസിന്റെ വീട്ടിലേക്ക്. അവിടം മുതൽ വീടുവരെ അങ്ങിങ്ങായി തങ്ങിനിൽക്കുന്ന നാട്ടുകാർക്ക് പറയാനുള്ളതും അതുതന്നെ. ഒരു വഴിവിളക്കുണ്ടായിരുന്നെങ്കിൽ, ആന കടക്കാത്ത വേലിയോ കിടങ്ങോ ഉണ്ടായിരുന്നെങ്കിൽ എൽദോസിന് പ്രായമായ അപ്പനേയും അമ്മയേയും തനിച്ചാക്കി പോകേണ്ടി വരില്ലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആനയുടെ ആക്രമണത്തിൽ എൽദോസ് മരണപ്പെട്ടത് നാട്ടുകാരെ ഉലച്ചുകളഞ്ഞു. അത് അവിശ്വസനീയമായി കടന്നുവന്ന ആ മരണത്തെ ഓർത്തു മാത്രമല്ല, തങ്ങൾ ജീവിക്കുന്ന ഇടം എത്രത്തോളം അപകടകരമാണ് എന്ന ഭീതി തിരിച്ചറിഞ്ഞതിനാലുമാണ്.