100 രൂപയ്ക്ക് ജിഎസ്ടി 35 രൂപ! 'അഞ്ചാമനെ' നിർമല തള്ളിയേക്കും; 'അവിടെ' എന്തുപറയും കേരളം?
Mail This Article
വരുമോ ജിഎസ്ടിയിൽ ഇനി 35 ശതമാനം സ്ലാബും? അഞ്ചാമതൊരു നികുതി സ്ലാബ് കൂടി വരുന്നത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമാകുമോ? ബിഹാർ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമിതി (Group of Ministers) 35 ശതമാനം സ്ലാബ് രൂപവത്കരിക്കാൻ ശുപാർശ ചെയ്തെന്നായിരുന്നു റിപ്പോർട്ടുകൾ. പുറമേ 140ലേറെ ഉൽപന്നങ്ങളുടെ/സേവനങ്ങളുടെ നികുതി മാറ്റവും ശുപാർശ ചെയ്തിട്ടുണ്ടത്രേ. കേൾക്കുന്നതെല്ലാം ഊഹാപോഹം മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. സ്ലാബ്, നികുതിമാറ്റം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗൺസിൽ ആണെന്നും ശുപാർശകൾ നൽകാൻ മാത്രം പരിധിയുള്ളതാണ് മന്ത്രിതല സമിതിയെന്നും നിർമല പറഞ്ഞിരുന്നു. ഡിസംബർ 21നാണ് അടുത്ത ജിഎസ്ടി കൗൺസിൽ ചേരുന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നികുതിവരുമാനം ഉയർത്താനുള്ള നിർദേശങ്ങളും ശുപാർശകളും നൽകുകയെന്ന നിർദേശമാണ് മന്ത്രിതല സമിതിക്കുള്ളത്. ഇതിനായി കാലങ്ങളായി ജിഎസ്ടിയിൽ സ്ലാബ് മാറ്റം, സ്ലാബ് രൂപവത്കരണം തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ മന്ത്രിതല സമിതി മുന്നോട്ടുവയ്ക്കുന്നമുണ്ട്.