സ്വന്തം പണത്തിന് ഭർത്താവിന് കണക്ക് നൽകുന്ന ഭാര്യ; എത്ര തല്ലിയാലും തിരികെ സ്നേഹം മാത്രം; ദുരിതം പുരുഷൻമാർക്കും!
Mail This Article
കല്യാണം കഴിഞ്ഞതേയുള്ളൂ. പുതുമോടി മാറുന്നതിനു മുൻപ്, ഇരുണ്ടു ചുവന്ന കൺപോളകളും കല്ലിച്ച മുഖവുമായി പരുക്കേറ്റ മകളെ കാണേണ്ടി വന്ന അച്ഛനും അമ്മയും പൊലീസിൽ പരാതി നൽകുന്നു. ‘അയ്യോ, ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെന്നേയുള്ളു. ഞങ്ങടെ മോൻ പാവമാണേ’ എന്ന പറച്ചിലുമായി ചെക്കന്റെ വീട്ടുകാർ കളം നിറയുന്നു. പിന്നെ വാർത്തകളായി, തലക്കെട്ടുകളായി, സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രളയമുണ്ടായി. ചെക്കന്റെ വീട്ടുകാർക്ക് പിന്തുണ നാലുപാടുനിന്നും വന്നു എന്നു പറയേണ്ടതില്ലല്ലോ. നവവധു ഒപ്പം കുളിക്കുന്നില്ല, ഭക്ഷണം കഴിക്കുമ്പോൾ ആദ്യ ഉരുള ഭർത്താവിന് നൽകുന്നില്ല, ഭർത്താവിന്റെ സ്നേഹത്തിനു വഴങ്ങുന്നില്ല തുടങ്ങിയ ‘മഹാ അപരാധങ്ങൾ’ പെൺകുട്ടി ചെയ്തതിനെത്തുടർന്നാണ് അഭ്യസ്തവിദ്യനും വിദേശജോലിക്കാരനുമായ ഭർത്താവ് വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചത്. സ്ത്രീധനം പോര എന്ന പരാതിയും യുവാവിന് ഉണ്ടായിരുന്നത്രേ. ഈ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ ട്വിസ്റ്റുണ്ടായി. പ്രശ്നങ്ങൾ അത്രയും സ്വന്തം വീട്ടുകാർ കെട്ടിച്ചമച്ചതാണെന്നും ഞാനും ചേട്ടനുമായി യാതൊരു പ്രശ്നവും ഇല്ലെന്നും മാധ്യമങ്ങൾക്കുമുന്നിൽ പെൺകുട്ടി പറയുന്നു. യുവാവും യുവതിയും ചേർന്ന് മൊഴികൊടുത്തതോടെ ഹൈക്കോടതി കേസ് റദ്ദാക്കി ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ വിട്ടു. ശേഷം ‘ആണുങ്ങളെല്ലാം പാവമാണ്. കണ്ടില്ലേ ഓരോ പാവം ചെറുക്കൻമാരെ കേസിൽ കുടുക്കുന്ന വിദ്യ’ എന്ന നിലയിൽ അഭിപ്രായരൂപീകരണം ഉണ്ടാകുന്നു. വിദേശത്ത് ഉന്നത ജോലിയിൽ ഇരിക്കുന്ന ചെറുക്കന് ഈ പെണ്ണിന്റെ സ്ത്രീധനപ്പണം വേണോ