മമ്മൂട്ടിയെ കഥാപാത്രമാക്കിയ തിരക്കഥ: എംടി അന്ന് നടത്തിയത് അപകടകരമായ സർഗവ്യാപാരം; ‘തെല്ലിട പിഴച്ചിരുന്നെങ്കിൽ...’
Mail This Article
മുതിർന്നവർക്ക് നിസ്സാരം എന്ന് തോന്നാവുന്ന അനുഭവങ്ങൾ ബാലമനസ്സിൽ എങ്ങനെ തീക്ഷ്ണ പ്രതികരണങ്ങൾ ഉളവാക്കുന്നു എന്ന് നമുക്ക് അനുഭവവേദ്യമാക്കി തന്ന കഥയാണ് ‘നിന്റെ ഓർമയ്ക്ക്’. ഒരു കാലഘട്ടത്തിൽ കേരളത്തിൽ നിറഞ്ഞു നിന്നിരുന്ന ഫ്യൂഡലിസ്റ്റ് പാരമ്പര്യം ഇരുളടഞ്ഞ നാലുകെട്ടുകളിൽ തകർന്നില്ലാതാവുന്നത് എംടിയേക്കാൾ മനോഹരമായി വിവരിച്ച എഴുത്തുകാരില്ല. നിലംപൊത്താറായ നാലുകെട്ടുകളും ഒഴിഞ്ഞ നെല്ലിൻപത്തായങ്ങളും എംടിയുടെ അനേകം കഥകളിൽ അലയടിക്കുന്നുണ്ട്. തകർത്തു പെയ്യുന്ന കർക്കിടക മാസത്തിൽ നനഞ്ഞു കുതിർന്നുവന്ന മകന് ചാക്കരി വാർത്ത വെള്ളം നൽകിയും വിരുന്നുകാരെ ചോറ് വിളമ്പിയും സൽക്കരിക്കുന്ന നിസ്സഹായയായ ഒരു അമ്മയുടെ ചിത്രം ‘കർക്കടകം’ എന്ന കഥയിൽ എംടി വരച്ചിടുന്നുണ്ട്. തനിക്ക് അവകാശപ്പെട്ടത് നിഷേധിക്കുമ്പോൾ ഒരു കുട്ടിയിലുളവാകുന്ന മാനസികവ്യഥയുടെ തീവ്രതയാണ് ‘ഒരു പിറന്നാളിന്റെ ഓർമ’ എന്ന കഥയുടെ ഇതിവൃത്തം. അമ്മാവനും മക്കളും വിഭവസമൃദ്ധമായി ഊണ് കഴിക്കുമ്പോൾ തങ്ങളുടെ കഞ്ഞിക്കുള്ള ഊഴവുംകാത്ത് മാവിൻ ചുവട്ടിൽ മാറിനിൽക്കുന്ന അനന്തരവന്മാരുടെ നിസ്സഹായാവസ്ഥ ഈ കഥയിൽകാണാം. അമ്മാവന്റെ മകന് പിറന്നാളിന് വിഭവസമൃദ്ധമായ സദ്യയും തന്റെ പിറന്നാളിന് അമ്മയ്ക്ക് തല്ലിന്റെ സദ്യയുമാണ്. അൻപതുകളിലെ കേരളീയാന്തരീക്ഷം ഇത്തരത്തിലുള്ള അനേകം പൊരുത്തക്കേടുകളുടെയും സംഘട്ടനങ്ങളുടെയും വേദികളായിരുന്നു.