പണമില്ലാതെ മുടങ്ങിയ പടം; മമ്മൂട്ടി എംടിയോട് ചോദിച്ചു, ‘നാളെ എനിക്ക് വർക്കുണ്ടാവ്വോ സർ?’ അന്ന് ആ നുണ പറഞ്ഞില്ലായിരുന്നെങ്കിലോ...!
Mail This Article
എംടിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു: ‘‘ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു... ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം’’. സത്യത്തില്‍, മമ്മൂട്ടിയെ എംടി കണ്ടെടുക്കുകയായിരുന്നോ, അതോ എംടിയിലേക്ക് മമ്മൂട്ടി എത്തിച്ചേരുകയായിരുന്നോ? അതെന്തായാലും, മലയാളത്തിന്റെ സാംസ്കാരികാകാശത്ത് ആ രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയത് മലയാളിയുടെ ഭാവുകത്വത്തെ അഴിച്ചുപണിതുവെന്നതു തീര്‍ച്ച. തനിക്കു ലഭിച്ച വലിയ ഭാഗ്യമെന്നു മമ്മൂട്ടിയും, തന്റെ സൗഭാഗ്യമെന്ന് എംടിയും പില്ക്കാലത്ത് വിശേഷിപ്പിച്ച ആ കണ്ടുമുട്ടലിനു വേദിയൊരുക്കിയതു ജനശക്തിയായിരുന്നു- കമ്യൂണിസ്റ്റ് ആശയപ്രചാരണത്തിനു വേണ്ടി പിറവിയെടുത്ത് അകാലചരമം പ്രാപിച്ച ജനശക്തി ഫിലിംസ്. എംടിയും മമ്മൂട്ടിയും തമ്മിലുണ്ടായ ഉജ്വലസൗഹൃദത്തെ പില്ക്കാലം വാഴ്ത്തിയവരൊന്നും ജനശക്തിയെ ഓര്‍ത്തില്ല- കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരുകളുടെ ബലിയാടായി ഒടുങ്ങേണ്ടി വന്ന ജനശക്തിയെ. ഓര്‍ത്തെടുക്കുമ്പോള്‍, ആ ഓർമകളുടെ അറ്റത്ത്, മറവിയുടെ മാറാലക്കുരുക്കില്‍ ജനശക്തി മാത്രമല്ല, ചാത്തുണ്ണി മാസ്റ്ററുമുണ്ടാവും. മലയാള സിനിമയില്‍ സോഷ്യലിസ്റ്റ് ഭാവുകത്വം പുലരുന്നതു സ്വപ്നം കണ്ട മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് നേതാവ് കെ.ചാത്തുണ്ണി മാസ്റ്റര്‍.