‘ആ പുസ്തകം ഞാന്‍ കണ്ടു, എംടിയുടെ മേശപ്പുറത്ത്’; അദ്ദേഹമായിരുന്നു നമ്മുടെ വികാരപ്രപഞ്ചം, നമ്മുടെ ആത്മവിശ്വാസം
Mail This Article
എഴുത്തുകാരനെന്ന നിലയില്‍ എംടി സ്വന്തം ജീവിതകാലത്തു നേടിയ മഹാവിജയമാണു ചെറുപ്പത്തില്‍ എന്നെയും മിക്കവാറും എന്റെ തലമുറയിലുള്ളവരെയും മാന്ത്രികച്ഛായയില്‍ നിര്‍ത്തിയത്. അസൂയയും ആദരവും ഇടകലര്‍ന്ന വികാരമായി ഞങ്ങൾ എംടിയെ പിന്തുടര്‍ന്നു. അങ്ങനെ നോക്കുമ്പോള്‍ അക്കാലത്ത് എന്നെപ്പോലെ ഒരു കൂട്ടം പേരെ എഴുത്തിലും വായനയിലും പിടിച്ചുനിര്‍ത്തിയത് ആ മനുഷ്യനുണ്ടാക്കിയ സാഹിത്യപ്രഭയായിരുന്നു. സാഹിത്യം സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഒരു പ്ലാറ്റ്‌ഫോം ഇല്ലാതിരുന്ന ഒരു കാലത്ത് എഴുത്തും വായനയുമാണു മൂലധനം എന്നു വിചാരിച്ച് ഉറങ്ങാന്‍ പോകുകയും ഓരോ പുലരിയിലും ഉണരുമ്പോള്‍ ലോകത്തിന്റെ നിസ്സംഗത ഒട്ടും മാറിയിട്ടില്ലെന്നു കാണുകയും ചെയ്തിരുന്നു. എംടിയുടെ ജീവിതം ഒരു വലിയ പ്രചോദനം ആയതിനാൽ, സാഹിത്യംകൊണ്ട് എന്തു പ്രയോജനം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അസംബന്ധങ്ങൾ നിറഞ്ഞ ആ സ്വപ്‌നത്തില്‍നിന്നു പുറത്തുവരാതെ ഏകാന്തതയില്‍ തലയുയര്‍ത്തി നോക്കിയത് എംടിയുടെ പ്രതിട്ഛായയെയായിരുന്നു. അതു പകര്‍ന്ന മാന്ത്രികതയില്‍നിന്നാണു ഞാന്‍ എന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കണ്ടുപിടിച്ചത്. എന്തായിരുന്നു ആ പുസ്തകങ്ങളില്‍ കണ്ടത്.. ?