ഒറ്റപ്പെട്ടവരുടെ ജീവിതത്തിലേക്ക് വെളിച്ചത്തിന്റെ ഒറ്റവിളക്ക് പ്രകാശിപ്പിച്ച ഏകാകി; മൗനവും മരണവും ഒളിച്ചിരുന്ന രചനകൾ; എംടി, ഡിസംബറിന്റെ നഷ്ടം
Mail This Article
വായനക്കാരുടെ ഹരമായി ‘ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ’ കത്തി നിൽക്കുന്ന കാലം. 1888ൽ തുടക്കമിട്ട വാരികയുടെ അന്നത്തെ എഡിറ്റർ ഖുശ്‌വന്ത് സിങ് ആകാനാണു സാധ്യത. കേരളത്തിലെ നായർ സമുദായത്തെപ്പറ്റിയാണ് 1970 ഡിസംബർ 20ന് പുറത്തിറങ്ങിയ വീക്ക്‌ലിയിലെ മുഖ്യ കവർ ഫീച്ചർ. എഴുത്തുകാരെയും കലാകാരന്മാരെയും മികച്ച ഭരണകർത്താക്കളെയും നയതന്ത്രജ്ഞരെയും എല്ലാം സമൂഹത്തിന് പ്രദാനം ചെയ്ത സമുദായത്തെപ്പറ്റി പറഞ്ഞു വരുന്ന താളുകളിൽ സുമുഖനായ ഒരു യുവാവിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അന്ന് 36 വയസ്സുള്ള എം.ടി വാസുദേവൻ നായരെപ്പറ്റി ലേഖനത്തിൽ എടുത്തു പറയുന്നു. പി. സി കുട്ടികൃഷ്ണൻ എന്ന ഉറൂബ്, വെട്ടൂർ രാമൻ നായർ, സി. രാധാകൃഷ്ണൻ എന്നിവർക്ക് ഒപ്പമാണ് എം.ടി. വാസുദേവൻ നായരെ വീക്ക്‌ലിയിലെ അതിദീർഘ ലേഖനത്തിൽ അടയാളപ്പെടുത്തിരിക്കുന്നത്. തുമ്പമണ്ണിലെ സുരേഷ് കോശിയുടെ മാസികാ ശേഖരത്തിലാണ് വീക്ക്‌ലിയുടെ അപൂർവ ലക്കങ്ങൾ കാണാൻ ഇടയായത്. വീക്ക്‌ലിയിൽ ഈ ഫീച്ചർ പ്രസിദ്ധീകരിക്കുമ്പോൾ എംടിയുടെ ‘നാലുകെട്ട്’ പുറത്തുവന്നിട്ട് 14 വർഷം. അസുരവിത്ത് പുറത്തു വന്നിട്ട് 8 വർഷം. തിരഞ്ഞെടുത്ത കഥകൾ പുറത്തിറങ്ങിയിട്ട് രണ്ടു വർഷം. പ്രതീക്ഷകൾ നിറഞ്ഞതും എന്നാൽ ആശങ്കകൾ നിഴൽപ്പരത്തുന്നതുമായ അൻപതുകളും അറുപതുകളുമാണ് എം.ടിയുടെ ആദ്യ കൃതികൾക്ക് വിളനിലം ഒരുക്കുന്നത്. മരുമക്കത്തായവും ജന്മിത്വ വ്യവസ്ഥിതികളും പിന്മാറാൻ മടിച്ച് നിൽക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രതീക്ഷയർപ്പിച്ച് എഴുത്ത് ആരംഭിച്ച തലമുറയുടെ കരുത്ത് അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു. ഇരുട്ടും വിഹ്വലതകളും ദുഃഖവും അതിൽ ഇഴചേർന്നത് സ്വാഭാവികം.