‘എംടി അത് പറഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വന്നു’; കാലത്തെ മറികടന്ന ‘സ്ത്രീകൾ’; ആ കഥകളിൽ നിന്ന് ഒളിച്ചോടാൻ ആർക്കു കഴിയും!
Mail This Article
എംടിയുടെ നാടായ പാലക്കാട്ട് 1994 ജനുവരിയിൽ നടന്ന ദേശീയ സ്കൗട്സ് ആൻഡ് ഗൈഡ്സ് ജംബൂരി ആയിരുന്നു എന്റെ പത്രപ്രവർത്തന ജീവിതത്തിലെ ആദ്യത്തെ ഔട്ട് സ്റ്റേഷൻ റിപ്പോർട്ടിങ്. പന്തലുകൾക്കു കാൽനാട്ടാൻ കുഴിച്ച കുഴിയിലെ മണ്ണിൽ എന്റെ കാൽ പുതഞ്ഞു. വലിച്ചെടുത്തപ്പോൾ കൂടുതൽ മണ്ണ് ഇടിഞ്ഞുവീണ് കാൽ പ്ലാസ്റ്ററിലായി. ആറാഴ്ചത്തെ വിശ്രമം പ്രയോജനപ്രദമാക്കാൻ അന്നത്തെ അസോഷ്യേറ്റ് എഡിറ്റർ തോമസ് ജേക്കബ് സാർ ഒരു ജോലി ഏൽപിച്ചു- എം.ടി.വാസുദേവൻനായരുടെ സ്ത്രീ കഥാപാത്രങ്ങൾ. ഒരു പ്രത്യേക ഫീച്ചർ. ഞാൻ ആവേശഭരിതയായി. എംടിയുടെ രചനകൾ മനഃപാഠമായിരുന്നു. പക്ഷേ, സിനിമകൾ മുഴുവൻ കണ്ടിരുന്നില്ല. വിസിആറും കസറ്റുകളും വാടകയ്ക്കെടുത്ത്, ആ സിനിമകൾ ആവർത്തിച്ചുകണ്ടു. അന്നു ഡിഗ്രി വിദ്യാർഥിനിയായിരുന്ന അനിയത്തിയോടൊപ്പം സിനിമാ ഡയലോഗുകളും നോവൽ ഖണ്ഡികകളും ചർച്ച ചെയ്തു. രണ്ടു പത്രം മുഴുവൻ അച്ചടിക്കാനുള്ളത്ര എഴുതിക്കൂട്ടി. പക്ഷേ, തൃപ്തി വന്നില്ല. ഞാനതിനുമേൽ അടയിരുന്നു. തോമസ് സാർ മറന്നു പോയതാണോ എന്നെ പരീക്ഷിച്ചതാണോ എന്നറിയില്ല, അത് ആവശ്യപ്പെട്ടില്ല. ഞാൻ ഓർമിപ്പിച്ചതുമില്ല.