മുറിവുകൾ ഉണക്കുന്ന കാടുകൾ; ജീവനെ ശ്വസിപ്പിക്കാനും പ്രകാശിപ്പിക്കാനും കഴിയുന്ന കലകൾ; എല്ലാം സംഗമിക്കും ഈ ഒറ്റമുറി വീട്ടിൽ!
Mail This Article
എട്ട് ഉറുപ്പികയ്ക്കാണ് കൈപ്പാടൻ എന്ന അടിമയെ അമ്പുനായർ എന്ന ഉടമ സുബ്ബരായ പട്ടർക്കു പണയം വച്ചത് എന്നു തുടങ്ങുന്ന കെ.ജെ.ബേബിയുടെ ‘മാവേലിമൻറം’ എന്ന നോവലിൽ പരിഷ്കൃത മനുഷ്യരെ ലജ്ജിപ്പിക്കുന്ന മനുഷ്യകച്ചവടത്തിന്റെ കഥയുണ്ട്. ‘തമ്പുരാക്കന്മാർക്കു കാലികളെ പോലെ വിൽക്കുകയും വാങ്ങുകയും പണയം വയ്ക്കുകയും ചെയ്യാൻപറ്റുന്ന അടിമകളായിരുന്നു അക്കാലത്തെ ആദിവാസികൾ. ഏകദേശം 60 വർഷം മുൻപ് വയനാട് മാനന്തവാടിയിലെ വള്ളിയൂർകാവ് പരിസരത്തായിരുന്നു ഈ അടിമക്കച്ചവടം നടന്നിരുന്നത്. പഴയകാലത്തിന്റെ നൊമ്പര സ്മരണകൾ അയവിറക്കുന്ന അതേ സ്ഥലത്ത് ഇപ്പോൾ എല്ലാ വർഷവും ആദിവാസികളുടെ ദിവസങ്ങൾ നീളുന്ന ഉത്സവം നടക്കാറുണ്ട്. മാർച്ചിലാകും ഇത്തവണത്തെ ഉത്സവം. അതിനു മുൻപു ജനുവരി 22 മുതൽ 27 വരെ വള്ളിയൂർക്കാവ് മൈതാനിയിൽ ഒറ്റമുറിവീട് എന്നപേരിൽ ഒരു കലാപ്രദർശനം ഒരുങ്ങുകയാണ്. അടിമ ജീവിതത്തിന്റെ ചാട്ടവാറുകളിൽ നിന്നും അധികാരത്തിന്റെ നുകങ്ങളിൽ നിന്നും രക്ഷനേടി പ്രതീക്ഷ നിറഞ്ഞ മാറ്റങ്ങളിലെത്തിയവരുടെ കഥയും കാര്യവും പറയുന്ന കലാരൂപങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഫെയർ ട്രേഡ് അലൈൻസ് കേരളയുടെ (എഫ്ടിഎകെ) വിത്തുത്സവം 2025ന്റെ ഭാഗമായി ഇന്ത്യ ഫൗണ്ടേഷൻ ഫോർ ദി ആർട്സിന്റെ ഒരു പദ്ധതി കൂടിയാണിത്.