എംടി ആദ്യം മടിച്ചു, ‘അത് ശരിയാകുമോ?’ പിന്നാലെ സാഹിത്യത്തിലെ ത്രിമൂര്‍ത്തികള്‍ ഒന്നിച്ചു, പിറന്നത് മഹത്തായ കൃതി
Mail This Article
‘രണ്ടാമൂഴം’ എന്ന സാഹിത്യസൃഷ്ടിയെ ഇന്ന് കാണുന്ന തരത്തില്‍ ഔന്നത്യങ്ങളിലെത്തിച്ച രാജശില്‍പ്പികളാണ് പിന്നിട്ട മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ വിടവാങ്ങിയത്. നോവല്‍ രചിച്ച എംടിക്ക് പിന്നാലെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച എസ്. ജയചന്ദ്രന്‍നായരും പിന്‍വാങ്ങി. എംടിയുടെ മരണത്തിന് തൊട്ടുമുന്‍പുളള വര്‍ഷത്തിലായിരുന്നു അനശ്വര ചിത്രങ്ങളിലൂടെ നോവലിന് ദൃശ്യാത്മകസൗന്ദര്യം പകര്‍ന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി യാത്രാമൊഴി ചൊല്ലിയത്. എംടിയുടെ നോവലുകളില്‍ ഏറ്റവും മികച്ചതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നതും അതിലുപരി മലയാള സാഹിത്യം കണ്ട എക്കാലത്തെയും മികച്ച കൃതികളിലൊന്നായ രണ്ടാമൂഴം സര്‍വകാല പ്രസക്തിയുളള നോവലാണ്. 1984ല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ നോവല്‍ 40 വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നാല്‍ മഹാഭാരതത്തെ അധികരിച്ച് എംടി ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി എന്നറിഞ്ഞപ്പോള്‍ അത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ താൽപര്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചത് പത്രാധിപര്‍ എസ്.ജയചന്ദ്രന്‍ നായരായിരുന്നു (എസ്ജിഎൻ). ലിറ്റററി ജേണലിസത്തില്‍ എന്‍.വി.കൃഷ്ണവാര്യര്‍ക്കും എംടിക്കും കെ.ബാലകൃഷ്ണനുമൊക്കെ സമശീര്‍ഷനായ വ്യക്തിയാണ് ജയചന്ദ്രന്‍ നായര്‍. അന്ന് കലാകൗമുദി വാരിക കത്തിനില്‍ക്കുന്ന സമയം. ആ സന്ദര്‍ഭത്തില്‍ അതില്‍ ഒരു നോവല്‍ വരുന്നത് വലിയ കാര്യം തന്നെയാണ്. എന്നിട്ടും ആദ്യം എംടിക്ക് ചെറിയ വിമുഖതയുണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല